നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Sunday, 5 August 2012

തന്ത്രശാസ്ത്രം


സാധന, മന്ത്രോപാസന തുടങ്ങിയ ആചരണങ്ങള്‍ അലൗകിക ശക്തിയും ആത്മസാക്ഷാത്കാരവും നേടുന്നതിനുതകുമെന്നു കരുതിപ്പോരുന്ന ശാസ്ത്രശാഖ. വൈദികാനുഷ്ഠാനങ്ങളുടെ വിശദീകരണഗ്രന്ഥങ്ങളായ ബ്രാഹ്മണങ്ങളാണ് ഈ ശാസ്ത്രശാഖയുടെ ആധാരം. വൈദികമായ യജ്ഞാനുഷ്ഠാനങ്ങളില്‍ നിന്നു വ്യത്യസ്തമായി വിഷ്ണു, ശിവന്‍, ശക്തി, ഗണപതി, സൂര്യദേവന്‍ തുടങ്ങിയ ദേവന്മാരെ പൂജിച്ച് സാധനയുടെ സമഷ്ടിയിലെത്തുന്നതിനുള്ള അനുഷ്ഠാനങ്ങളും തന്ത്രഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ആഗമം, സംഹിത, തന്ത്രം എന്നീ പേരുകളിലറിയപ്പെടുന്ന ഈ ശാസ്ത്രശാഖ ഭാരതത്തില്‍ സാമൂഹിക ക്രമത്തിന്റെ അന്തര്‍ധാരയായി വളര്‍ച്ച നേടി.
ഗ്രീസ്, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്ത്രശാസ് ത്രത്തിനു സമാനമായ ശാസ്ത്രങ്ങള്‍ നിലനിന്നിരുന്നതായി കാണാം. സാധനയിലൂടെ കൈവരിക്കാവുന്ന സാമാന്യാതീത ശക്തി യെക്കുറിച്ച് പ്രാചീന ഗ്രീസിലെ ചിന്തകരായ ഹെരാക്ളിയസ്, ഡെ മോക്രിറ്റസ്, പ്ളേറ്റോ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാരതീയമായ സാംഖ്യശാസ്ത്രത്തിലെ പ്രകൃതി പുരുഷ തത്ത്വത്തിനു സമാനമായയിന്‍, യാങ് തത്ത്വങ്ങള്‍ പ്രാചീന ചൈനീസ് വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു. പൂര്‍ണമായി വൈദികങ്ങളെന്നു കരുതപ്പെട്ടിട്ടില്ലാത്ത സാംഖ്യ വൈശേഷിക ദര്‍ശനങ്ങളും തന്ത്രശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയുക്തങ്ങളായിട്ടുണ്ട്. ബുദ്ധമതാനുയായികളും തന്ത്രാചാരം സ്വീകരിച്ചിരുന്നു. വൈദിക കാലത്തിനുശേഷം സവര്‍ണ അവര്‍ണ ഭേദചിന്ത ഭാരതീയ സമൂഹത്തില്‍ സ്വാധീനമുള്ള ശക്തിയായി മാറിയപ്പോഴും തന്ത്രാചാരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും സ്വന്തമെന്ന രീതിയില്‍ അനുഷ്ഠിച്ചുവന്നു. സ്ത്രീകളും തന്ത്രാചാരങ്ങള്‍ സ്വീകരിച്ചിരുന്നു.

തന്ത്രം എന്ന വാക്കിന് പല ഘടകങ്ങള്‍ ചേര്‍ന്നുള്ള സംരംഭം എന്ന വാച്യാര്‍ഥമായിരുന്നു ആദ്യമുണ്ടായിരുന്നത്. വേദത്തിലാ കട്ടെ, തുണിനെയ്യുന്ന പ്രക്രിയയെ വ്യവഹരിക്കാന്‍ തന്ത്രം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. മഹാഭാഷ്യത്തില്‍ ഒരു പ്രത്യേക വിജ്ഞാനശാഖ എന്ന അര്‍ഥത്തിലാണ് തന്ത്രം എന്ന പദം പ്രയോഗിച്ചുകാണുന്നത്. ശങ്കരാചാര്യര്‍, സാംഖ്യദര്‍ശനത്തെ കപിലന്റെ തന്ത്രം എന്നു വിളിച്ചിരുന്നു. ബുദ്ധമതത്തെ വൈനാസിക തന്ത്രം എന്ന പേരിലായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അറിവിനെ വ്യാപിപ്പിക്കുന്നത് (തന്യതേ വിസ്താര്യതേ അനേന ഇതി തന്ത്രം) എന്ന അര്‍ഥത്തില്‍ ‘തന്’ ശബ്ദത്തിന്റെ നിഷ്പന്നരൂപമാണ് തന്ത്രം എന്ന പദം. തൃ എന്ന ശബ്ദത്തിന്റെ രക്ഷിക്കുക എന്ന അര്‍ഥത്തില്‍ നിന്ന് (ത്രാണനം) തന്ത്രപദം രൂപപ്പെട്ടതായും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ലൌകിക കഷ്ടതകളില്‍ നിന്നു രക്ഷിച്ച് ആത്മസാക്ഷാത്കാരത്തിനു പ്രാപ്തരാക്കുന്ന വിദ്യ എന്ന നിലയില്‍ തന്ത്രപദത്തിനും തന്ത്രശാസ്ത്രത്തിനും സ്വീകാര്യത ലഭിച്ചു. തത്ത്വവും മന്ത്രവും ചേര്‍ന്ന ഗ്രന്ഥസമാഹാരം എന്ന അര്‍ഥത്തിലും തന്ത്രപദത്തിന് നിഷ്പത്തി കല്പിക്കുന്നവരുണ്ട് (തനോതി വിപുലാ നര്‍ഥാന്‍ തത്ത്വമന്ത്ര സമന്വിതം).

ശിവതത്ത്വത്തിനു പ്രാധാന്യം നല്കുന്ന തന്ത്രഗ്രന്ഥങ്ങള്‍ ആഗമങ്ങള്‍ എന്ന പേരിലും വൈഷ്ണവമായവ സംഹിതകള്‍ എന്ന പേരിലുമാണ് പ്രസിദ്ധി നേടിയത്. ശാക്തഗ്രന്ഥങ്ങള്‍ തന്ത്രങ്ങള്‍ എന്ന പേരിലും അറിയപ്പെട്ടു. എന്നാല്‍ പ്രാദേശികഭേദമനുസരിച്ച് തന്ത്രപദം ഈ മൂന്ന് വിഭാഗങ്ങളില്‍പ്പെടുന്ന എല്ലാ ഗ്രന്ഥങ്ങളെയും പരാമര്‍ശിക്കുന്നതായും കാണുന്നുണ്ട്. കേരളത്തില്‍ ശൈവ, വൈഷ്ണവ, ശാക്ത പൂജകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ മിക്കതും തന്ത്രഗ്രന്ഥങ്ങള്‍ എന്ന പേരില്‍ത്തന്നെയാണു പ്രസിദ്ധമായിട്ടുള്ളത്. ശിവപാര്‍വതിമാരുടെ സംഭാഷണ രൂപത്തില്‍ തന്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതി പല തന്ത്രഗ്രന്ഥങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. ശിവന്‍ പാര്‍വതിക്കുപദേശിക്കുന്നവയ്ക്ക് ആഗമങ്ങള്‍ എന്നും പാര്‍വതി ശിവനോടു പറയുന്നവയ്ക്ക് നിഗമങ്ങള്‍ എന്നുമാണ് പേര്. ശൈവ, വൈഷ്ണവ, ഗാണപത്യ, സൌര, ശാക്തതന്ത്രങ്ങളിലേതെങ്കിലും നിഷ്ഠയോടുകൂടി അനുഷ്ഠിക്കുന്ന വരെ പഞ്ചോപാസകര്‍ എന്നു വിളിക്കുന്നു. മന്ത്രാക്ഷരങ്ങളുടേയും യന്ത്രങ്ങളുടേയും മറ്റും ശക്തി വിശദീകരിക്കുന്ന ‘ജ്ഞാനം’, മനസ്സിനെ ഏകാഗ്രമാക്കുന്ന സിദ്ധികള്‍ വിശദീകരിക്കുന്ന ‘യോഗം’, തന്ത്രാനുഷ്ഠാനത്തിനുവേണ്ട ക്ഷേത്ര ശില്പ നിര്‍മാണം തുടങ്ങിയവ വിവരിക്കുന്ന ‘ക്രിയ’, തന്ത്രാനുഷ്ഠാനങ്ങളെല്ലാം വിവരിക്കുന്ന ‘ചര്യ’ ഈ നാല് വിഷയങ്ങളാണ് തന്ത്രഗ്രന്ഥങ്ങളില്‍ പ്രധാനമായി വിശദീകരിച്ചിരിക്കുന്നത്. പുരാണ ഗ്രന്ഥങ്ങള്‍ക്ക് പഞ്ച ലക്ഷണം (സര്‍ഗം, പ്രതിസര്‍ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവയുടെ വര്‍ണനം) ഉണ്ടെന്നു പറയുന്നതുപോലെ തന്ത്ര ഗ്രന്ഥങ്ങള്‍ക്കും ഈ നാല് ഘടകങ്ങള്‍ ഉണ്ടാകണം എന്നാണ് സങ്കല്പം. എന്നാല്‍ ഗ്രന്ഥത്തിലെ വിഷയത്തിനു നല്കുന്ന പ്രാധാന്യമനുസരിച്ച് ഈ നാല് വിഷയങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കിയിട്ടില്ലാത്ത തന്ത്രഗ്രന്ഥങ്ങളുമുണ്ട്.

മന്ത്രാക്ഷര സംയുക്തമായ തന്ത്രാനുഷ്ഠാനത്തിലൂടെ ഈശ്വര ചൈതന്യത്തെ ആവാഹിച്ച് സപരിവാര പൂജയിലൂടെ അഭീഷ്ട സിദ്ധിനേടുന്ന ശാസ്ത്രമാണ് തന്ത്രശാസ്ത്രം. വേദകാലത്തിനുശേഷമാണ് ഈ ശാസ്ത്രശാഖയ്ക്കു പ്രചാരം സിദ്ധിച്ചത്. ശ്രീ ശങ്കരന്റെ കാലമായപ്പോഴേക്കും തന്ത്രശാസ്ത്രത്തിന് വിപുലമായ പ്രചാരം ലഭിച്ചതായി കാണാം. ഗുപ്ത രാജവംശ കാലഘട്ടത്തില്‍ത്തന്നെ തന്ത്രശാസ്ത്രം പ്രചരിച്ചിരുന്നതിനു തെളിവാണ് കുബ്ജികാമതം എന്ന തന്ത്രഗ്രന്ഥത്തിന് ഗുപ്ത ലിപിയിലുള്ള രേഖകള്‍ ലഭ്യമായിട്ടുള്ളത്. തെന്നിന്ത്യന്‍ തന്ത്രങ്ങളെപ്പറ്റി കൈലാസനാഥ ക്ഷേത്രത്തിലെ ശിലാലേഖനങ്ങളില്‍ 6-ാം ശ.-ത്തില്‍ രാജസിംഹവര്‍മന്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ അക്കാലത്തു തന്നെ തെക്കേ ഇന്ത്യയിലും തന്ത്രശാസ്ത്രം വികാസം പ്രാപിച്ചിരുന്നു എന്ന ദിശയിലേക്കുള്ള ചൂണ്ടുപലകയായി കരുതാം. അനുഷ്ഠാനങ്ങളും സംസ്കൃതത്തിലുള്ള മന്ത്രങ്ങളും അവയുടെ അര്‍ഥവും വിശദീകരിച്ചുകൊണ്ട് പ്രാദേശിക ഭാഷകളില്‍ ആധുനിക കാലത്തും തന്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നുണ്ട്.

പ്രപഞ്ചശക്തികളെ ശരീരസാധനയിലൂടെ കണ്ടെത്തുന്ന പൂജാവിധികള്‍ തന്ത്രശാസ്ത്രത്തില്‍ വിവരിക്കുന്നു. ധ്യാനം, യോഗസാധന ഇവയിലൂടെ ശരീരത്തില്‍ അന്തര്‍ലീനമായുള്ള ശക്തിയെ ഉണര്‍ത്തി, പ്രപഞ്ചശക്തിയെ കണ്ടെത്തി, ലൌകിക രീതിയിലുള്ള പൂജാസമര്‍പ്പണമാണ് അനുഷ്ഠാനങ്ങളില്‍ പ്രധാനം. സാധനയിലൂടെ കുണ്ഡലിനീശക്തിയെ ഉണര്‍ത്തി സുഷുമ്ന വഴി ശിരസ്സിലെത്തിച്ച് സഹസ്രാരവിന്ദവുമായി സംയോജിപ്പിക്കുന്നതാണ് യോഗസാധനയിലെ പരമമായ കര്‍മം. അപ്പോള്‍ ധ്യാനമൂര്‍ത്തി മനസ്സില്‍ തെളിയുകയും ഈ മൂര്‍ത്തിയെ മുന്‍പിലുള്ള വിഗ്രഹത്തില്‍ സങ്കല്പിച്ച് പൂജ സമര്‍പ്പിക്കുകയും ചെയ്യുന്നു. മന്ത്രാക്ഷര സംയുക്തമായ പൂജ പര്യവസാനിച്ച് വിഗ്രഹമൂര്‍ത്തിയെ ഉദ്വസിക്കുന്നതുവരെയും ഈ മൂര്‍ത്തിയെ സ്വന്തം മനസ്സിലും വിഗ്രഹത്തിലും ദര്‍ശിക്കുവാന്‍ സാധകനു കഴിയുന്നു. താന്ത്രിക വിധിയിലൂടെയുള്ള ഈ ചൈതന്യദര്‍ശനം വേദാന്തത്തിലെയും മറ്റും ആത്മസാക്ഷാത്കാരത്തിനു തുല്യമാണത്രേ. വേദാന്തത്തില്‍ ജ്ഞാന മാര്‍ഗത്തിലൂടെ ആത്മസാക്ഷാത്കാരം ലഭ്യമാക്കുമ്പോള്‍ തന്ത്രശാസ്ത്രത്തില്‍ വിശ്വാസപൂര്‍വമുള്ള തന്ത്രാനുഷ്ഠാനത്തിലൂടെ ആത്മസാക്ഷാത്കാരം നേടാന്‍ കഴിയുന്നു. അദ്വൈതാചാര്യനായിരുന്ന ശങ്കരാചാര്യര്‍ തന്ത്രശാസ്ത്രപ്രകാരമുള്ള ദേവ്യുപാസകന്‍ കൂടിയായിരുന്നു എന്നത് ഈ രണ്ട് മാര്‍ഗങ്ങളും പരസ്പരപൂരകങ്ങളാണെന്നതിനു തെളിവാണ്.

തന്ത്രശാസ്ത്രത്തില്‍ പൂജാവിധികള്‍ പ്രധാനമാണ്. അതിനോ ടനുബന്ധിച്ചാണ് പ്രശ്നം, ശില്പശാസ്ത്രം, താന്ത്രികവിധികള്‍ ഇവ ഉണ്ടാകുന്നത്. വൈദികം, താന്ത്രികം, മിശ്രം (രണ്ടും കൂടിച്ചേര്‍ന്നത്) എന്ന് മൂന്ന് വിഭാഗങ്ങള്‍ തന്ത്രശാസ്ത്രത്തിലുണ്ട്. പൂജയോടൊപ്പം ഹോമാദികര്‍മങ്ങളും നടത്താറുണ്ട്. വേദത്തില്‍ നിന്നുതന്നെയാണ് തന്ത്രശാസ്ത്രം രൂപപ്പെട്ടിട്ടുള്ളത്. ഈശ്വരന് നിഷ്കളമെന്നും സകളമെന്നും രണ്ട് രൂപങ്ങള്‍ വേദത്തിലുണ്ട്. ഇതിനെ നിഷ്കളബ്രഹ്മമെന്നും സകളബ്രഹ്മമെന്നും പറയുന്നു. സകളോപാസനയില്‍ക്കൂടിയാണ് നിഷ്കളോപാസനയിലേക്കു കടക്കുന്നത്. ഇത് പൂരുഷസൂക്തത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിഷ്കളബ്രഹ്മം തന്നെ പ്രപഞ്ചസൃഷ്ടിക്കുവേണ്ടി സകളസ്വരൂപം സ്വീകരിക്കുന്നു. ആദ്യം ബ്രഹ്മാണ്ഡമുണ്ടായിട്ട് അതുവിരിഞ്ഞ് വിരാട് സ്വരൂപം ഉണ്ടാകുന്നു. ആ വിരാട് പുരുഷനെയാണ് ‘സഹസ്രശീര്‍ഷാ പുരുഷഃ’ എന്നു തുടങ്ങുന്ന മന്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സൂക്ഷ്മമായ വിരാട് സ്വരൂപത്തില്‍ നിന്ന് വിശ്വരൂപം ഉണ്ടാകുന്നു. ഇത് ദൃശ്യപ്രപഞ്ചമാണ്. താന്ത്രികവിധിയില്‍ വിശ്വരൂപധ്യാനവും വിഗ്രഹധ്യാനവും ഉണ്ട്. ഇതു രണ്ടില്‍ക്കൂടിയും നിഷ്കളബ്രഹ്മത്തെ പ്രാപിക്കാവുന്നതാണ്. വിശ്വരൂപത്തെയാണ് മഹര്‍ഷീശ്വരന്മാര്‍ പൂജാവിധിയിലുള്ള വിഗ്രഹരൂപമായി കല്പിക്കുന്നത്. വിശ്വരൂപത്തെത്തന്നെ ത്രിഗുണ ഭേദമനുസരിച്ച് ശൈവം, ശാക്തേയം, വൈഷ്ണവം എന്നു മൂന്നായി തിരിച്ചിരിക്കുന്നു. പ്രധാനപ്പെട്ട ഏഴ് ദേവതാപൂജകളാണ് തന്ത്രസമുച്ചയത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശേഷസമുച്ചയത്തില്‍ ഇതിനോടനുബന്ധിച്ച വേറെയും ദേവതാപൂജകള്‍ വിധിച്ചിരിക്കുന്നു. ‘വിശേഷേണ ഗൃഹ്യതേ ഇതിവിഗ്രഹഃ’ എന്നാണ് ‘വിഗ്രഹ’ശബ്ദത്തിന്റെ വ്യുത്പത്തി. ആത്മചൈതന്യത്തിന്റെ ഉപാധിയായ ശരീരമാണ് വിഗ്രഹം. വിശ്വരൂപത്തില്‍ ആത്മചൈതന്യമാണ് ഈശ്വരന്‍. ദൃശ്യപ്രപഞ്ചം ഈശ്വരന്റെ ശരീരവുമാണ്. ഈ തത്ത്വത്തിന്റെ ചെറിയ രൂപമായിട്ടാണ് വിഗ്രഹത്തില്‍ ഈശ്വരചൈതന്യമുണ്ടാകുന്നത്.

എട്ടുവിധത്തിലുള്ള വിഗ്രഹമാണുള്ളത്-ശില, ദാരു, ലോഹം, പദ്മം, ചിത്രം, മണ്ണ്, മനസ്സ്, രത്നം എന്നിങ്ങനെ (ശൈലീ ദാരു മയീ ലൌഹീ ലേപ്യാ ലേഖ്യാച സൈകതീ മനോമയീ മണിമയീ പ്രതിമാഷ്ടവിധാ സ്മൃതാ). ഇവയില്‍ പ്രധാനമായി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് ലോഹംകൊണ്ടും ശിലകൊണ്ടുമുള്ള വിഗ്രഹങ്ങളാണ്. ക്ഷേത്രനിര്‍മാണത്തില്‍ വിഗ്രഹത്തെ ആത്മാവായി കരുതുകയും ആ ആത്മാവിന്റെ ശരീരമായി ശ്രീകോവില്‍, മുഖമണ്ഡപം മുതലായ ക്ഷേത്രഭാഗങ്ങള്‍ കല്പിക്കപ്പെടുകയും ചെയ്യുന്നു. അളവുകളെല്ലാം ഈ ശാസ്ത്രതത്ത്വത്തില്‍ നിന്നുണ്ടായിട്ടുള്ളവയാണ്. ഈ തത്ത്വത്തെ ‘ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ’എന്ന് ഭഗവദ്ഗീതയില്‍ പ്രതിപാദിക്കുന്നു. ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ ഇത് വിശദീകരിക്കുന്നുണ്ട്. അഷ്ടമാതൃക്കളുടേയും ക്ഷേത്രപാലകന്‍മാരുടേയുമെല്ലാം സ്ഥാനങ്ങളും വിശ്വരൂപസങ്കല്പത്തില്‍നിന്നുണ്ടായിട്ടുള്ളതാണ്.

വൈഷ്ണവമായ ആരാധനയില്‍ വിഷ്ണുവിന്റെ വിഗ്രഹത്തിന്റെ സങ്കല്പം ആഗമത്തില്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്-വിഗ്രഹം പുരുഷരൂപമാണ്. കൌസ്തുഭ രത്നം ആത്മജ്യോതിസ്സാണ്. അതിന്റെ പ്രഭ വ്യാപിക്കുന്നതാണ് മാറിടത്തിലുള്ള ശ്രീവത്സം. വനമാല മായയാണ്. പീതവസ്ത്രം ഛന്ദസ്സാണ് (വേദം). മകരകുണ്ഡലങ്ങള്‍ സാംഖ്യ യോഗങ്ങളാണ്. ശിരസ്സ് പരമപദമാണ്. ധര്‍മജ്ഞാന വൈര്യാഗ്യൈശ്വര്യങ്ങളോടുകൂടിയ സത്വഗുണമാണ് താമര. ജലതത്ത്വമാണ് ശംഖ്. സുദര്‍ശനം തേജസ്തത്ത്വമാണ് (കാലതത്ത്വമാണെന്നും പറയുന്നു). ഓജസ്സോടും ബലത്തോടും കൂടിയ മുഖ്യ തത്ത്വമാണ് ഗദ. ഈ രീതിയില്‍ എല്ലാ അവയവങ്ങളും ആയുധങ്ങളും കല്പിക്കപ്പെട്ടിരിക്കുന്നു.

താന്ത്രികവിധിയനുസരിച്ച് തന്ത്രി തപഃശക്തിയോടും ഉപാസനാശക്തിയോടും കൂടി ഉദ്ദീപ്തമായ കുണ്ഡലിനീശക്തിയെ ഓംകാരം കൊണ്ടു ചലിപ്പിച്ച് സംഗ്രഹിച്ച് ഉയര്‍ത്തുന്നു. അത് മൂലാധാരത്തില്‍ നിന്ന് ഉണര്‍ത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ നാല് ചക്രങ്ങള്‍ കടന്ന് നാസിക യില്‍ കൊണ്ടുവന്ന് പ്രാണനില്‍ക്കൂടി വെളിയിലേക്ക് ജലഗന്ധ പുഷ്പാക്ഷതങ്ങളിലേക്കു പകര്‍ന്ന് വെളിയിലുള്ള അനന്തമായ ഈശ്വരശക്തിയില്‍ ലയിപ്പിച്ച് വിഗ്രഹത്തിലേക്കു സമര്‍പ്പിക്കുന്ന വിധിയാണ് ‘ആവാഹനം’ എന്നു പറയുന്നത്. ആധാരശക്തി, മൂലപ്രകൃതി, ആദികൂര്‍മം, അനന്തന്‍, പൃഥിവി, പദ്മം എന്നീ ഷഡാധാരങ്ങളില്‍ വിധിയാംവണ്ണം പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിലേക്കാണ് ചൈതന്യം പകരുന്നത്. പീഠപൂജയില്‍ ഈ ഷഡാധാരങ്ങളെ ജലഗന്ധപുഷ്പധൂപദീപങ്ങളെക്കൊണ്ടു പൂജിച്ച് ഈശ്വര ന്റെ ഇരിപ്പിടമാക്കി തയ്യാറാക്കുകയാണു ചെയ്യുന്നത്. മൂര്‍ത്തിപൂജയില്‍ ഭഗവാനെ സ്വാഗതം ചെയ്ത് അര്‍ഘ്യപാദ്യാദികള്‍ കൊടുത്ത് (അതിഥി സത്കാരം പോലെ) സ്നാനം ചെയ്യിച്ച് ഷോഡശോപചാരങ്ങളെക്കൊണ്ട് പൂജിക്കുന്നു. ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നിവേദ്യം ഇവ നടത്തി നൃത്തഗീതാദികളെക്കൊണ്ട് സന്തോഷിപ്പിച്ച് മന്ത്രങ്ങളെക്കൊണ്ടു പുഷ്പാഞ്ജലി നടത്തി ബ്രഹ്മാര്‍പണം ചെയ്ത് പാദതീര്‍ഥമെടുത്തു തളിച്ച് വീണ്ടും തന്നിലേക്കു തന്നെ ചൈതന്യത്തെ ഉദ്വസിക്കുന്നു.

മനുഷ്യശരീരത്തിലെ 32 ജീവഗ്രന്ഥികളും ഇഡ, പിങ്ഗല, സുഷുമ്ന, യശസ്വിനി, അലംബുഷ, ശംഖിനി തുടങ്ങിയ നാഡി കളും യോഗസാധന വഴി പ്രേരിതമാകുമ്പോള്‍ കുണ്ഡലിനീശ ക്തി സ്വതന്ത്രമായി സുഷുമ്ന വഴി മൂര്‍ധാവിലെ സഹസ്രാരവിന്ദ ത്തിലെത്തുമ്പോഴുള്ള അനുഭവമാണ് സാധകനെ പ്രപഞ്ചസത്യമായ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ പ്രാപ്തനാക്കുന്നത്. ഇതിന് സാധകന്റെ സാധനയെ സഹായിക്കുന്ന ഘടകങ്ങളാണ് പ്രണവ മൂലകമായ മന്ത്രങ്ങള്‍, യന്ത്രങ്ങള്‍, താന്ത്രികചിത്രങ്ങള്‍, താന്ത്രികാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ. സാധകന്റെ ഈ അനുഭവവും ആത്മസാക്ഷാത്കാരവും സമീപത്തുള്ള മറ്റുള്ളവരിലും പ്രഭാവം ചെലുത്താന്‍ ശക്തിയുള്ളതാകും. ഈ അനുഭവത്തോടെ തന്ത്രി ഉദ്ദിഷ്ട ദേവതയെ മനസ്സില്‍ സങ്കല്പ്പിക്കുകയും ആ ശക്തിയെ വിഗ്രഹത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു എന്നതാണ് ക്ഷേ ത്രാരാധനയുടെ പ്രധാന സവിശേഷത. അവിടെ വിഗ്രഹത്തില്‍ തന്ത്രിക്കു ലഭിച്ച സാക്ഷാത്കാരത്തിന്റെ ശക്തി നിലനില്ക്കുന്നതിനാല്‍ സാധാരണ ഭക്തനും അലൌകിക ശക്തിയുടെ പ്രഭാവത്തിന്റെ അനുഭവം ലഭിക്കുവാന്‍ കാരണമാകുന്നതായി താന്ത്രിക ഗ്രന്ഥങ്ങളില്‍ നിരൂപണം ചെയ്തിട്ടുണ്ട്.

ശൈവ ആഗമങ്ങള്‍ക്ക് കാശ്മീരിലും വൈഷ്ണവ സംഹിത കള്‍ക്ക് ബംഗാളിലും ശാക്തതന്ത്രങ്ങള്‍ക്ക് വ. കിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതല്‍ പ്രചാരം സിദ്ധിച്ചിരുന്നത്. കാശ്മീരില്‍ ശൈവ ആഗമങ്ങള്‍ക്കു സമാനമായി പ്രത്യഭിജ്ഞാദര്‍ശനം പ്രചാരം നേടി. ശിവദൃഷ്ടി, സ്പന്ദാമൃതം, ഈശ്വരപ്രത്യഭിജ്ഞാനം, തന്ത്രാലോകം, മാലിനീവിജയം, സ്വച്ഛന്ദം, നൈശ്വാസം, വിജ്ഞാനഭൈരവം, ഉച്ഛുഷ്മഭൈരവം, ആനന്ദഭൈരവം, നേത്രം, രുദ്രയാമലം ഇവ ഈശ്വരപ്രത്യഭിജ്ഞാ ദര്‍ശനവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളാണ്. അഭിനവഗുപ്തന്‍ തന്ത്രാലോകത്തില്‍ 92 ശൈവതന്ത്രങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ശക്തിസംഗമതന്ത്രത്തില്‍ വൈഷ്ണവം, ഗാണപത്യം, ശൈവം, സ്വായംഭുവം, ചാന്ദ്രം, പാശുപതം, ചീനം, ജൈനം, കാലാമുഖം, വൈദികം ഈ വിഭാഗങ്ങളിലെ തന്ത്രങ്ങളെപ്പറ്റി പ്രത്യേകം വിവരണമുണ്ട്. സമ്മോഹ (സമ്മോഹന) തന്ത്രത്തില്‍ 402 ശൈവതന്ത്രങ്ങളേയും 339 വൈഷ്ണവതന്ത്രങ്ങളേയും 180 സൗരതന്ത്രങ്ങളേയും 122 ഗാണപത്യ തന്ത്രങ്ങളേയും 39 ബൗദ്ധതന്ത്രങ്ങളേയും ചൈനയിലെ 107 തന്ത്രങ്ങളേയും ദ്രാവിഡത്തിലെ 40 തന്ത്രങ്ങളേയും ഗൗഡത്തിലെ 43 തന്ത്രങ്ങളേയും പരാമര്‍ശിക്കുന്നു. നിത്യഷോഡശികാര്‍ണവം എന്ന ഗ്രന്ഥത്തില്‍ 64 കൗളതന്ത്രങ്ങളുടെ വിവരണം നല്കുന്നു. തന്ത്രം, ഉപതന്ത്രം, ആഗമം, സംഹിത, യാമലം, ഡാമരം, തത്ത്വം, കല്പം, അര്‍ണവം (അര്‍ണവകം), ഉഡ്ഡാലം, ഉഡ്ഡിശം, ഉപസംഖ്യ, ചൂഡാമണി, വിമര്‍ശിനി, ചിന്താമണി, പുരാണം, ഉപസംജ്ഞ, കക്ഷപടി, കല്പദ്രുമം, കാമധേനു, സഭാവ, അവതരണകം, സൂക്തം, അമൃതം, തര്‍പണം, ദര്‍പണം, സാഗരം തുടങ്ങിയ വ്യത്യസ്തമായ ശീര്‍ഷകങ്ങളില്‍ തന്ത്ര ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നു.

ശാക്തതന്ത്രങ്ങള്‍ ബ്രഹ്മത്തെ ശക്തിതത്ത്വമായി പ്രതിപാദിക്കുന്നു. വേദാന്ത, സാംഖ്യ തത്ത്വങ്ങളെ ശാക്തതന്ത്രങ്ങള്‍ പ്രമാണമായി സ്വീകരിച്ചിട്ടുണ്ട്. മഹാനിര്‍വാണതന്ത്രം, കുലാര്‍ണവതന്ത്രം, കുലചൂഡാമണീതന്ത്രം, പ്രപഞ്ചസാരതന്ത്രം, താരാരഹസ്യം, തന്ത്രരാജതന്ത്രം, കാളീവിലാസതന്ത്രം, ജ്ഞാനാര്‍ണ്ണവതന്ത്രം, ശാരദാതിലകതന്ത്രം തുടങ്ങിയവ പ്രധാന ശാക്തേയതന്ത്രങ്ങളാണ്. മഹാനിര്‍വാണതന്ത്രത്തില്‍ ഉപനിഷത്തിലെ വിവരണരീതിയനുസരിച്ച് ബ്രഹ്മസങ്കല്പം അവതരിപ്പിക്കുന്നു. ശക്തി തന്നെയാണ് ഈ ബ്രഹ്മമെന്നും മാതാവില്‍ നിന്നു കുഞ്ഞുങ്ങളെന്നപോലെ ഈ ശക്തിയില്‍ നിന്നുമാണ് പ്രപഞ്ചത്തിന്റെ ഉത്പത്തിയെന്നും പറയുന്നു. ഈ ശക്തിയെ ദുര്‍ഗ, കാളി എന്നിങ്ങനെ ഉഗ്രരൂപിണികളായും ഉമ, ഗൗരി, ലക്ഷ്മി, രാധ എന്നിങ്ങനെ ശാന്തസ്വരൂപിണികളായും വര്‍ണിക്കുന്നു. സ്ത്രീകളെ ശക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. ഗാര്‍ഹസ്ഥ്യം, സന്ന്യാസം എന്നീ ആശ്രമങ്ങള്‍ ക്കുള്ള പ്രാധാന്യം അംഗീകരിക്കുകയും ബ്രഹ്മചര്യം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്കാതിരിക്കുകയും ചെയ്യുന്നു. മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയെ ചിലര്‍ തന്ത്രാംഗങ്ങളായി അംഗീകരിക്കുന്നു. പഞ്ചമകാരം എന്നറിയപ്പെടുന്ന ഈ അഞ്ച് കാര്യങ്ങളുടെ പരാമര്‍ശം ശാക്തേയ തന്ത്രങ്ങള്‍ക്കുള്ള അംഗീകാരം കുറയുന്നതിനു കാരണമായിട്ടുണ്ട്.

ശങ്കരാചാര്യരുടേതെന്നറിയപ്പെടുന്ന പ്രപഞ്ചസാരതന്ത്രത്തില്‍ ശാക്തേയ സങ്കല്പത്തിനും ആചാരക്രമങ്ങള്‍ക്കുമൊപ്പം ലോക ത്തിന്റെ സത്തയെക്കുറിച്ചുള്ള നിരൂപണവും ശ്രദ്ധേയമാണ്. തന്ത്ര രാജതന്ത്രത്തില്‍ സ്ത്രീയന്ത്രത്തിന്റെ വിശദീകരണമാണ് പ്രത്യേകത. പ്രപഞ്ചത്തിന്റെ അടിസ്ഥാനം ദേവിയാണ് എന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. കാളീവിലാസതന്ത്രത്തില്‍ രാധയുടെ കാമുകനായി കൃഷ്ണനെയും രാധയെ കാളിയായും പ്രകീര്‍ത്തിക്കുന്നു. ജ്ഞാ നാര്‍ണ്ണവതന്ത്രത്തില്‍ യൌവന യുക്തകളായ കന്യകകളെ ഏറ്റവും ഉന്നതമായ ശക്തിപ്രതീകമായി പൂജിക്കുന്നു. 11-ാം ശ.-ത്തില്‍ ലക്ഷണദേശികന്‍ രചിച്ച ശാരദാതിലകതന്ത്രത്തില്‍ മന്ത്രം, യന്ത്രം ഇവയുടെ സാധനയാല്‍ ലഭിക്കുന്ന സിദ്ധികളെപ്പറ്റി വിവരിക്കുന്നു. തന്ത്രങ്ങളുടെ ഉദ്ഭവം, സ്വഭാവം, പ്രപഞ്ച വ്യാപ്തി, ശിവശക്തി തത്ത്വം, ശരീരശാസ്ത്രം, മനുഷ്യതത്ത്വം, അനുഷ്ഠാനങ്ങള്‍, ക്രിയ കള്‍, മനഃശക്തി, പഞ്ചതത്ത്വങ്ങള്‍, സിദ്ധികള്‍, മന്ത്രം, യോഗം, പഠനം, ശിഷ്യത്വം സ്വീകരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ തുടങ്ങിയവ തന്ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു.

ശക്തിയുടെ വിവിധ സങ്കല്പങ്ങളായ കാളി, താര, ദുര്‍ഗ, ചാമു ണ്ഡ, ശ്യാമ, നീലസരസ്വതി, ത്രിപുരസുന്ദരി, ശ്രീവിദ്യ, ലളിത തുടങ്ങിയ മൂര്‍ത്തിഭേദങ്ങള്‍ വ്യത്യസ്ത തന്ത്രങ്ങള്‍ക്കു നിദാനമായിട്ടുണ്ട്. ശക്തിയുടെ വ്യത്യസ്ത ഭാവങ്ങളുടെ ഏകത്വഭാവമാണ് ത്രിപുരസുന്ദരി, ശ്രീവിദ്യ, ലളിത തുടങ്ങിയ സങ്കല്പങ്ങള്‍. സംസാര ബന്ധങ്ങളില്‍ നിന്നു കരകയറ്റുന്നവള്‍ എന്ന സങ്കല്പത്തിലുള്ള (തരണം ചെയ്യുന്നതിന്-കടക്കുന്നതിനു സഹായിക്കുന്നവള്‍) താരാസങ്കല്പം ബുദ്ധമതക്കാര്‍ക്കു കൂടുതല്‍ സ്വീകാര്യമായി. പ്രജ്ഞാപാരമിത മൂര്‍ത്തിയുടെ സങ്കല്പത്തോടുകൂടിയ ഈ തന്ത്രഭേദം നേപ്പാള്‍, ചൈന, മംഗോളിയ, ജപ്പാന്‍, ഇന്തോനേഷ്യ, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രചാരം നേടിയിരുന്നു. വാരാഹീതന്ത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ശാക്തതന്ത്രങ്ങളാണ് നീലപതാക, വാമകേശ്വരതന്ത്രം, മൃത്യുഞ്ജയതന്ത്രം, യോഗാര്‍ണവം, മായാ(മഹാ)തന്ത്രം, ദക്ഷിണാമൂര്‍ത്തി തന്ത്രം, കാലികാതന്ത്രം, കാമേശ്വരീതന്ത്രം, കുബ്ജികാതന്ത്രം, കാത്യായനീ തന്ത്രം, പ്രത്യംഗിരാതന്ത്രം, മഹാലക്ഷ്മീതന്ത്രം, ത്രിപുരാര്‍ണ്ണവം, സരസ്വതീതന്ത്രം, യോഗിനീതന്ത്രം, വാരാഹീതന്ത്രം, ഗവാക്ഷീതന്ത്രം, നാരായണീയതന്ത്രം, മൃഡാനീതന്ത്രം എന്നിവ. പുരാണ ങ്ങളുടെ രീതിപോലെ തന്നെ വ്യത്യസ്ത തന്ത്രഗ്രന്ഥങ്ങള്‍ വ്യത്യ സ്ത രീതിയിലുള്ള പട്ടികയാണ് നല്കിക്കാണുന്നത്. മറ്റു ഗ്രന്ഥങ്ങളില്‍ നല്കിയിട്ടുള്ള പേരുകളില്‍ പ്രധാനപ്പെട്ടവയാണ് ഭൂതഡാമരതന്ത്രം, ജയദ്രഥയാമലം, ഗ്രഹയാമലം, ദേവീയാമലം, നിത്യാതന്ത്രം, നിരുത്തരതന്ത്രം, ഗുപ്തസാധനാതന്ത്രം, ചാമുണ്ഡാതന്ത്രം, മുണ്ഡമാലാതന്ത്രം, മാലിനീവിജയതന്ത്രം, ഭൂതശുദ്ധിതന്ത്രം, മന്ത്രമഹോദധി, ത്രിപുരാസാരം, ത്രിപുരാരഹസ്യം, കുലാര്‍ണവം, ജ്ഞാനാര്‍ണവം, മഹാകൌളജ്ഞാനവിനിര്‍ണയം, പ്രപഞ്ചസാരം, ശാരദാതിലകം, മത്സ്യസൂക്തം, മഹാനിര്‍വാണതന്ത്രം എന്നിവ. പല തന്ത്രഗ്രന്ഥങ്ങള്‍ക്കും അനേകം പാഠഭേദങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണമായി കുലാര്‍ണവതന്ത്രത്തിന്റെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ 12 മുതല്‍ 17 വരെ ഭാഗങ്ങളുള്ളതായി കാണപ്പെടുന്നു.

സഹജീയമതക്കാര്‍, കാപാലികമതക്കാര്‍, നാഥമതക്കാര്‍, ലോകായതര്‍, ഔല്‍, ബൗല്‍ എന്നീ പേരുകളിലുള്ള വിഭാഗക്കാര്‍ തുടങ്ങിയവരും തന്ത്രാചാരം അനുഷ്ഠിക്കുന്നവരാണ്. ഇവരില്‍ ചിലര്‍ തന്ത്രാചാരങ്ങളെ വാമ മാര്‍ഗത്തില്‍ നിരൂപണം ചെയ്യുകയും അതനുസരിച്ചുള്ള അനുഷ്ഠാനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ലൗകിക സുഖങ്ങള്‍ക്കതീതമായ ആത്മസാക്ഷാത്കാരം എന്ന പരമമായ ലക്ഷ്യത്തെ പലപ്പോഴും വിസ്മരിക്കുവാന്‍ വാമമാര്‍ഗാചാരങ്ങള്‍ കാരണമാകുന്നു. മദ്യം, മാംസം, മൈഥുനം തുടങ്ങിയ മകാര പഞ്ചകങ്ങളെ പ്രതീകാത്മകങ്ങളായി കാണാന്‍ ശ്രമിക്കേണ്ടതാണെന്ന് പല തന്ത്രശാസ്ത്രങ്ങളിലും പറയുന്നുണ്ട്. കുണ്ഡലിനീ സഹസ്രാര ശക്തികളുടെ സംയോഗത്താലുള്ള അമൃതാനുഭവത്തെ മദ്യം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ശരീരത്തേയും വ്യക്തിത്വത്തേയും ഇല്ലായ്മ ചെയ്യുന്ന തത്ത്വത്തെ മാംസം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ജീവാത്മപരമാത്മൈക്യത്തെ മൈഥുനം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ഇവര്‍ കണക്കാക്കുന്നു. ഇങ്ങനെയല്ലാതെയുള്ള ചിന്താഗതിയോടെ ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തി കൈവരില്ല എന്നും വ്യക്തമാക്കുന്നു. നോ: ആഗമങ്ങള്‍, സംഹിതകള്‍

സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?


വളരേ നല്ല ചോദ്യം .. മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല .

നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?

നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2 കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം , തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്

ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.

വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്

മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്

ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു . വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌

ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു " ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "
മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "

കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"

മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ

ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?

ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ

വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .


ശകുനങ്ങള്‍

ഒരു യാത്രയ്ക്കിറങ്ങുമ്പോള്‍ ആദ്യമായി കാണുന്നതോ കേള്‍ക്കുന്നതോ ഇന്ദ്രീയ വിഷയമാകുന്നതോ ആയ സംഭവത്തെയാണ് ശകുനം എന്ന് പറയുന്നത്. ശുഭശകുനങ്ങളും ദുശ്ശകുനങ്ങളുമുണ്ട്. ആന, വാഹനങ്ങള്‍, രാജാവ്, കയറിട്ടകാള, പശു, മദ്യം, മണ്ണ്, ശവം, കത്തുന്ന തീയ്, അക്ഷതം, നെയ്യ്, ചന്ദനം, വെളുത്തപുഷ്പങ്ങള്‍, രണ്ട് ബ്രാഹ്മണര്‍, ഒറ്റശൂദ്രന്‍, കായ്കനികള്‍ , വേശ്യസ്ത്രീ, തൈര്, തേന്‍, കരിമ്പ് എന്നിവ ഉത്തമ ശകുനങ്ങളാണ്.

വാദ്യാഘോഷങ്ങളുടെ ശബ്ദവും വേദശ്രവണവും പക്ഷികളുടെ ഹൃദ്യമായ നാദവും ശുഭമായിട്ടുള്ളതാണ്. വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്, കയറില്ലാത്ത കാള, എള്ള്, ഉപ്പ്, കയറ്, മഴു , വടിധരിച്ചവര്‍, തലമുണ്ഡനം ചെയ്തവന്‍, അംഗഹീനര്‍, വിധവ, പാമ്പ്, രോഗി, ബലിപുഷ്പം എന്നിവ ദുശകുനങ്ങളാണ്.

യാത്രയില്‍ ആദ്യമായി ഒരു ദുശ്ശകുനം കണ്ടാല്‍ മടങ്ങി വന്നു പതിനൊന്നു പ്രാണായാമം ചെയ്തിട്ട് വീണ്ടും പോകാം. ദുശ്ശകുനം ആവര്‍ത്തിച്ചാല്‍ യാത്ര മാറ്റി വയ്ക്കുന്നതാണ് ഉത്തമം

കുടുംബ ദോഷം മാറാന്‍


വ്യക്തികള്‍ ചേര്‍ന്നാണ് കുടുംബം ഉണ്ടാവുന്നത്.അവയില്‍ ഓരോരുത്തര്‍ക്കും ദോഷകാലം അല്ലെങ്കിലും കുടുംബത്തില്‍ ദോഷം ഉണ്ടാവുന്നത് അവരുടെയെല്ലാം ജീവിതത്തെ പ്രതികൂലമായി ബാധിക്കും.


കുടുംബ ദോഷം മാറാന്‍ പരദേവതയെ പ്രീതിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പരദേവതാ ക്ഷേത്രങ്ങളിലും ധര്‍മ്മദേവതാ ക്ഷേത്രങ്ങളിലും പൂജകളും വഴിപാടുകളും ചെയ്യണം.


പട്ടും ഒരു പിടി നാണയവും ക്ഷേത്രത്തിലെ നടയ്ക്ക് വയ്ക്കുന്നതും നല്ലതാണ്. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാന്‍ മഹാലക്സ്മീ യന്ത്രം സ്ഥാപിക്കുന്നത് നല്ലതാണ്. നവധാന്യം, ത്രിമധുരം ഇവ ഭാഗ്യസൂക്തം കൊണ്ട് ഗണപതി ഹോമം നടത്തുക, വിഷ്ണുവിന് 12 ദിവസം കദളിപ്പഴം, തൃക്കൈവെണ്ണ ഇവ നടത്തുക.


വലംപിരി ശംഖ്, എകമുഖ രുദ്രാക്ഷം എന്നിവ സ്ഥാപിക്കുക. ധനമുണ്ടാകാന്‍ നിത്യേന കനകധാരാ സ്തോത്രം ജപിക്കുക. ലളിതാ സഹസ്രനാമം ജപിക്കുന്നതും നന്ന്.


തുളസിത്തൈ നട്ട് വെള്ളം തളിച്ച് വളര്‍ത്തുന്നതും വീട്ടില്‍ പശുവിനെ വളര്‍ത്തുന്നതും നല്ലതാണ്. വീട്ടിന്‍റെ വടക്ക് ഭാഗത്തായി രണ്ട് നെല്ലി മരങ്ങള്‍ നടുന്നതും വടക്കേ ഭിത്തിയില്‍ കുബേര യന്ത്രം സ്ഥാപിക്കുന്നതും ഗുണകരമാണ്.


ഗൃഹദോഷം മാറ്റാന്‍ പഞ്ചശിര സ്ഥാപനവും വാസ്തു പൂജയും വാസ്തുബലിയും നടത്തേണ്ടതാണ്.

Thursday, 2 August 2012

ഭാഗ്യസൂക്തം


നമുക്കു ധനം, ഐശ്വര്യം, മക്കള്‍ ഇവ ലഭിക്കുവാന്‍ ഈ മന്ത്രം ദിവസവും ഒരുതവണ ചൊല്ലുക. വരികളുടെ അര്ത്ഥം മനസ്സിലാക്കി വേണം ചൊല്ലാന്‍. ഇതു എല്ലാവരും ആവശ്യം ചൊല്ലേണ്ട ഒന്നാണ്. ചെല്ലിക്കഴിഞ്ഞ ശേഷം ഈശ്വരനോട് എന്താണോ വേണ്ടത് അത് ആവശ്യപ്പെടുക. മനസ്സറിഞ്ഞുവേണം ചൊല്ലാന്‍.


ഈ മന്ത്രങ്ങള്‍ യുജുര്‍ വേദത്തില്‍ നിന്നുള്ളതാണ്


ഓം പ്രാതരഗ്നിം പ്രാതരിന്ദ്രങ്ഹവാമഹെ പ്രതര്മിത്രാവരുണാ പ്രാതരശ്വിനാ
പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാതസ്സോമമുദരുദ്രങ്‌ഹുവേമ

അര്‍ഥം : ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശ സ്വരൂപനായ ജഗദീശ്വരനെ പ്രാര്‍ഥിക്കുന്നു. പരമ ഐശ്വര്യ ദാതാവായ അങ്ങ് എന്റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍,വാനന്‍,അപാനന്‍ , സമാനന്‍) കൃത്യമാക്കണം. അങ്ങാണ് സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത്. അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തെയുംവേദങ്ങളെയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.


ഓം പ്രാതര്‍ജിതം ഭാഗമുഗ്രങ്‌ഹുവേമ വയം പുത്ര മദി തീര്യോ വിധര്‍ത്താ,
ആധ്രശ്ചിദ്യം മന്യമാന സ്തുരശ്ചീദ്രാജ ചിദ്യംഭഗം ഭക്ഷിത്യാഹ.


അര്ത്ഥം : ഈ രാവിലെ ഞങ്ങള്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ക്ക് ഈ ഐശ്വര്യമെല്ലാം അങ്ങ് നല്‍കണം. അങ്ങ് എല്ലാം അറിയുന്നു. എനിക്ക് ഈ ലോകത്തില്‍ എല്ലാ ഐശ്വര്യങ്ങളും അങ്ങ് നല്‍കിയാലും. ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് , അവയെയെല്ലാം അങ്ങാണ് രക്ഷിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പ്രാര്‍ഥിക്കുന്നു.


ഓം ഭാഗപ്രണേതര്ഭഗ സത്യരാധോ ഭാഗേമാം ധിയ മുദ വാദദന്ന:
ഭാഗപ്രണോ ജനയ ഗോഭിരശ്ര്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്ത സ്യാമ.


അര്ത്ഥം : ഈശ്വരാ അങ്ങ് ഭാജനീയനാണ്. എല്ലാം അങ്ങയുടെ സൃഷ്ടിയാണ്. എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അങ്ങ് തരുന്നു. സത്യവും ധര്‍മ പ്രവര്‍ത്തനവും നടത്താന്‍ ഐശ്വര്യം വേണം. ആ ഐശ്വര്യം തന്നാലും. ആ ഐശ്വര്യം ലഭാക്കാന്‍ നല്ല ബുദ്ധി വേണം. ബുദ്ധി നല്കി ഈശ്വരാ ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ ഞങ്ങള്ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും (പശു എന്നാല്‍ ഐശ്വര്യാ മുള്ളത് എന്നാണു. കുതിര മുന്നോട്ടു മാത്രമെ പോകു . മുന്നോട്ടു കുതിക്കുന്ന ഐശ്വര്യം). ഐശ്വര്യ സ്വരൂപമേ അങ്ങയുടെ ദയയാല്‍ ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.


ഓം ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മധ്യേ ആഹ്നാം.
ഉതോദിതാ മഘവന്‍ത്സൂര്യസ്യ വയം ദേവനാങ്‌ഗ് സുമതൌസ്യാമ.



അര്ത്ഥം : അല്ലയോ ഭഗവാനെ ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകട്ടെ. സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ. അങ്ങിനെ ഞങ്ങള്ക്ക് ഈ രാവിലെയും ഉച്ചക്കും ഐശ്വര്യവും ശക്തിയും ഉണ്ടാകട്ടെ. അതുമാത്രമല്ല ഈ ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് നല്ലവരുമായി അടുക്കാന്‍, സമയം ചെലവഴിക്കാന്‍ കഴിയുമാറാകട്ടെ. നല്ല വിദ്വാന്‍മാരുടെയും ധര്മത്തില്‍ ജീവിക്കുന്നവരുറെയും നല്ല ബുദ്ധി ഉള്ളവരുടെയും പ്രേരണ ലഭിക്കേണമേ. അങ്ങിനെ ഞങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവരാകട്ടെ. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ ഞാന്‍ സദാ പ്രവര്‍ത്തിചെയ്യും. ആ പണം വീടിന്റെ ഐശ്വര്യത്തിനും നാടിന്റെ ഐശ്വര്യത്തിനും ഞാന്‍ നല്കും.


ഓം ഭഗ ഏവ ഭഗവാംങ് അസ്തുദേവാ സ്തേന വയം ഭഗവന്ത:സ്യാമ.
തംത്വാ ഭാഗസര്‍വ ഇജ്ജോഹവീതിങ്സനോ ഭഗ പുര ഏകാ ഭവേഹ.



അര്ത്ഥം : ഈശ്വരാ അങ്ങയുടെതാണ് എല്ലാ ഐശ്വര്യവും. ആ ഐശ്വര്യം എന്റെ വീട്ടിലും ഉണ്ടാകണമേ . ഈശ്വരാ ഉള്ളഴിഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ഐശ്വര്യവും അങ്ങ് നല്‍കിയാലും. അത് ഞാന്‍ ഈ ലോകത്തിന്റെ ഉപകാരത്തിനു ഉപയോഗിക്കും. അതിന് എന്റെ ഈ ശരീരം, മനസ്സ്, ധനം എന്നിവ പ്രയോഗിക്കാന്‍ ഈശ്വരാ അനുഗ്രഹിച്ചാലും.

വീട്‌ നിര്‍മ്മിക്കേണ്ടത്‌ എവിടെ


നമുക്ക്‌ ഭൂമിയുണ്ട്‌ ; വീട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു.പക്ഷെ ആ വസ്തുവില്‍/ പുരയിടത്തില്‍ എവിടെ വീട്‌/ പുര പണിയണം?

വാസ്തുശാസൃതം അതിന്‌ ഉത്തരം നല്‍കുന്നുണ്ട്‌. ചെറിയ പറമ്പാണെങ്കില്‍ - രണ്ടോ മൂന്നോ സെന്റ്‌ -അതിലങ്ങോട്ട്‌ വീട്‌ വെക്കുകയേ നിവൃത്തിയുള്ളൂ. വാസ്തു പരിഗണനകള്‍ കണിശമായി പലിക്കാനാവില്ലല്ലോ.

വലിയപറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‍പക്ഷേത്രവിധി പ്രകാരം ചെറിയപറമ്പുകളില്‍ കണക്കാക്കേണ്ടതില്ല.

ചെറിയ സ്ഥലമാണെങ്കില്‍ വീടിന്റെ നടുഭാഗം, തെക്ക്‌-പടിഞ്ഞാറു ഭാഗത്തോട്‌ ചേര്‍ന്നോ, വടക്ക്‌-കിഴക്ക്‌ ഭാഗത്തോട്‌ ചേന്നോ ആവണം. . പറമ്പിന്റെ മധ്യത്തില്‍ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ല എന്നാണ്‌ ആചാര്യ മതം.

സമാന്യം വലിയ പറമ്പാണെങ്കില്‍കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

വീട്‌ ഉണ്ടാക്കേണ്ട ഭൂമിയെ വടക്കു തെക്കായും , കിഴക്കുപടിഞ്ഞാറായും വശങ്ങളില്‍ നിന്ന്‌ നേര്‍ രേഖവരച്ച്‌ നാലു ഭാഗമായി വിഭജിക്കുക. ഇവയില്‍ വടക്ക്‌-കിഴക്ക്‌ ഭാഗത്തിലോ, തെക്ക്‌-പടിഞ്ഞാറ്‌ ഭാഗത്തിലോ ആണ്‌ വീട്‌ പണിയേണ്ടത്‌ എന്ന്‌ വാസ്തു ശാസ്ത്രം അ൹ശാസിക്കുന്നു.

അതില്‍ തന്നെ തിരഞ്ഞെടുത്ത ഭൂമിയുടെ മദ്ധ്യത്തോടുചേര്‍ന്നുവേണം വീട്‌ വെക്കാന്‍. എന്നാല്‍ കൃത്യമായി നടുക്ക്‌ ആവാ൹ം പാടില്ല. അതിര്‍ത്തിയോടുചേര്‍ത്തു വീട്‌ വെക്കരുത്‌. ഗൃഹമദ്ധ്യസൂത്രം തടസ്സപ്പെടുന്ന രീതിയില്‍ ഭിത്തി, തൂണ്‌, ടോയ്‌ലറ്റ്‌ തുടങ്ങിയവ വരുന്നത്‌ ശുഭകരമല്ല

കൂടുതല്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ വീടുവെക്കുമ്പോള്‍ ആ സ്ഥലത്ത്‌ ഉള്‍ക്കൊള്ളിക്കാവുന്ന സമചതുരമായി വാസ്തുവിനെ കണക്കാക്കണം. കിഴക്ക്‌ വശത്തെ മദ്ധ്യത്തില്‍ നിന്നും പടിഞ്ഞാറ്‌ വശത്തെ മദ്ധ്യം വരെബ്രഹ്മസൂത്രവും തെക്കുവടക്കുദിശയില്‍ വാസ്തുമദ്ധ്യത്തില്‍ യമസൂത്രവും കണക്കാക്കുന്നു.അപ്പോള്‍ ഭൂമി വീണ്ടും നാലു ചെറിയ സമചതുരാമാവുന്നു 

അതില്‍ ഒന്നില്‍, വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. ഈ രീതിയില്‍ വീടുള്‍ ഉണ്ടാകുമ്പോള്‍, തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്ന്‌ വടക്കുകിഴക്കേ മൂല വരെയുള്ള കര്‍ണസൂത്രവും തട്ടാതെ നോക്കണം.

ഈ വിധത്തില്‍ രേഖ നാല്‌ ആക്കി തിരിച്ച്‌ അതില്‍ വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. 

എന്നാല്‍ ചെറിയ പറമ്പുകളില്‍ 'അല്‍പക്ഷേത്രവിധി' പ്രകാരം ആകെ ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി വീടുണ്ടാക്കാം, വാസ്തുമദ്ധ്യത്തില്‍ നിന്ന്‌ ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ നീക്കി നിര്‍ത്തുന്നതാണ്‌ നല്ലത്‌.പിശാചവീഥിയും ഒഴിവാക്കണം.


Wednesday, 1 August 2012

മഹാഭാരതത്തിലെ ഗുണപാഠം


ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.

മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.







ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.
പാണ്ഡവരോട് കൂറുകാണിച്ചു എന്ന പേരില്‍ പലപ്പോഴും കൗരവര്‍ മുത്തച്ഛനെ കുറ്റപ്പെടുത്തുന്നുമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ കൗരവരുടെ പ്രധാന സേനാപതിയായിരുന്നു. ശിഖണ്ഡിയുടെ സഹായത്താല്‍ അര്‍ജ്ജുനന്‍ ഭീഷ്മരെ പരാജയപ്പെടുത്തി ശരശയ്യയില്‍ വീഴ്ത്തുന്നു. ഹസ്തിനപുരവും ആയി അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ ജീവന്‍, ആ രാജ്യത്തിന് മോചനം കിട്ടിയതിനുശേഷമാണ് മോക്ഷപ്രാപ്തി നേടുന്നത്. ശരശയ്യയില്‍ കിടക്കുന്ന സമയത്ത് പലപ്പോഴും ഗംഗാദേവി വന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഹസ്തിനപുരത്തെ ഈ അവസ്ഥയിലാക്കി വരാന്‍ സാധ്യമല്ല എന്നദ്ദേഹം പറയുന്നു. പിതാവിന്റെ നന്മയ്ക്കുവേണ്ടി മുന്‍പില്‍ നോക്കാതെ ചെയ്ത ശപഥമാണല്ലോ ആ പുണ്യാത്മന്റെ ജീവിതം ഇത്രത്തോളം ആക്കിത്തീര്‍ത്തത്. വാസ്തവത്തില്‍ ഭീഷ്മര്‍ തന്റെ ജീവിതം പിതാവിനു വേണ്ടി ഹോമിക്കുകയല്ലേ ചെയ്തത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. നാം ഒരിക്കലും ഒന്നിലും എടുത്തുചാടരുത്. വീണ്ടുവിചാരമില്ലാതെ പ്രവൃത്തിക്കുന്നവര്‍ക്ക് ഫലം ആപത്താണെന്നതില്‍ സംശയമില്ല.
ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതുപോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.
മഹാഭാരത യുദ്ധത്തില്‍ ദ്രൗപതിക്കും അവരുടേതായ പങ്കുണ്ട്. ചൂതുകളിച്ച് പരാജിതരായിരുന്ന പാണ്ഡവരുടെ മുന്നില്‍വച്ച് കൗരവര്‍ നടത്തിയ വസ്ത്രാക്ഷേപമാണ് ദ്രൗപതിയുടെ മനസ്സില്‍ കൗരവരോടുള്ള വൈരാഗ്യത്തെ വളര്‍ത്തിയത്. ഇതേ സഭയില്‍ വച്ചാണ് ഭീമന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊല്ലും എന്ന് ശപഥം ചെയ്യുന്നതും. ബാലന്‍മാരായിരിക്കെ തന്നെ ഭീമനും ദുര്യോധനനും ബദ്ധ ശത്രുക്കളാണ്. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരന് പാഞ്ചാലിയേയും പണയം വയ്‌ക്കേണ്ടിവരുന്നു. ധര്‍മ്മനിഷ്ഠനായാലും യുധിഷ്ഠരന്‍ ചെയ്ത ഈ പ്രവൃത്തി ധര്‍മ്മത്തിന് നിരക്കാത്തത് അല്ലേ? പാഞ്ചാലി ഭീഷ്മരുടെ മുന്നില്‍ വച്ചുതന്നെ ഈ നീചപ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്ക്കുന്ന ഒന്നാണല്ലോ ചൂതുകളി. ഈ ചൂതുകളി എല്ലായിപ്പോഴും നാശമേവരുത്തുകയുള്ളൂ. ഈ ചുതുകളിയാണല്ലോ മഹാഭാരത യുദ്ധത്തിന്റെ ആദ്യ വിത്ത് വിതച്ചത്.
മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തിച്ചത് ശകുനിയുടെ കുടിലബുദ്ധിയായിരുന്നു. തങ്ങളുടേയും നാശം ആണ് അമ്മാവന്‍ ആഗ്രഹിക്കുന്നതെന്ന് പാവം ദുര്യോധനന്‍ അറിഞ്ഞിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളായാലും നമ്മില്‍ നിന്ന് ഒരു നിശ്ചിത അകലം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ വാക്കിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതും ബുദ്ധിപരമല്ല. തെറ്റായാലും ശരിയായാലും നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം ഏതൊരു കാര്യത്തിനും വേണം.
‘ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെ വസിപ്പിന
ശത്രുക്കള്‍ ശത്രുക്കളാകുന്നിതേവരൂം”
ശകുനിയെ സംബന്ധിച്ച് രാമായണത്തിലെ പ്രസ്തുത വരികള്‍ എത്ര അര്‍ത്ഥവത്താണ്. ശകുനിയുടെ സ്്‌നേഹമാണെന്നേ കൗരവര്‍ കരുതിയുള്ളൂ. കൗരവരെ എങ്ങനെയും നശിപ്പിക്കണം എന്ന ഒരൊറ്റ ചിന്തയെ ശകുനിക്കുണ്ടായിരുന്നുള്ളൂ. വിഷം തേനില്‍ അധികമെന്തിന്, ഒരു തുള്ളിപോരേ?
ജന്മനാതന്നെ തന്റെ കര്‍മ്മങ്ങളെ ഇച്ഛാനുസരണം നടത്തുവാനുളള യാതൊരു അധികാരവും ഇല്ലാതിരുന്ന മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ദാനവീരനായ കര്‍ണ്ണന്‍. വിവാഹത്തിനു മുന്‍പ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ കുഞ്ഞാണ് കര്‍ണ്ണന്‍. അപമാന ഭാരത്താല്‍ കുന്തി കര്‍ണ്ണനെ ഒരു പെട്ടിയിലടച്ച് നദിയില്‍ ഒഴുക്കി. ഒരു തേരാളിയുടെ വളര്‍ത്തു പുത്രനായി കര്‍ണ്ണന്‍ വളര്‍ന്നു വലുതായി. ക്ഷത്രിയരോടൊപ്പം ആയുധാഭ്യാസം പഠിക്കാന്‍പോലും കര്‍ണ്ണു സാധിക്കുന്നില്ല. ഒരു ദിവസം കൗരവരും, പാണ്ഡവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണ്ണനും പങ്കെടുക്കാന്‍ പോകുന്നു. അവിടെ വച്ച് തേരാളിയുടെ പുത്രന് ആയുധാഭ്യാസത്തിനെന്തുകാര്യം എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നു. ആ സമയത്ത് ദുര്യോധനനാണ് കര്‍ണ്ണന്റെ അഭിമാനം രക്ഷിക്കാനുണ്ടായിരുന്നത്.
ദുര്യോധനന്‍ കര്‍ണ്ണനെ ആ സഭയില്‍ വച്ചുതന്നെ അംഗരാജാവിയി വാഴിച്ചു. അന്ന് ആ സഭയില്‍ വച്ചുണ്ടായ കര്‍ണ്ണന്റെ ദുര്യോധനനോടുള്ള കടപ്പാടാണ് കര്‍ണ്ണനെ മരണം വരെ എത്തിച്ചത്. അന്നുമുതല്‍ കര്‍ണ്ണന്റെ ജീവിതം ദുര്യോധനനു വേണ്ടി മാത്രമായിരുന്നു. എന്തിന് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യംപോലും കര്‍ണ്ണനുണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് എന്താണ് വില? പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നിശ്ചയിച്ച ശേഷം കുന്തി ഒരുദിവസം കര്‍ണ്ണനോട് സത്യാവസ്ഥ തുറന്നുപറയുന്നു. പാണ്ഡവരുടെ ജ്യോഷ്ഠനാണെന്നും അതിനാല്‍ യുദ്ധത്തില്‍ അവരോടൊപ്പം പങ്കുചേരണം എന്നു പറയുന്നു. എന്നാല്‍ കടപ്പാടിനു നടുവില്‍ നില്ക്കുന്ന കര്‍ണ്ണന്‍ നിസ്സഹായനായിരുന്നു. എന്നിട്ടും എങ്ങനെയായാലും അമ്മയ്ക്ക് അഞ്ചുമക്കള്‍ എന്നും ജീവിച്ചിരിക്കും എന്ന് വാക്കും കൊടുത്തു. ഇതിനെല്ലാം കാരണം സ്വന്തം പുത്രനെന്നു പറയാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുരഭിമാനമല്ലേ.
തന്റെ കുറ്റം അല്ലെങ്കില്‍ പോലും മാതാവും സഹോദരങ്ങളും ജീവിച്ചിരിക്കെ ഏകനായി അന്യന്റെ ആജ്ഞാനുസരണം ജീവിക്കകു, ഒടുവില്‍ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുക, അങ്ങനെ ഒരു ദുഃഖ കഥാപാത്രമാണ് കര്‍ണ്ണന്‍. പാണ്ഡവരുടെ വിജയത്തിനു വേണ്ടി ഇന്ദ്രന്‍ ബ്രഹ്മവേഷധാരിയായി വന്ന് കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നു. ദാനവീരനായ കര്‍ണ്ണന്‍ യാതൊരു വിസ്സമ്മതവുമില്ലാതെ, പിതാവിന്റെ വാക്കുകളും ധിക്കരിച്ച് അത് ഇന്ദ്രന് ദാനം നല്‍കുന്നു. കര്‍ണ്ണന്റെ മരണത്തിനു കാരണവും ഇതാണല്ലോ, യുദ്ധസമയത്ത് എല്ലാം അറിയാവുന്ന ഭീഷ്മര്‍പോലും തന്റെ കൊടിക്കീഴില്‍ നിന്ന് കര്‍ണ്ണനെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. ഭീഷ്മരുടെ പതനത്തിനു ശേഷമാണല്ലോ കര്‍ണ്ണന്‍ പ്രധാന സേനാപതിയായത്. നാം രാജാവിന്റെ മക്കളായി ജനിച്ചാലും ഒരു പാവപ്പെട്ടവന്റെ മക്കളായി ജനിച്ചാലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജീവിതം ഒരിക്കലും ആര്‍ക്കും കടപ്പെട്ടത് ആവരുത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കര്‍ണ്ണന്റെ പിന്‍ബലം കൂടി ഉണ്ടായിരുന്നതുകൊണ്ടല്ലേ ദുര്യോധനന്‍ ഇത്ര അഹങ്കാരിയും ദുര്‍മ്മോഹിയും ആയിത്തീര്‍ന്നത്. യുദ്ധത്തിന്റെ കാരണങ്ങളില്‍ കര്‍ണ്ണനും തന്റെതായ പങ്കുവഹിക്കുന്നുണ്ട്.
ധര്‍മ്മം, ഈശരഭക്തി, ഗുരുഭക്തി, സത്യം, ദയ, നീതിസ്‌നേഹം, ത്യാഗം എന്നീ ഗുണങ്ങളുടെ മൂര്‍ത്തിഭൂതമാണ് യുധിഷ്ഠരന്‍. എന്നാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈ യുധിഷ്ഠരന്‍ പോലും യുദ്ധ സമയത്ത് അശ്വത്ഥാമാ മരിച്ചു എന്നു കള്ളം പറഞ്ഞു. വാസ്തവത്തില്‍ അശ്വസ്ഥമായെന്ന ആനയാണല്ലോ മരിച്ചത്. ചൂതുകളിയില്‍ എല്ലാം നഷ്ടമായ യുധിഷ്ഠരന്‍ അവസാനം ഭാര്യയായ പാഞ്ചാലിയെയും പണയം വയ്‌ക്കേണ്ടിവരുന്നു. ഇതും ധര്‍മ്മമാണോ? ധര്‍മ്മം നിലനിര്‍ത്താന്‍വേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുതെറ്റും ഇല്ലെന്നാണല്ലോ ഭഗവാന്‍ കൃഷ്ണന്റെ പക്ഷം എന്തൊക്കെയായാലും യുദ്ധാവസാനം കൗരവരുടെ നാശത്തോടെ പാണ്ഡവര്‍ ഹസ്തിനപുരം വീണ്ടെടുത്തുവെങ്കിലും യുധിഷ്ഠിരന് തങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം തോന്നുന്നു. തങ്ങളുടെ രാജ്യമോഹം ആണല്ലോ ജ്യേഷ്ഠനായ കര്‍ണ്ണന്റെ മരണത്തിന് കാരണമാക്കിയതെന്ന് യുധിഷ്ഠിരന്‍ ചിന്തിക്കുന്നു. പശ്ചാത്താപവിവശനായ യുധിഷ്ഠരനോട് നാരദമുനി കര്‍ണ്ണനെ കുറിച്ച് പറയുന്നു.
പരശുരാമന്റെ അടുക്കല്‍ ബ്രാഹ്ണനാണെന്ന് പറഞ്ഞ് കര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചു. ഒരു ദിവസം പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. ആ സമയം ഒരു വണ്ട് കര്‍ണ്ണന്റെ തുടയില്‍കടിച്ചിരുന്നു. ഗുരുവിന്റെ ഉറക്കത്തിന് വി്ഘനം വരുത്താതിരിക്കാന്‍ വേദനയും സഹിച്ചിരുന്നു. പെട്ടെന്നുണര്‍ന്നു പരശുരാമന്‍ കണ്ട കാഴ്ച അദ്ദേഹത്തിനെ കോപാകുലനാക്കി. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ കര്‍ണ്ണനെ അദ്ദേഹം ശപിച്ചു. ആ ശാപത്തിന്റ ഫലമാണ് യുദ്ധത്തിനിടയില്‍ കര്‍ണ്ണന്റെ തേര് ചെളിയില്‍ താണുപോയത്. ഭീമന്റെ പുത്രനായ ഘടോല്‍കചന്‍ യുദ്ധത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്നത് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്. കാരണം കര്‍ണ്ണന്റെ കയ്യില്‍ അതിശക്തിയുള്ള ഒരു വേലുണ്ട്. അത് നഷ്ടമാക്കാന്‍ വേണ്ടിയായിരുന്നു ഘടോത്കചന്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ. നാരദമുനി ഇത്രയൊക്കെ പറഞ്ഞിട്ടും യുധിഷ്ഠിരന്റെ ദുഃഖത്തിന് ഒരു കുറവും വന്നില്ല. യുധിഷ്ഠിരന്റെ രാജ്യാഭിഷേകശേഷം കൃഷ്ണനോടൊപ്പം പാണ്ഡവര്‍ ഭീഷ്മരെ കാണാന്‍ എത്തുന്നു. യുധിഷ്ഠരനോടുള്ള ഭീഷ്മരുടെ ഉപദേശം മഹാഭാരതത്തിലെ പ്രധാന ഭാഗമാണ്. അതിനുശേഷം ഭീഷ്മര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. ഭീഷ്്‌മോപദേശത്തോടുകൂടി മഹാഭാരതത്തിലെ 15-ാംമത്തെ പര്‍വ്വമായ ശാന്തി പര്‍വ്വം ഭംഗിയായി പര്യവസാനിക്കുകയാണ്.
മഹാഭാരതം കഥയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രം ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. യശോദയുടേയും നന്ദഗോപരുടേയും മകനായി പിറന്ന കൃഷ്ണന്റെ ജനനോദ്ദേശ്യം തന്നെ അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മത്തെ സ്ഥാപിക്കുകയും, ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ പരിപാലിക്കുകയും ആണല്ലോ കൗരവരും, പാണ്ഡവരും തമ്മിലുള്ള യുദ്ധത്തില്‍ ധര്‍മ്മവൃക്ഷമാകുന്ന യുധിഷ്ഠരന്‍ ബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണനാകുന്ന പേരിന്‍മേലാണ് നിലനില്ക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് പാണ്ഡവരെ എല്ലാ ആപത്തുകളില്‍നിന്നും രക്ഷിച്ചത്. പാണ്ഡവര്‍ ഈശ്വരവിശ്വാസികളും, ഭക്തന്മാരുമാണ്. കൗരവരുടെ കാര്യത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് എത്രയൊക്കെ ധനവും, സമ്പത്തും, ഐശ്വര്യവും, ഉണ്ടായിരുന്നാലും അഹങ്കാരിയും, എളിമയില്ലാത്തവനും, നിരീശ്വരവാദികളും ആയിരുന്നാല്‍ അവരുടെ ജന്മം പാഴായി പോവുകയേഉള്ളൂ. ആ ജന്മം കൊണ്ട് എന്ത് ഫലം. ധൃതരാഷ്ട്രര്‍ക്കും, ഗാന്ധാരിക്കും 101 മക്കളും, രാജ്യവും ധനാദികളും ഉണ്ടായിരുന്നിട്ടും ഒരു ദിവസം എങ്കിലും അവര്‍ മനസന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ? മക്കളെക്കുറിച്ച് അവര്‍ക്ക് ദുഃഖം അല്ലാതെ എന്തെങ്കിലും നേടിയിട്ടുണ്ടോ? യുദ്ധാവസാനം എല്ലാ മക്കളും, ബന്ധുക്കളും നഷ്ടപ്പെട്ടശേഷം അവര്‍ വനവാസത്തിനു പോകുന്നു. മഹാഭാരതത്തില്‍ നിന്നും പഠിക്കേണ്ട അതിപ്രധാനമായ ഒരു തത്ത്വമാണ്.
‘ദൈവമേവ ബലം മന്യേ
പൗരുഷം ഹി നിരര്‍ത്ഥകം’
ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുകൂല്യം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജവും ആണെന്നുളള മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്.
കടപ്പാട്  : അനിത