നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, 8 August 2012

കാവടി


മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട്. കാവുപോലെ തുലാസുപോലെ ഉള്ള് വടി എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്. തുലാസിൽ (കാവടി)യിൽ കൊണ്ടുപോകുന്ന സാധനത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ

പാൽക്കാവടി,ഭസ്മക്കാവടി,പീലിക്കാവടി,തൈലക്കാവടി. എന്നിവ പ്രധാനം.
മധ്യകേരളത്തിൽ പൂരത്തോടനുബന്ധിച്ചുള്ള ഒരു പ്രധാനആഘോഷമാണ് കാവടിയാട്ടം. പലതരത്തിലുള്ള കാവടികളുണ്ട്.

പൂക്കാവടി 

വർണ്ണകടലാസും മറ്റ് അലങ്കാര വസ്തുക്കളും മുളയുടെ ഒരു ഫ്രയിമിൽ പശ ഉപയോഗിച്ച് ഒട്ടിച്ച് ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള കാവടികൾ. നിലനിലയായി ഉണ്ടാക്കുന്ന് ഇത്തരത്തിലുള്ളവ ഒരാൾക്ക് നിഷ്പ്രയാസം എടുത്ത് തലയിൽ വച്ച് കാവടിയാടാം.

അമ്പലക്കാവടി

മരം ഉപയോഗിച്ച് നിലനിലയായി ഉണ്ടാക്കി അതിൽ മയിൽ പീലിയും സ്പടിക കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്നു. പീലിക്കാവടി എന്നും ഇതിനെ വിളിയ്ക്കുന്നു.


താലപ്പൊലി

കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളിൽ നേർച്ചയായി നടത്തിപ്പോരുന്ന ഒരു ചടങ്ങ് ആണ് താലപ്പൊലി . കുളിച്ച് ശുഭ്രവസ്ത്രങ്ങളും കേരളീയമായ അലങ്കാരവസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന സമ്പ്രദായം. ഭദ്രകാളി ക്ഷേത്രങ്ങളിൽ കുറെക്കാലം മുമ്പുവരെ ഇതു പതിവായി നടത്തിവന്നിരുന്നു; ഇപ്പോഴും ഈ പതിവ് നിലവിലുണ്ട് .

മംഗളകരമായ ദാമ്പത്യത്തിനുവേണ്ടിയുള്ള നേർച്ചയാണിത്. താലംകൊണ്ട് പൊലിക്കുക അഥവാ ഐശ്വര്യം വരുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. ഇപ്പോൾ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാതിഥികളെയും ആനയിക്കാൻ താലപ്പൊലി നടത്താറുണ്ട്‌ .



തുളസിത്തറ


ഭാരതത്തിൽ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് തുളസിക്ക് പ്രത്യേകമായി തറയുണ്ടാക്കി നട്ടു വളർത്താറുണ്ട്, ഇതിനെയാണ് തുളസിത്തറ എന്നു പറയുന്നത്. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായി കരുതുകയും ചെയ്യുന്നു. ഈ തുളസീതറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ്‌ പ്രദക്ഷിണം വയ്ക്കണം സന്ധ്യക്ക്‌ തുളസിത്തറയിൽ തിരിവെച്ച്‌ ആരാധിക്കുകയും ചെയ്യാറുണ്ട്.

ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു.
തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽപോലും പാപനാശനവും, തൊഴുകമാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായും വിവരിക്കുന്നു. രാത്രിയിൽ തുളസി തൊടരുതെന്നും ഇതളുകൾ പറിക്കരുതെന്നും ഹൈന്ദവർ വിശ്വസിക്കുന്നു

നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷ പ്രദേ ദേവി
നമ: സാപത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാ പദ് ഭ്യോf പി സര്‍വ്വദാ
കീര്‍ത്തീതf പി സ്മൃതാ വാf പി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാവിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കില്ബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്‍മൂലേ സര്‍വ്വ തീര്ത്ഥാനി
യന്‍മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ: പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സംപത്ത് പ്രദായികേ

മുറ്റത്ത് തുളസിത്തറ നൽകേണ്ടതിന് പ്രത്യേക ദിക്കുകൾ വാസ്തുശാസ്ത്രത്തിൽ പറയുന്നില്ല. ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്.



Tuesday, 7 August 2012

വീട് - മുറികളുടെ സ്ഥാനം


ഗുണപരമായ ഒരു വീട് വെക്കണം എങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ വാസ്തു അനുസരിച്ചുള്ള ഒരു വീട് നമുക്ക് ലഭിക്കു. അതുകൊണ്ട് ഈശ്വരനോട് പ്രാര്‍ത്ഥിക്കുക .

വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് . എല്ലാ മുറികളും വാസ്തു ശാസ്ത്രത്തിലെ ആയാദി ഷഡ്വര്‍ഗ നിയമം അനുസരിച്ച് വേണം തയ്യാറാക്കാന്‍ .

ആധുനിക ശാസ്ത്രത്തില്‍ ഇല്ലാത്തതും , വാസ്തുവില്‍ ഉള്ളതുമായ ഒരേ ഒരു കാര്യം ആയാദി ഷഡ് വര്‍ഗമാണ്. പ്രധാന വാതിലിന്റെ നേരെ മുന്‍പിലായി മരമോ തൂണ് കളോ ഒന്നും വരരുത്. അത് വേധം ആയി വരും. പ്രത്യേകിച്ച് മാവ് വരരുത്. മരണം, സന്താന നാശം, ബന്ധനം എന്നിവ ഫലം.

കുളിമുറി

ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്ത്‌, വടക്ക് ഭാഗത്തും ആകാം.

കിടപ്പുമുറി

യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം സമയം ഉറങ്ങാനായ്‌ എടുക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പ് മുറിക്ക് ഉണ്ടാകുന്ന വാസ്തു ദോഷം നമ്മളെ ബാധിക്കും എന്നതില്‍ തര്‍ക്കം ഇല്ല. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ഒരിക്കലും തല വടക്ക് വച്ച് കിടക്കരുത്. തല തെക്ക് വച്ച് വേണം കിടക്കാന്‍ . അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലും ദമ്പതിമാര്‍ കിടക്കരുത്. എന്നും കലഹം ആയിരിക്കും ഫലം. കിടപ്പ് മുറിയില്‍ വിലപിടിച്ച സാധനങ്ങള്‍ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ വടക്കോട്ട്‌ തുറക്കത്തക്ക തരത്തില്‍ വേണം വയ്ക്കുവാന്‍ .

കുട്ടികളുടെ പഠനമുറി - കുട്ടികളുടെ പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോണ്‍ ദിക്കിലെ മുറികള്‍ ഒഴിവാക്കണം. മുറിയില്‍ മങ്ങിയ പച്ച വെളിച്ചം ഉണ്ടായാല്‍ അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളര്‍ത്തും. സരസ്വതി ദേവിയെയും, കൃഷ്ണ ഭഗവാനെയും പ്രാര്‍ത്ഥിക്കുന്നത്‌ പഠനത്തിനു നല്ലതാണ്.

അടുക്കള 

വീടിന്റെ തെക്ക് കിഴക്ക് ഭാഗം ആണ് അടുക്കളക്ക് ഉചിതം. ഏക യോനിയോ ഗജ യോനിയോ ആവാം. കിഴക്ക് ഭാഗത്ത്‌ ജനല്‍ ഉണ്ടാവണം. വാതില്‍ കോണുകളില്‍ വരരുത്. ഫ്രിഡ്ജ്‌ വടക്ക് കിഴക്കും, തെക്ക് പടിഞ്ഞാറും ആവരുത്. പാചകം കിഴക്ക് നോക്കി ചെയ്യുവാന്‍ പറ്റണം. സ്ഥലം കൂടുതല്‍ ഉള്ളവര്‍ക്ക് അടുക്കള വേറിട്ടു പണിയാം. അങ്ങനെ ചെയ്യുമ്പോള്‍ വീടും അടുക്കളയും തമ്മിലുള്ള ദൂരം, ചുറ്റുമതിലും അടുക്കളയും തമ്മിലുള്ള ദൂരത്തേക്കാള്‍ കുറവായിരിക്കണം.

പൂജാമുറി 

പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് ഭാഗത്തോ, ബ്രഹ്മ സ്ഥാനത്തോ, വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. അതുകൊണ്ട് ധനവും മനസ്സമാധാനവും ലഭിക്കും. ദേവന്‍ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മള്‍ തൊഴാന്‍ . ദേവന്റെ വടക്ക് ദര്‍ശനവും നല്ലതാണ്. മറ്റു സ്ഥലങ്ങളിലെ പൂജാ മുറി നമുക്ക് അസ്വസ്ഥത നല്‍കും. മരിച്ചു പോയവരുടെ പടം പൂജാമുറിയില്‍ വയ്ക്കരുത്. പൂജാ സാധങ്ങള്‍ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. വിഗ്രഹങ്ങളെ മുഖാമുഖം വക്കരുത്. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വച്ച് പൂജിക്കരുത്. വീട്ടില്‍ രണ്ടു ശിവ ലിംഗങ്ങള്‍ , മൂന്നു ഗണപതി, രണ്ടു ശങ്കുകള്‍ ,മൂന്നു ദേവി പ്രതിമകള്‍ ,രണ്ടു സാളഗ്രാമങ്ങള്‍ എന്നിവ ഒരുമിച്ചു പൂജിക്കരുത്.


വീട് പണിയും മുന്‍പ് ജാതകം ഒന്ന് പരിശോധിക്കണം. അനുകൂല സമയം എങ്കില്‍ മാത്രമേ വീട് പണിക്കു തുടക്കം ഇടാവൂ. അതും നല്ല മുഹൂര്‍ത്തത്തില്‍ മാത്രം ചെയ്യണം. വര്‍ഷങ്ങളായി പണി തീരാത്ത വീടുകള്‍ നമ്മള്‍ കാണുന്നത് ആണല്ലോ.

ധര്‍മദേവതയെ പ്രാര്‍ത്ഥിക്കുന്നത് എല്ലാ കാര്യത്തിനും നല്ലതാണ്. ഒരു നല്ല വീട് ഉണ്ടാവാന്‍ ധര്‍മദേവതകള്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.


പൊരുത്തവും മുഹൂര്‍ത്തവും വിവാഹവും


പൊരുത്തം, മുഹൂര്‍ത്തം എന്നിവയ്ക്ക് വിവാഹത്തില്‍ നിര്‍ണ്ണായക പ്രാധാന്യമുണ്ടന്ന് പ്രമാണങ്ങള്‍ പറയുന്നു.

ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്റെ ബലം, സ്ഥിതി, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളുമായുള്ള അതിന്റെ ബന്ധം തുടങ്ങിയവയ്ക്ക് ആ വ്യക്തിയുടെ മനോഘടനയുമായി വളരെയധികം ബന്ധമുണ്ട്. മനസിന്റെ കാരകന്‍ തന്നെ ചന്ദ്രനാണ്. പക്ഷബലം ഇല്ലാത്തതോ പാ!പഗ്രഹ യോഗത്തോട് കൂടിയതോ ആയ ചന്ദ്രന്‍ ജാതകത്തിലുള്ളവരുടെ മനസ് ദുര്‍ബലമോ രോഗാതുരമോ ആയിരിക്കുമെന്നാണ് ജ്യോതിഷമതം.ജ്യോതിഷത്തില്‍ നക്ഷത്രപൊരുത്തം കണക്കാക്കുന്നതിന്റെ അടിസ്ഥാനവും ഇരു ജാതകളുടെയും ചന്ദ്ര സ്ഥിതിയാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള മാനസികമായ പൊരുത്തം സൂക്ഷ്മമായി അറിയാന്‍ ഈ പൊരുത്ത വിചിന്തനവും ജാതകപരിശോധനയും സഹായിക്കുന്നുണ്ട്. ജാതകത്തിന്റെ അഞ്ചാം ഭാവം പരിശോധിച്ചാല്‍ ഈ ജാതകന്റെ മനസ്, ബുദ്ധി എന്നിവയെക്കുറിച്ച് അറിയാം. പഞ്ചമഭാവം കൊണ്ട് മനോഗുണം തുല്യമായി വരുന്ന ജാതകര്‍ക്ക് മനപ്പൊരുത്തം ഉണ്ടെന്ന് പറയാം.ഒരു വ്യക്തി സാധ്വിക ഗുണാധിക്യമുള്ളവനാണെന്ന് കരുതുക. ആ വ്യക്തിയുടെ ജാതകത്തില്‍ അഞ്ചാം ഭാവവുമായി വ്യാഴം തുടങ്ങിയ ശുഭ ഗ്രഹങ്ങള്‍ ബന്ധപ്പെട്ടിരിക്കും. എന്നാല്‍ അഞ്ചില്‍ ശനി, രാഹു തുടങ്ങിയ താമസഗ്രഹങ്ങള്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയില്‍ താമസ സ്വഭാവങ്ങള്‍ മുന്നിട്ട് നില്‍ക്കും. ഈ വ്യത്യസ്ത ഗുണങ്ങളോട് കൂടിയ വ്യക്തികളുടെ ഒന്നിച്ചുള്ള ജീവിതം എത്രയോ ഭിന്നതകള്‍ നിറഞ്ഞതായിരിക്കും. മനപ്പൊരുത്തത്തില്‍ ജ്യോതിഷം ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്നും ഇവിടെ ഓര്‍ക്കേണ്ടതാണ്.ആയുസ്സ്, ഭാഗ്യം, ആരോഗ്യം, ദശാകാലഫലങ്ങള്‍, സന്താനഭാവം തുടങ്ങിയവ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. വിവാഹത്തിന് രാശിപ്പൊരുത്തം, രാശ്യാധിപപൊരുത്തം, വശ്യപ്പൊരുത്തം, മഹേന്ദ്രപ്പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം, ദിനപ്പൊരുത്തം, സ്ത്രീ ദീര്‍ഘപ്പൊരുത്തം, രജ്ജു, വേധം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതുപോലെ പാപഗ്രഹങ്ങളായ ചൊവ്വ, രാഹു, ശനി, കേതു, സൂര്യന്‍ തുടങ്ങിയവയുടെ ഈ ജാതകങ്ങളിലെ സ്ഥിതിയും 7,8 തുടങ്ങിയ ഭാവങ്ങളുടെ സ്വഭാവവും പരിശോധനാ വിധേയമാക്കേണ്ടതാണ്.ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം നടത്തുന്നതിനും അത്യധികമായ പ്രാധാന്യമുണ്ട്. വേദകാലത്ത് ജാതകപ്പൊരുത്തത്തേക്കാള്‍ പ്രാധാന്യം ശുഭ മുഹൂര്‍ത്തത്തിന് കല്‍പ്പിച്ചിരുന്നു. പൊരുത്തമില്ലായ്മയുടെ ദോഷങ്ങളെപ്പോലും ശുഭമുഹൂര്‍ത്തത്തിലെ വിവാഹം ഹനിച്ചുകളയും എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ പൂര്‍ണ്ണമായും ശുഭമായ മുഹൂര്‍ത്തം ലഭിക്കുക വിഷമമാണ്. പ്രത്യേകിച്ച് കലിയുഗത്തില്‍.

ദിനപ്പൊരുത്തവും സ്ത്രീദീര്‍ഘപ്പൊരുത്തവും


സുഖപ്രദവും സര്‍വ സൌഭാഗ്യങ്ങളോടും കൂടിയ ഒരു വിവാഹ ജീവിതമാണ് നാമെല്ലാം ആഗ്രഹിക്കുക. ഐശ്വര്യപൂര്‍ണമായ ദാമ്പത്യജീവിതത്തിനു വേണ്ടിയാണ് പൊരുത്തങ്ങള്‍ നോക്കാറുള്ളത്. ദീര്‍ഘായുസ്സും ആരോഗ്യവും നെടുമംഗല്യവും പ്രദാനം ചെയ്യുന്ന ദിനപ്പൊരുത്തം, സ്ത്രീദീര്‍ഘപ്പൊരുത്തം എന്നിവയെ കുറിച്ച് മനസ്സിലാക്കാം,

ദിനപ്പൊരുത്തം

“ദിനമായുഷ്യമാരോഗ്യം” എന്നതിനാല്‍ ദിനപ്പൊരുത്തം ഉണ്ടായാല്‍ ദീര്‍ഘായുസ്സും ആരോഗ്യവും ഫലം. കൂടാതെ, സ്ത്രീ പുരുഷന്‍‌മാര്‍ക്ക് മാനസികമായ യോജിപ്പും സുഖജീവിതവും ഈ പൊരുത്തം മൂലമുണ്ടാവുമെന്ന് കണക്കാക്കുന്നുണ്ട്. 

പൊതുവെ, സ്ത്രീ നക്ഷത്രത്തില്‍ നിന്നും 3-5-7 നാളുകള്‍ വര്‍ജ്ജിക്കേണ്ടതാണ്. സ്ത്രീ നക്ഷത്രത്തിന്റെ ഒന്നാം അനുജന്മ നക്ഷത്രത്തില്‍ നിന്നും മൂന്നാമത്തെ നാളിന്റെ ആദ്യ പാദവും അഞ്ചാം നാളിന്റെ നാലാം പാദവും ഏഴാം നാളിന്റെ മൂന്നാം പാദവും പുരുഷന്‍ ജനിച്ച നക്ഷത്ര പാദമായി വന്നാല്‍ വര്‍ജ്ജിക്കേണ്ടതാണ്.

സ്ത്രീ നക്ഷത്രത്തിന്റെ രണ്ടാം അനുജന്‍‌മ നക്ഷത്രത്തില്‍ നിന്നും 3-5-7 നാളുകളുടെ ഏതെങ്കിലും പാദങ്ങള്‍ പാപരാശികളില്‍ വരുന്നുണ്ട് എങ്കില്‍ ആ പാദങ്ങളില്‍ ജനിച്ച പുരുഷനെയും വര്‍ജ്ജിക്കണം. ഇതുകൂടാതെ, സ്ത്രീ ജനിച്ച നക്ഷത്ര പാദത്തില്‍ നിന്നും 88 ആം നക്ഷത്ര പാദത്തിലും 108 ആം നക്ഷത്ര പാദത്തിലും ജനിച്ച പുരുഷനെയും വര്‍ജ്ജിക്കേണ്ടതാണ്. 

സ്ത്രീപുരുഷന്‍‌മാര്‍ ഒരേ നക്ഷത്രജാതരാണെങ്കില്‍ സ്ത്രീയുടെ ചന്ദ്രസ്ഫുടം പുരുഷന്റെ ചന്ദ്രസ്ഫുടത്തിനു പിന്നിലാണെങ്കില്‍ സ്വീകാര്യവും മുന്നിലാണെങ്കില്‍ വര്‍ജ്ജ്യവുമാണ്. രാശിപ്പൊരുത്തമോ യോനിപ്പൊരുത്തമോ ഉത്തമമാണെങ്കില്‍ ദിനപ്പൊരുത്തമില്ലായ്മ കൊണ്ടുള്ള ദോഷം ഉണ്ടാവുന്നതല്ല. രണ്ടാം അനുജന്മ നക്ഷത്രത്തിന്റെ മൂന്നാം നാളിന്റെ ആദ്യ പാദവും അഞ്ചാം നാളിന്റെ നാലാം പാദവും ഏഴാം നാളിന്റെ മൂന്നാം കാലും പാപരാശികളില്‍ വന്നില്ലെങ്കിലും വര്‍ജ്ജിക്കേണ്ടതാണ്.

സ്ത്രീദീര്‍ഘപ്പൊരുത്തം

“സ്ത്രീദീര്‍ഘം സര്‍വ്വസമ്പദഃ” എന്ന പ്രമാണപ്രകാരം ഭൌതികമായ ശുഭാനുഭവങ്ങളും സാമ്പത്തികമായ അഭിവൃദ്ധിയുമാണ് ഈ പൊരുത്തം കൊണ്ട് കണക്കാക്കുന്നത്. സ്ത്രീയുടെ നക്ഷത്രത്തില്‍ നിന്നും പുരുഷന്റെ നക്ഷത്രം പതിനഞ്ചാമത്തേത് മുതലാണെങ്കില്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തം ഉത്തമമാണ്. സ്ത്രീയുടെ നക്ഷത്രത്തില്‍ നിന്നും പുരുഷന്റെ നക്ഷത്രം പരമാവധി അകന്നിരിക്കുന്നതാണ് ഉത്തമം. നെടുമംഗല്യമാണ് ഈ പൊരുത്തത്തിന്റെ മറ്റൊരു പ്രധാന ഫലം. 

സ്ത്രീയുടെ നക്ഷത്രത്തില്‍ നിന്നും 9 നാളുകള്‍ക്കുള്ളിലാണ് പുരുഷന്‍ ജനിച്ചിരിക്കുന്നത് എങ്കില്‍ ശുഭകരമല്ല. 9 മുതല്‍ 14 വരെ മധ്യമമായി കണക്കാക്കാം. 15 മുതല്‍ 27 വരെ ഉത്തമമായും കണക്കാക്കാം. രാശി-രാശ്യാധിപ പൊരുത്തങ്ങള്‍ ഉത്തമമായാല്‍ സ്ത്രീദീര്‍ഘപ്പൊരുത്തത്തിന്റെ അഭാവം പരിഹൃദമാവും. ഈ പൊരുത്തമുണ്ടെങ്കില്‍ ഗണപ്പൊരുത്ത ദോഷത്തിനു പരിഹാരവുമാണ്. പുരുഷ ജാതകത്തില്‍ ആയുര്‍ബലമുണ്ടായിരിക്കുകയും സ്ത്രീക്ക് വൈധവ്യ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്താലും ഈ പൊരുത്തമില്ലെങ്കിലും ദോഷമൊന്നും ഉണ്ടാകുന്നതല്ല.


Sunday, 5 August 2012

ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിരുന്ന്‌ ഇഷ്ടദേവതയെ ധ്യാനിച്ചശേഷമാണ്‌ ജപം ആരംഭിക്കേണ്ടത്‌. അതിന്‌ ആ ദേവതയുടെ ധ്യാനമന്ത്രങ്ങള്‍ ഉപയോഗിക്കാം.എപ്പോഴും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും വേണം ജപിക്കേണ്ടത്‌. തുടക്കത്തില്‍ ശ്രദ്ധയോടെ ജപമാരംഭിച്ചാലുംകുറച്ചുകഴിയുമ്പോള്‍ മനസ്സ്‌ പിടിയില്‍നിന്നും വഴുതി അലഞ്ഞുതിരിയാന്‍തുടങ്ങും. ചിലര്‍ക്ക്‌ നിദ്രവരും. ഇവയെല്ലാം ഒഴിവാക്കി ജപസമയത്ത്‌ തികഞ്ഞ ഉണര്‍വും ശ്രദ്ധയും പാലിക്കേണ്ടതാണ്‌. ഉറക്കം വരുന്നു എന്നു തോന്നിയാല്‍ എഴുന്നേറ്റ്‌ അല്‍പം നടക്കുകയോ ശുദ്ധജലം മുഖത്തുതളിക്കുകയോ ചെയ്തശേഷം വീണ്ടും ജപം തുടരാം.

നിത്യവും 108 ഓ 1008 ഓ തവണയെങ്കിലും ജപം നടത്തേണ്ടതാണ്‌.എണ്ണം കൂടുന്നതനുസരിച്ച്‌ ഫലപ്രാപ്തിയും വേഗത്തില്‍ കൈവരും. രുദ്രാക്ഷം, തുളസി തുടങ്ങിയവയിലേതെങ്കിലും കൊണ്ടു നിര്‍മ്മിച്ച 108 മണികളുള്ള മാലയാണ്‌ മന്ത്രജപത്തിന്റെ സംഖ്യ കണക്കാക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും മാലയിലെ ഓരോ മണിയും നട വിരലും തള്ളവിരലുമുപയോഗിച്ച്‌ തിരിക്കണം. ചൂണ്ടുവിരല്‍ അകന്നുനില്‍ക്കേണ്ടതാണ്‌. 108-ാ‍ം മതു തവണ മന്ത്രം ജപിക്കുമ്പോള്‍ മാലയിലെ മേരുമണിയില്‍ എത്തിയിരിക്കും.വീണ്ടും, മേരുമണി കവച്ചുകടക്കാതെ 109-ാ‍ം മന്ത്രം മുതല്‍ മണികള്‍ തിരിച്ച്‌ എണ്ണേണ്ടതാണ്‌.നിത്യവും പുലര്‍ച്ചെ 4ന്‌ ജപം ആരംഭിക്കുന്നതിനുമുമ്പ്‌ സ്നാനം ചെയ്യേണ്ടതാണ്‌.അതിനു ബുദ്ധിമുട്ടുള്ളവര്‍ കയ്യും കാലും മുഖവും കഴുകിയശേഷം ജപം ആരംഭിക്കാവുന്നതാണ്‌.ഇഷ്ടദേവതയുടെ ചിത്രം മുമ്പില്‍ സ്ഥാപിച്ച്‌ അതിനു മുമ്പില്‍ ദീപം തെളിയിച്ച്‌ അവിടെയിരുന്നു ജപിക്കുന്നത്‌ ഉത്തമം.അതിവേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്‌. യാന്ത്രികമായ ജപത്തിന്റെ പതിന്‍മടങ്ങു ഫലം ഭക്തിവിശ്വാസങ്ങളോടെ ജപിച്ചാല്‍ കൈവരും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ചശേഷം വേണം ജപം അവസാനിപ്പിക്കേണ്ടതും.ജപകാലത്ത്‌ മനസ്സ്‌ മാലിന്യമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അതിന്‌ സാത്ത്വികമായ ഒരു ജീവിതരീതി അനുവര്‍ത്തിക്കുന്നത്‌ ഉത്തമം