നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Sunday 3 February 2013

ജീവിത വിജയത്തിന്‌ അനുഷ്‌ഠിക്കേണ്ട പ്രധാന കര്‍മ്മങ്ങള്‍

പണ്ട്‌ സന്ധ്യാസമയം വീടിന്‌ മുമ്പില്‍ വിളിക്കു തെളിച്ചുവച്ച്‌ നാമം ജപിക്കുക പതിവായിരുന്നു. അതുവഴി എത്ര ദാരിദ്ര്യത്തിലും സന്തോഷം ലഭിക്കുമായിരുന്നു. പല ദോഷാനുഭവങ്ങളും മുന്‍കൂട്ടി ചെറിയ ചെറിയ സൂചനകളില്‍ക്കൂടി ഭഗവാന്‍ കാണിച്ച്‌ കൊടുക്കുമായിരുന്നു. ആപത്തുകള്‍ ഒഴിവാക്കാന്‍ അത്‌ സഹായകമായിരുന്നു. ഇന്ന്‌ അഞ്ചുമണി മുതലോ, അതിലും നേരത്തെയോ തുടങ്ങുന്ന ടി.വി. സീരിയല്‍ കാഴ്‌ചയാണ്‌ മിക്കകുടുംബങ്ങളിലും. വിളക്ക്‌ വച്ചെങ്കിലായി ഇല്ലെങ്കിലായി. ചില വീടുകളില്‍ കുടുംബനാഥന്‍ വിളക്കുവച്ച്‌ നാമം ജപിച്ചാലും കുടുംബനാഥയ്‌ക്ക് അതില്‍ തീരെ താല്‌പര്യമില്ല. തന്നെയുമല്ലാ അവരതില്‍ എതിര്‍പ്പും പറയുന്നു.ഇങ്ങനെയുള്ള കുടുംബങ്ങളില്‍ മേല്‍ക്കുമേല്‍ ഉയര്‍ച്ചയ്‌ക്ക് പകരം, കുടുംബദുരിതം, മാനസികമായ അകല്‍ച്ച, പരസ്‌പരമുള്ള സ്‌പര്‍ദ്ധ എന്നിവയാണ്‌. എത്ര കിട്ടിയാലും തികയാതെവരും. കുടുംബാന്തരീക്ഷം മങ്ങലില്‍, കുട്ടികള്‍ പഠിക്കാന്‍ കൂട്ടാക്കുന്നില്ല, ഭര്‍ത്താവിന്‌ സ്‌നേഹമില്ല, കടം വിട്ടൊഴിയുന്നില്ല എന്നെല്ലാം പരാതിപറയുന്ന ഭാര്യമാര്‍ ഒന്നോര്‍ക്കുന്നത്‌ നന്ന്‌. ഒരു കുടുംബം നിലനിര്‍ത്താനും തകര്‍ക്കാനും ഒരു സ്‌ത്രീക്ക്‌ സാധിക്കും. ഒന്നുകില്‍ 'മഹാലക്ഷ്‌മിയെ' വീട്ടില്‍ കുടിയിരുത്താം. അല്ലെങ്കില്‍ 'ചേട്ടയെ' കുടിയിരുത്താം. ഇതിലേത്‌ വേണമെന്ന്‌ നാം തന്നെ തീരുമാനിക്കുക.

ക്ഷേത്രത്തിനടുത്ത്‌ വീട്‌ നിര്‍മ്മിക്കുമ്പോഴും 'വരത്തുപോക്ക്‌' ഉണ്ടാകുന്ന സ്‌ഥലങ്ങളില്‍ വീടുവയ്‌ക്കുമ്പോഴും ദുരിതങ്ങള്‍ താനെ ഉണ്ടാകും. ഇങ്ങനെയുള്ള വീടുകളില്‍ നാല്‌ക്കാലികള്‍, പട്ടി ഇവയൊന്നും വാഴില്ല. സമ്പത്തുവരുന്നുണ്ട്‌ ഒന്നും നിലനില്‍ക്കുന്നില്ല എന്ന്‌ പറയുന്നവര്‍ വാസ്‌തുദോഷം ഉണ്ടോയെന്ന്‌ നോക്കുക. തെക്കും, പടിഞ്ഞാറും താഴ്‌ന്നുകിടക്കുന്ന ഭൂമിയില്‍ സമ്പത്ത്‌ നില്‍ക്കയില്ല.വീട്‌ അടിച്ച്‌ തുടച്ച്‌ തളിക്കുന്നത്‌ ഒരു പരിധിവരെ പോസിറ്റീവ്‌ ഊര്‍ജ്‌ജം ഉണ്ടാക്കും. അതില്‍തന്നെ ഉപ്പിട്ട വെള്ളത്തില്‍ വീടിനകം മുഴുവന്‍ തുടയ്‌ക്കുന്നത്‌ ഉത്തമം. ചാണകവെളളം വീട്ടിലും പരിസരത്തും മുഴുവന്‍ തളിക്കുന്നത്‌ വളരെ നല്ലതാണ്‌. ദോഷങ്ങളകലും. മറ്റുള്ളവരുടെ പറമ്പില്‍നിന്നും നമ്മുടെ പറമ്പിലേക്ക്‌ ദോഷം കടന്നുകൂടാം. ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ സ്വന്തംസ്‌ഥലം മതില്‍കെട്ടിത്തിരിക്കുന്നത്‌ ഉത്തമം. ചൊവ്വാഴ്‌ചയും വെളളിയാഴ്‌ചയും വീടും പറമ്പും ചാണകം തളിച്ച്‌ വ്രതമെടുക്കുന്നതും മത്സ്യമാംസാദികള്‍ കഴിക്കാതെയിരിക്കുന്നതും ഐശ്വര്യമുണ്ടാകാന്‍ ഉപകരിക്കും. ദുരിതങ്ങളില്‍ക്കിടന്ന്‌ നട്ടംതിരിയുന്നവര്‍ പ്രദോഷം തൊഴല്‍ ശീലമാക്കുന്നത്‌ വളരെ നല്ലഫലം നല്‍കും.


സന്ധ്യാസമയം വിളക്കുവച്ച്‌ നാമം ജപിക്കുക. കുടുംബത്തിലുള്ള എല്ലാവരും ഒത്തൊരുമിച്ച്‌ ഇരുന്ന്‌ പ്രാര്‍ത്ഥിക്കുന്നത്‌ കുടുംബ ഐക്യത്തെ ഉണ്ടാക്കുന്നതാണ്‌. വഴിപാടുകള്‍ നേര്‍ന്നിടാനുള്ളതല്ല; നടത്താനുള്ളതാണ്‌. പലരും വഴിപാടുകള്‍ നേര്‍ന്നുവയ്‌ക്കും. പക്ഷേ, നടത്തില്ല. ഇത്‌ ദുരിതങ്ങള്‍ ഉണ്ടാക്കുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. നേര്‍ന്നിട്ടുണ്ടെങ്കില്‍ എത്രയും വേഗം നടത്തുക.


ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാക്കുന്നതും പിരിയുന്നതും ഇന്നൊരു 'ഫാഷന്‍' ആയിരിക്കുന്നു. ഇവരുടെ മട്ടുകണ്ടാല്‍ പിരിയാന്‍വേണ്ടി മാത്രം വിവാഹം കഴിച്ചതാണെന്ന്‌ തോന്നും. ഇങ്ങനെ ഭയങ്കര വഴക്ക്‌ വിടാതെ നില്‍ക്കുന്നപക്ഷം ഭര്‍ത്താവ്‌ കെട്ടിയ താലി അഴിച്ച്‌ മാറ്റിയശേഷം ക്ഷേത്രത്തില്‍ ദേവിയുടെ കഴുത്തിലെ താലി വാങ്ങിച്ച്‌ കെട്ടുക. വഴക്കു മാറും. ജാതകപ്രശ്‌നത്താലുള്ള വഴക്കാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകന്നുകഴിയാം. ഒരാള്‍ ദൂരെ ദിക്കില്‍ ജോലിക്കുപോകാം. ഭാര്യ സ്വന്തം വീട്ടില്‍ (എവിടെയാണോ ജീവിക്കുന്നത്‌ അവിടെ) തന്നെ താമസിക്കാം. പരസ്‌പരം കാണാം. ഫോണില്‍ സംസാരിക്കാം. ചെലവിന്‌ കൊടുക്കാം. രണ്ടുമൂന്നു ദിവസം ഒന്നിച്ച്‌ കഴിയാം. സ്‌ഥിരമായി ഒന്നിച്ചു കഴിയാതിരുന്നാല്‍ മാത്രം മതി. ഇത്‌ ചൊവ്വാദോഷക്കാര്‍ക്ക്‌ ഏറെ ഫലപ്രദമായകാര്യമാണ്‌.ചൊവ്വാദോഷം ഉള്ളവര്‍ക്ക്‌ 35 വയസ്സിനുമേല്‍ ചൊവ്വാദോഷം നോക്കേണ്ടതില്ല എന്നാണ്‌ പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നത്‌ ക്ഷേത്രത്തില്‍ ഉത്സവസമയത്ത്‌ 'പറയിടു'ന്നതും കുടുംബ ഐശ്വര്യം ഉണ്ടാക്കും. പിതൃക്കള്‍ക്ക്‌ വേണ്ട കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതും കുടുംബദുരിതമാണ്‌. സര്‍പ്പദോഷം കുടുംബദുരിതം വിട്ടുമാറാത്ത അവസ്‌ഥയാണ്‌. അമ്മവഴിയുളള ക്ഷേത്രദര്‍ശനം (ധര്‍മ്മദേവത) നടത്തി അവിടെ വേണ്ടത്ര വഴിപാടുകള്‍ നടത്തുന്നത്‌ ഉത്തമം. സര്‍പ്പക്കാട്‌ വെട്ടി നശിപ്പിച്ചിട്ടുള്ളതിന്‌ കണക്കില്ല. അല്ലെങ്കില്‍ സര്‍പ്പക്കാടിരുന്ന സ്‌ഥലംവിറ്റു പോയിട്ടുണ്ടാവും. ഇത്‌ വലിയ ദുരിതം നല്‍കും. പരിഹാരം ചെയ്‌ത് ക്ഷമപറയേണ്ടതാണ്‌. മരിച്ച പിതൃക്കള്‍ക്കുവേണ്ടി കര്‍മ്മം ചെയ്യണം. ദുര്‍മരണം സംഭവിച്ചാലും കര്‍മ്മം ചെയ്യേണ്ടതാണ്‌.പിതൃക്കള്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മ്മത്തില്‍ അന്നദാനം പ്രധാനമാണ്‌. ചിലര്‍ പറയുന്നത്‌ കേള്‍ക്കാം; ഞങ്ങള്‍ പിതൃവിനെ ക്ഷേത്രത്തില്‍ കുടിയിരുത്തി, ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന്‌. ഇത്‌ തെറ്റിദ്ധാരണയാണ്‌. ഒരു വ്യക്‌തി മരിച്ചാല്‍, വര്‍ഷാവര്‍ഷം ബലിയിടുന്നതും അല്‌പം അന്നം പത്തുപേര്‍ക്ക്‌ കൊടുക്കന്നതും ആ കുടുംബത്തിന്‌ ഐശ്വര്യമേ ഉണ്ടാക്കൂ. ഇതിന്‌ ഒരു കാരണവശാലും മുടക്കം വരുത്താന്‍ പാടില്ല.ബലിയിടാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രത്തില്‍ കൂട്ട നമസ്‌ക്കാരത്തിന്‌ കൊടുത്ത്‌ പ്രസാദം വാങ്ങി കാക്കയ്‌ക്കും മത്സ്യങ്ങള്‍ക്കും കൊടുക്കാം. ഒരച്‌ഛനും അമ്മയ്‌ക്കും അഞ്ചു മക്കള്‍ ഉണ്ടെങ്കില്‍ അച്‌ഛന്റേയും അമ്മയുടെയും മരണശേഷം ആ അഞ്ചുമക്കളും ഒരുപോലെ ബലിയിടേണ്ടതാണ്‌. ഒരാളും അതില്‍നിന്ന്‌ മാറിനില്‍ക്കാന്‍ പാടുള്ളതല്ല.ഐശ്വര്യവും സമ്പത്തും ഒരു മകനോ, മകള്‍ക്കോ മാത്രം പോരല്ലോ. അത്‌ എല്ലാ മക്കള്‍ക്കും വേണമെന്നുതന്നെയല്ല; മറ്റേയാളിന്‌ കിട്ടിയതിനേക്കാള്‍ കൂടുതല്‍ തനിക്കുവേണമെന്ന ചിന്തയുമുണ്ട്‌. എന്നാലോ- അത്രയേറെ കഷ്‌ടപ്പെട്ട്‌ മക്കളെ വേണ്ടതെല്ലാം കൊടുത്ത്‌ വളര്‍ത്തിയ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ അവര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ചെയ്‌തുകൊടുക്കേണ്ടതാണ്‌. (മരിച്ചശേഷം ചെയ്‌താല്‍ പോരെന്നര്‍ത്ഥം) മരിച്ചശേഷവും വേണ്ട കര്‍മ്മങ്ങള്‍ മുടങ്ങാതെ ചെയ്‌താല്‍ പിതൃക്കളുടെ അനുഗ്രഹംകൊണ്ട്‌ ഉയര്‍ച്ചയുണ്ടാകും. ഇതിന്‌ അനേകം ഉദാഹരണങ്ങളും പറയാനുണ്ട്‌. അതില്‍ എടുത്തുപറയാവുന്ന ഒരു ഉദാഹരണം: 'ശ്രീ ശങ്കരാചാര്യ'രുടേതാണ്‌. ആചാര്യദേവന്‍ വളരെ ചെറുപ്പത്തിലേ ഭക്‌തിമാര്‍ഗം സ്വീകരിച്ച വ്യക്‌തിയാണ്‌. ധര്‍മ്മം, ദാനം, ഭക്‌തി തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വളരെ ഉയര്‍ന്ന ചിന്താഗതിക്കാരനായിരുന്നു. വിചാരിക്കുന്ന സമയം ദൈവം അദ്ദേഹത്തിന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാല്‍ സന്യാസം സ്വീകരിച്ച അദ്ദേഹം സ്വന്തം അമ്മയെ ശുശ്രൂഷിച്ചില്ല. ആ ഒരു കുറവേ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നുള്ളൂ. അതിന്‌ അദ്ദേഹം അനുഭവിച്ച മാനസിക വിഷമം കുറച്ചൊന്നുമായിരുന്നില്ല.

മക്കളെ ജീവനുതുല്യം സ്‌നേഹിക്കുകയും എല്ലാ മക്കളേയും വേര്‍തിരിവ്‌ ഇല്ലാതെ കാണുകയും ചെയ്യുന്ന ഒരമ്മയുടെ മനസ്സ്‌ വിഷമിച്ചാല്‍ തന്നെ ആ വിഷമം ശാപമായി മക്കളില്‍വന്ന്‌ വീഴും. ഇതും ജീവിതവിജയത്തിന്‌ തടസ്സമാകും. എല്ലാക്കാര്യങ്ങളിലും ശ്രദ്ധയോടെ ജീവിക്കുന്നപക്ഷം കുടുംബസൗഖ്യവും ഐശ്വര്യവും താനേ വന്നുചേരുകതന്നെ ചെയ്യും. എല്ലാവര്‍ക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

ഓം താരാദേവൈ്യ നമഃ


ശ്രീ ഗായത്രി ആസ്‌ട്രോളജര്‍

രമാഭായ്‌


No comments:

Post a Comment