നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 23 October 2012

മഹാഗണപതിയെ ഉപാസിക്കുമ്പോള്‍


അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയതുകൊണ്ടു മാത്രം ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്നു കരുതരുത്. പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. ഈ ദേവതാപ്രസാദം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്കരിക്കുന്നത്. പുരോഗതിയുടെ നാള്‍വഴിയിലേക്ക് ഒരു ഉപാസകന്‍ സഞ്ചരിക്കണമെങ്കില്‍ അന്തഃകരണത്തില്‍ തടസ്സമുണ്ടാകരുത്. അന്തഃകരണ ശുദ്ധിക്ക് ഏറ്റവും തടസ്സമായി വരുന്നത് ആസുരചിന്തകളും അശുഭവൃത്തികളുമാണ്.
ആര്‍ക്കു വേണമെങ്കിലും ഉപാസന ആരംഭിക്കാം. എന്നാല്‍ ഇഷ്ടദേവതാപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായ ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ ഒരടി നാം മുമ്പോട്ടു പോവില്ല. ഇങ്ങനെ അന്തഃകരണ ശുദ്ധിക്കു വേണ്ടിയാണ് മഹാഗണപതിയെ ഉപാസിക്കുന്നത്. തന്റെ ഇന്ദ്രിയങ്ങളെ വേണ്ടരീതിയില്‍ നിയന്ത്രിച്ച് മനസ്സും ചിത്തവും ബുദ്ധിയും ഞാന്‍ എന്ന സത്തയും പരിഷ്‌കരിക്കുന്ന വിദ്യ യജുര്‍വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്. യജുര്‍വേദത്തില്‍ ഗണപതി ദേവതയായ ഒരു മന്ത്രമുണ്ട്.

പ്രതൂര്‌വേന്നഹ്യവക്രാമന്നശസ്തീ
രുദ്രസ്യ ഗാണപത്യം മയോഭൂരേഹി
ഉര്‌വന്തരിക്ഷം വീഹി സ്വസ്തിഗവ്യൂതിരഭയാനി
കൃണ്വന്‍ പൂഷ്ണാ സയുജാ സഹ
(യജുര്‍വേദം 11. 19)
മനസ്സ്, ബുദ്ധി, ചിത്തം, ഞാനെന്ന ബോധം എന്നിവയില്‍ ദിവ്യഗുണങ്ങളുണര്‍ത്തുന്ന തപസ്സിന്റെ വഴിയാണ് മന്ത്രത്തിലെ പ്രതിപാദ്യം. അശുഭങ്ങളായ സമസ്ത ദോഷങ്ങളെയും മഹാഗണപതി ഭഗവാന്‍ ചവുട്ടിയരയ്ക്കട്ടെ. ഭഗവാന്‍ എല്ലാ ആസുരവൃത്തികളെയും സദാ ഹിംസിച്ചു കളയട്ടെ. ആസുരികവും അശുഭങ്ങളുമായ സമസ്ത കര്‍മങ്ങളെയും പാടെ വിപാടനം ചെയ്ത് ഭഗവാന്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ. അതോടെ അഭയവരദായിയായ മഹാഗണപതി ഉപാസകനില്‍ മംഗള ഭാവനകളെ ഉണര്‍ത്തും. 'അഭയാനികൃണ്വന്‍' എന്നാണ് യജുര്‍വേദം പറയുന്നത്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും അഞ്ചു പ്രാണനുകളും 11 രുദ്രന്മാരും 12 ആദിത്യന്മാരും അടങ്ങുന്ന സകലതും ഗണപതി ഉപാസകനില്‍ പരിപൂര്‍ണ ശക്തിയോടെ വിരാജിക്കാന്‍ ആരംഭിക്കും. പ്രിയന്മാരില്‍ ഏറ്റവും പ്രിയപ്പെട്ടവനായി ഉപാസകന്‍ പരിണമിക്കുമെന്ന് മറ്റൊരു യജുര്‍വേദമന്ത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗണാനാം ത്വാ ഗണപതിങ് ഹവാമഹേ
പ്രിയാണാം ത്വാ പ്രിയപതിങ് ഹവാമഹേ
നിധീനാം ത്വാ നിധിപതിങ് ഹവാമഹേ
വസോ മമ. ആഹമജാനി ഗര്ഭധമാ
ത്വമജാസി ഗര്ഭധമ്.
(യജുര്‍വേദം 23.19)
നിധികളുടെ പതിയായ നിധിപതിയായി ഉപാസകനെ മഹാഗണപതി മാറ്റിയെടുക്കുന്നു. സകല അറിവുകളെയും തന്റെ ഗര്‍ഭത്തില്‍ ചുമക്കുന്നവനാണ് മഹാഗണപതി. ആ ഗണപതിയെ ഉപാസിക്കുന്നവനും അറിവുകളുടെ മഹാമസ്തകമുള്ളവനായിത്തീരും. ഇതാണ് ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എ പ്രസ്താവത്തിന്റെ നേരായ ഭാവവും. അങ്ങനെ നവരാത്രിയിലൂടെയും വിജയദശമിയിലൂടെയും അന്തഃകരണത്തെ ശുദ്ധമാക്കി മഹാഗണപതിയെ സ്വഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിയണം.


ആചാര്യ എം.ആര്‍. രാജേഷ്‌


ആയുധപൂജയുടെ രഹസ്യലോകം


നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.

ഏതുജോലിയും തപസ്സായി കാണുന്നവരാണ് പ്രാചീന ഋഷിമാര്‍. എഴുത്തും വായനയും നൃത്തവും സംഗീതവുമെല്ലാം സാധനയാണ്. താന്‍ ഏര്‍പ്പെടുന്ന കര്‍മലോകത്തെ ജഗദീശ്വരനിലേക്ക് അനുപ്രവേശിക്കാനുള്ള സാധനാമാര്‍ഗമായി അവര്‍ കണ്ടു. ഏത് കര്‍മമേഖലയില്‍പ്പെട്ടവനും തപസ്സുചെയ്യാം. തന്റെ കര്‍മമണ്ഡലത്തിലൂടെതന്നെ മോക്ഷം പ്രാപിക്കുകയും ചെയ്യാം. മുക്തിനേടാന്‍ കര്‍മം വെടിയേണ്ട ആവശ്യമേയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞപോലെ കര്‍മംചെയ്യാതെ ഒരുനിമിഷംപോലും ആര്‍ക്കും നില്‍ക്കാനാവില്ല. അതിനാല്‍ കര്‍മത്തില്‍ മുഴുകിത്തന്നെ പരമഗതി പ്രാപിക്കുന്നതിനുള്ള വഴി തേടണം.

കര്‍മമേഖലയും അവിടത്തെ ദിവ്യഭാവങ്ങളും സ്വശരീരാന്തര്‍ഗതങ്ങളായ ദേവതകളും അവയ്ക്കിടയിലുള്ള ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ചേര്‍ന്നുള്ള അദൃശ്യമായ പാരസ്പര്യമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഋഷിമാര്‍ കണ്ടെത്തി. നര്‍ത്തകിക്ക് നാദവുമായുള്ള പരസ്പരബന്ധം പൂര്‍ണമാകുന്നത് ചിലങ്കയിലൂടെയാണ്. എഴുത്തുകാരന്റെ പാരസ്പര്യം പൂര്‍ണമാകുന്നത് തൂലികയിലൂടെയും പുസ്തകത്തിലൂടെയുമാണ്. മന്ത്രസാധകന്റെ പാരസ്പര്യം മന്ത്രവും മരംവെട്ടുകാരന്റേത് മഴുവുമാണ്.

വിജയകരമായ കര്‍മസിദ്ധിക്ക് തന്റെ ആയുധങ്ങളും ഉപകരണങ്ങളും തമ്മില്‍ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തി. ഈ വിശേഷമായ പാരസ്പര്യം ആര്‍ക്കുണ്ടോ അവര്‍ കര്‍മ കുശലന്മാരായിരിക്കും. കവികളും ക്രാന്തദര്‍ശികളും കര്‍മശ്രേഷ്ഠരുമെല്ലാം ഈ സാമരസ്യം അറിഞ്ഞവരാണ്. ഇതിനെ ദേവതാപ്രസാദമെന്ന് അവര്‍ വിളിച്ചു. ഉടമയുടെ അനുവാദമില്ലാതെ ഉപകരണങ്ങളിലൊന്നും തൊടുകപോലും ചെയ്യരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ സാമരസ്യമാണ്. കാളിദാസന്‍പോലും തൂലിക കൈമാറരുതെന്ന് ഓര്‍മിപ്പിച്ചത് കാണുക.

ഈദൃശമായ ദേവതാപ്രസാദത്തെ അനുഭൂതിതലത്തില്‍ സാക്ഷാത്കരിക്കലാണ് നവരാത്രിയിലെ ആയുധപൂജ. പണിയായുധങ്ങളും ഉപകരണങ്ങളുമെല്ലാം പരമേശ്വരിക്കായി സമര്‍പ്പിച്ച് അവയുടെ ദിവ്യത തന്റെ കര്‍മമണ്ഡലത്തെ ദീപ്തമാക്കുമെന്ന അടിയുറച്ച അനുഭൂതിയാണ് ആയുധപൂജയിലൂടെ നാം നേടുന്നത്.

ഈ പൂജാസമര്‍പ്പണത്തിലൂടെ ശരീരാന്തര്‍ഗതങ്ങളായ ദിവ്യകലാവിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവതമ്മിലുള്ള അതിസൂക്ഷ്മമായ ദേവതാ പ്രസാദവും ഉറവയെടുക്കുമെന്നറിയുക. സൂക്ഷാതിസൂക്ഷ്മമായ ദേവതാപ്രസാദത്തെ അവര്‍ സരസ്വതി എന്നുവിളിച്ചു. വരദയായ, സര്‍വാഭീഷ്ടങ്ങളെയും സാധിപ്പിച്ചിട്ടുതരുന്ന സരസ്വതിയെ വിദ്യാരംഭത്തില്‍ സ്മരിക്കുകയാണ് ഭക്തന്‍. ആ സരസ്വതി സര്‍വസിദ്ധികളും കര്‍മമണ്ഡലത്തില്‍ നമുക്കായി പ്രദാനംചെയ്യും.


ആചാര്യ എം.ആര്‍. രാജേഷ്‌

നവരാത്രി ചിന്തകള്‍


നവരാത്രി ആഘോഷം കേവലം ഒരു ആചരണം മാത്രമല്ല. ഒരു കാലയളവില്‍ ആധിഭൗതികമായ രാഷ്ട്രോപാസനയും ആധിദൈവികമായ പ്രപഞ്ചോപാസനയും ആധ്യാത്മികമായ അക്ഷരോപാസനയും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടാടിയിരുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ആയുധങ്ങളെല്ലാം പരാശക്തിക്കു മുന്‍പില്‍ സമര്‍പ്പിച്ച് രാഷ്ട്രശക്തി പോഷിപ്പിക്കുക എന്ന സങ്കല്പത്തിലൂടെ കടന്നുപോയി. ദസറ പോലുള്ള ആഘോഷങ്ങള്‍ക്ക് നവരാത്രിയിലുണ്ടായ സ്വാധീനം അതാണ്. പ്രപഞ്ചോപാസകര്‍ പ്രപഞ്ചത്തിലെ കര്‍മലോകത്ത് തങ്ങളുടെ അറിവാകുന്ന ബോധമണ്ഡലം ഉണര്‍ത്തുന്നതിനും കലാരൂപങ്ങളുടെ സാക്ഷാത്കാരത്തിനും നവരാത്രികാലം വിനിയോഗിച്ചു. ആധ്യാത്മികോന്നതി കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരും നവരാത്രിയില്‍ മന്ത്രോപാസനയില്‍ മുഴുകി.

നവരാത്രിയിലൂടെ രാഷ്ട്രവും സമൂഹവും വ്യക്തിയുമെല്ലാം സവിശേഷമായ ശക്തി കൈവരിക്കാന്‍ പരിശ്രമിച്ചുപോരുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ജഗദീശ്വരിയായ വാഗ്‌ദേവി സ്വയം ഉപാസകന് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. ഏറേ ശ്രദ്ധേയമായ ഈ ശാക്തേയ ഉപദേശം പ്രാചീനകാലത്തെ മന്ത്രസാധനയുടെ തെളിവായി നമുക്ക് കാണാം. ഈ ദേവീസൂക്തം നവരാത്രികാലത്ത് ഉപാസിച്ചു പോരാറുമുണ്ട്. അതീവ രഹസ്യമായ ഈ സൂക്തത്തിലെ ആദ്യമന്ത്രം ഇങ്ങനെയാണ്.

ഓം അഹം രുദ്രേഭിര്‌വസുഭിശ്ചരാമ്യഹമാദി-
തൈ്യരുത വിശ്വദേവൈഃ.
അഹം മിത്രാവരുണോഭാ ബിഭര്മ്യഹ
മിന്ദ്രാഗ്‌നീ അഹമശ്വിനോഭാ.
(ഋഗ്വേദം 10.125.1)

ദേവി പറയുകയാണ്: ''ഞാന്‍, ഉപാസകനായ നിന്റെ ശക്തിയാണ്. നിന്റെ പ്രാണനോടൊപ്പം ശരീരത്തിലെ ധാതുക്കളായ വസുക്കളോടൊപ്പം, ആദാനശക്തികളോടൊപ്പം, സമസ്ത ഇന്ദ്രിയങ്ങളോടൊപ്പം ഞാന്‍ ചലിച്ചുകൊണ്ടിരിക്കുന്നു''. നമ്മുടെ ശരീരത്തിലെ ഈപറഞ്ഞവയുടെയെല്ലാം ആധാരശക്തിയായി നിലകൊള്ളുന്നത് ഈ ദേവി തന്നെയാണ്. ഈ ശരീരത്തിലെ ദേവതാസങ്കല്പത്തെക്കുറിച്ചാണ് ലളിതാസഹസ്രനാമത്തില്‍ ഡാകിനി, ഹാകിനി, ലാകിനി എന്നൊക്കെ വിളിക്കുന്നത്. നമ്മുടെ ശരീരത്തിലെ ആഗേ്‌നയവും സോമവുമായ ശക്തികളെയെല്ലാം ദേവി ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഈ വേദമന്ത്രത്തില്‍ ഭഗവതി തന്നെ സ്വയം പറയുന്നു. ശരീരത്തില്‍ ഇന്ദ്രശക്തിയുണ്ട്. ജീവന്‍ വിദ്യുത്തിനെയും ശരീരത്തിന്റെ ഉഷ്ണത്തിനെയും 'കായ'മാക്കിയിരിക്കുന്നു. ഭഗവതി പറയുകയാണ്- ''ഞാന്‍ തന്നെയാണ് ഉപാസകന്റെ അശ്വനികളായ പ്രാണനേയും അപാനനെയും സഞ്ചാലനം ചെയ്യിപ്പിക്കുന്ന ശക്തി'' എന്ന്.

രാഷ്ട്രത്തില്‍ ഇതേ ഭഗവതി തന്നെയാണ് രാഷ്ട്ര ശക്തിയായി വീരന്മാരോടും ധനികരോടും വിദ്വാന്മാരോടും സകല ജ്ഞാനികളോടും ഒപ്പം നിവസിക്കുന്നതെന്ന് ഓര്‍മപ്പെടുത്തുകയാണ് നവരാത്രി ആഘോഷം. സുഹൃത്തുക്കളെയും ശ്രേഷ്ഠരെയും ശൂരവീരന്മാരെയും അശ്വനീകുമാരന്മാരായ വൈദ്യന്മാരെയും ഈ രാഷ്ട്രത്തില്‍ ഏകഭാവത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ശക്തിയും ഞാന്‍ തന്നെയാണെന്ന് ദേവി ഈ മന്ത്രത്തില്‍ ആധിഭൗതികമായി പറഞ്ഞുതരുന്നു. നവരാത്രികാലത്ത് ഈ ദേവിയെ രാഷ്ട്രശക്തിയായി ഉപാസിച്ചുപോരുന്നതിന്റെ പൊരുളും മറ്റൊന്നല്ല.


കടപ്പാട്  : ആചാര്യ എം.ആര്‍. രാജേഷ്‌




Saturday, 6 October 2012

പാല് കാച്ചും വാസ്തു ബലിയും!


ഗ്രഹപ്രവേശത്തിന്റെ ആദ്യ ചടങ്ങാണ് പാലുകാച്ച്. വെള്ള നിറത്തിലുള്ള പാല്‍ സത്വഗുണസ്വരൂപിയും ശുദ്ധ വിദ്യയുമാകുന്ന പ്രപഞ്ച തത്ത്വമാണ്. പാലില്‍ തൈരും, വെണ്ണയും, നെയ്യും അടങ്ങിയിരിക്കുന്നതുപോലെ പ്രപഞ്ചത്തിലും ഈശ്വര ചൈതന്യം അടങ്ങിയിരിക്കുന്നു. പാല് തിളപ്പിച്ച് തണുപ്പിക്കുകയും പുളിക്കുകയും ചെയ്യുമ്പോള്‍ തൈരാകുന്നു. അത് കടഞ്ഞ് വെണ്ണ ഉണ്ടാക്കുന്നു..വെണ്ണ ഉരുക്കിയാല്‍ നെയ്യാകുന്നു. ഇപ്രകാരം ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല് കാച്ചുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.


ഹൈന്ദവ ജീവിത രീതിയില്‍ നാല് ആശ്രമങ്ങള്‍ ഉണ്ട്. ഒന്ന് - ബ്രഹ്മചര്യം, രണ്ട് - ഗാര്‍ഹസ്ഥ്യം, മൂന്ന് - വാനപ്രസ്ഥം, നാല് - സന്യാസം. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെ. ജനിച്ചതിനു ശേഷം വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് വരെ ബ്രഹ്മചര്യാവസ്ഥ. കല്യാണം കഴിക്കുന്നതോടുകൂടി ഗാര്‍ഹസ്ഥ്യം സ്വീകരിക്കുന്നു. അതിനുശേഷം തീര്‍ത്ഥയാത്രയില്‍ കൂടി ആത്മാനുഭൂതി കൈവരിക്കുന്നു. ഇത് വാനപ്രസ്ഥം. സന്യാസിയാകട്ടെ, ബ്രഹ്മചര്യാവസ്ഥയില്‍ നിന്നും തുടര്‍ന്ന് ഭവനത്തെ ഉപേക്ഷിച്ച് ദൈവീക ജ്ഞാനത്തില്‍ ലയിക്കുന്നു. അതിനായി ഒരു സന്യാസി സ്വന്തം ജന്മഗ്രഹത്തില്‍ വരെ വന്ന് ഭിക്ഷ സ്വീകരിക്കണമെന്ന് വിധിയുണ്ട്. അപ്പോഴും ഭവനം സന്യാസാശ്രമവുമായും ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.

പാല് ഈ നാല് ആശ്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മചാരിയായിരിക്കുമ്പോള്‍ ഹോമാദികര്‍മ്മങ്ങള്‍ക്ക് നെയ്യ് ആവശ്യമുണ്ട്. ഗാര്‍ഹസ്ഥത്തില്‍ ഗ്രഹസ്ഥന് പാല്‍ നിത്യോപയോഗ വസ്തുവാണ്.തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നതിനെ വാനപ്രസ്ഥാനത്തോട് ഉപമിക്കാം.സന്യാസമാകട്ടെ സര്‍വ്വലോകത്തെയും ക്ഷീരസാഗരമായി കണ്ട് അതില്‍ തന്‍റെ ആത്മാവിനെ സാഗരശായിയായ വിഷ്ണുവായി കാണുന്ന അദ്വൈതാവസ്തയുമാണ്. അപ്പോള്‍ പാല് കാച്ചല്‍ എന്ന ചടങ്ങ് ഈ നാല് ആശ്രമങ്ങളുടെ തത്വങ്ങള്‍ ഉള്‍ക്കൊണ്ടതും അത് അനുഷ്ടിക്കേണ്ടതും പരിപാലിക്കേണ്ടതുമാണന്ന ബോധം ഉളവാക്കുകയും ചെയ്യാന്‍ വേണ്ടിയാണ് എന്ന് സാരം.
പാല് ചൂടാക്കുന്നതിനു അഗ്നി ആവശ്യമാണ്. പാല് തിളച്ച് മറിഞ്ഞ് വീണ്ടും അഗ്നിയില്‍ തന്നെ പതിക്കുന്നു. അങ്ങനെ ഏതു അഗ്നിയാണോ പാലില്‍ നിന്ന് നെയ്യിനെ വേര്‍തിരിക്കുന്നത്, ആ നെയ്യ് വീണ്ടും അഗ്നിയായി തന്നെ മാറുന്നു. എന്നുവച്ചാല്‍ ജീവാത്മാവ് പരമാത്മാവില്‍ ചേര്‍ന്ന് ഒന്നായി തീരുന്നു എന്നര്‍ത്ഥം.
പാല്‍ ചൂടാക്കല്‍, പുളിപ്പിക്കല്‍, കടയല്‍, ഉരുക്കല്‍ എന്നീ പ്രക്രിയകള്‍ കൊണ്ട് മനസ്സിലാക്കുന്നത് നമ്മുടെ ജീവിതത്തിലെ ധര്‍മം, കര്‍മ്മം, യോഗം, ജ്ഞാനം എന്നീ ജീവിത രീതികളെയാണ്.

വാസ്തുബലി ഒരുതരം പൂജയാണ്. വാസ്തു ശാസ്ത്രമനുസരിച്ച് ഒരു ഗ്രഹം വാസ്തു പുരുഷന്‍റെ ശരീരമായിട്ടാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്‌. ഇവിടെ ആത്മീയത്തെക്കാള്‍ ഏറെ ദേവതാപ്രീതിയാണ് ലക്ഷ്യം. നവഗ്രഹങ്ങള്‍, വാസ്തുപുരുഷന്‍, അഷ്ടദിക്പാലകര്‍, അഷ്ടമാത്രുക്കള്‍, കുലദേവത, ഋഷീശ്വരന്മാര്‍ ഇവരെ ആരാധിക്കുകയും, ജോതിഷം, തച്ച്, തന്ത്രം , വാസ്തു ധര്‍മം തുടങ്ങി ശാസ്ത്രങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതോടുകൂടി ശാന്തിയും, സമാധാനവും, സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കാനിട വരികയും ചെയ്യുന്നതാണ്..

ക്ഷേത്രങ്ങളിലെ വസ്ത്ര നിയമം.


പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍ വസ്ത്രം ധരിക്കരുത് എന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്ര നിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. പണ്ട് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം.
ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് (മേല്‍വസ്ത്രം) ക്ഷേത്രത്തിലെ മതിലായിട്ടാണ് സങ്കല്പം. അപ്പോള്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യ തേജസ്സ്‌ തന്റെ ശരീരം എറ്റുവാങ്ങണമെങ്കില്‍ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും പരമാത്മാവും ഒന്നിച്ചു യോജിക്കുന്ന അവസ്ഥയാണ് ഇതില്‍ നിന്നും പ്രകടമാകുന്നത്. "അഹം ബ്രഹ്മാസ്മി"! ഞാന്‍ തന്നെ ഈശ്വരനുമാകുന്നു

എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കും. അത് മാത്രമല്ല, ഭ
ക്തന്‍ ഈശ്വരന്റെ ദാസനാണല്ലോ. അതുകൊണ്ട് മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതെ സമയം അരയ്ക്കുതാഴെ വസ്ത്രം നഗ്നതയെ മറയ്ക്കുകയും വേണം. നഗ്നം എന്നാല്‍ തുറന്നത് എന്നര്‍ത്ഥം. തുറന്നതെന്തും സത്യമെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സത്യം (സൃഷ്ടി) ഇപ്പോഴും ഈ പ്രപഞ്ചത്തില്‍ മറഞ്ഞാണ്‌ ഇരിക്കുന്നത്. അപ്രകാരം നാം പുരുഷനോ സ്ത്രീയോ എന്ന് വേര്‍തിരിക്കുന്ന ഇന്ദ്രിയം തന്നെയാകുന്നു ശരീരത്തിന്റെ യാഥാര്‍ത്ഥ്യവും . അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ട് ചെയ്യുന്ന സൃഷ്ടിക്രിയയും പ്രപഞ്ച സൃഷ്ടിപോലെ ഗൂഡഃമാകുകയാല്‍ ആ ഭാഗം മറയേണ്ടതുതന്നെ. .

പ്രഭാതത്തില്‍ (ബ്രാഹ്മ മുഹൂര്‍ത്തം ) ഈറനോടെയുള്ള ക്ഷേത്ര ദര്‍ശനം സൌഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോള്‍ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തില്‍ കുടിയേറാന്‍ കൂടുതല്‍ സഹായിക്കും.....

Wednesday, 3 October 2012

കൈ കൂപ്പുന്നത് എന്തിന്?


തന്നെക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈ കൂപ്പുന്നത് . കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്ത് പിടിച്ച് ‘നമസ്തേ’ എന്ന്‍ അഭിവാദ്യം ചെയ്യുന്നു . നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെ എന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്റെ എന്നും ‘ന’ എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ നമസ്തേ എന്നാല്‍ "എന്റേതല്ല , സര്‍വ്വതും ഈശ്വര സമമായ അങ്ങയുടെത്" എന്നാണ് . ഇവിടെ ‘ഞാന്‍’, ‘എന്റേത്’ എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന്‍ വ്യക്തം .

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന, വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരാം തിരിക്കാം . ഒന്ന് ഊര്‍ദ്ധ്വം , രണ്ട് മദ്ധ്യം , മൂന്ന് ബാഹ്യം .കൈപ്പത്തികളും അഞ്ചു വിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളില്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വ നമസ്തേ .ഇതു സാധാരണ ഗുരു സന്ദര്‍ശനത്തില്‍, സ്രാദ്ധത്തില്‍ , ബലികര്‍മ്മങ്ങളില്‍ , യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണഗതിയും പൂര്‍ണ്ണ വിധേയ ഭാവവും ആണ് ഇതോടൊപ്പം ‘നമോ നമ’ ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മധ്യ നമസ്തേ എന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്ത് നെഞ്ചോട്‌ തൊട്ടു വെക്കണം . ഇതു ഈശ്വര ദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗി ദര്‍ശനം
എന്നിവയ്ക്ക് ഉപയോഗിക്കുന്നു . ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യ ബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ് . ‘നമാമി’ ശബ്ധമാണ് ഇവിടെ ഉപയോഗിക്കേണ്ടത് .

ബാഹ്യ നമസ്തേ എന്നാല്‍ കൈപ്പത്തിയും അഞ്ചു വിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോടു ചേര്‍ത്ത് വെക്കണം .(ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്പ്പിച്ചിട്ടുള്ളത് .അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്). ഇത് ദേവ പൂജ, സ്വയം പൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് .വലതു കൈയ്യിന്റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതു കൈയ്യിന്റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട് ,പിംഗള നാഡി രജോ ഗുണത്തിന്റെയും ഇഡാ നാഡി തമോ ഗുണത്തിന്റെയും പ്രതീകമാണ് .കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .അങ്ങനെ ഞ്ജാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാന്‍ എന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും....

ചന്ദനം

വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു....