നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday, 4 February 2013

വ്രതം


ശരീരം, ചിന്ത, മനസ്സ്, വാക്ക് ഇവയുടെ ശുദ്ധിയില്‍ അധിഷ്ഠിതവും ഹൈന്ദവസംസ്‌കാരത്തിന്റെ അടിത്തറയുമാണ് വ്രതാനുഷ്ഠാനങ്ങള്‍ അതിന്റെ ഭാഗമായ സ്‌നാനം ആഹാരശുദ്ധി എന്നിവയിലൂടെ ശരീരശുദ്ധിയും, ജപം, ഈശ്വരസ്മരണ, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ മനശ്ശുദ്ധിയും കൈവരുന്നു. അങ്ങിനെ വ്രതാനുഷ്ഠാനങ്ങളിലൂടെ പൂര്‍വ്വജന്‍മത്തിലും ഈ ജന്‍മത്തിലും ചെയ്ത ദുഷ്‌കര്‍മ്മങ്ങളുടെ പാപക്കറ കഴുകിക്കളയുന്നു. അതോടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിന്റെയും ഭൗതിക ജീവിതത്തിന്റെയും ആരോഗ്യത്തിനും ശ്രേയസ്സിനും വ്രതാനുഷ്ഠാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈശ്വരസാക്ഷാത്കാരത്തിന് ഇത്കൂടിയേതീരൂ.

വ്രതങ്ങള്‍ പ്രധാനമായി മൂന്ന് വിധത്തിലുണ്ട്.
1. നിത്യം
2. നൈമിത്തികം
3. കാമ്യം

നിത്യം : മോക്ഷപ്രാപ്തിക്കു വേണ്ടി അനുഷ്ഠിക്കുന്നതാണ് നിത്യം.
നൈമിത്തികം : പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നതാണ് നൈമിത്തികം.
കാമ്യം : ഏതെങ്കിലും ആഗ്രഹസാഫല്യത്തിനുവേണ്ടി അനുഷ്ഠിക്കുന്നത് കാമ്യം.

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സംശുദ്ധമായി ഈശ്വരോന്മുഖമാക്കുക എന്ന ഉദ്ദേശത്തോടെ നിരവധി വ്രതങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില വ്രതങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും അവയുടെ ഗുണത്തെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.

ആഴ്ചവ്രതങ്ങള്‍

1. ഞായറാഴ്ച വ്രതം

സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. അതുപോലെ ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്. ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണര്‍ന്ന് സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കുക. ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ച് ആദിത്യഭജനം നടത്തണം. അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങള്‍ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാന്‍ പാടില്ല എന്നു വിധിയുണ്ട്.
ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം കൂടുതല്‍ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്.

2. തിങ്കളാഴ്ചവ്രതം
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

3. ചൊവ്വാഴ്ച വ്രതം

ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷം മൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടി വന്നതുമൂലം ചൊവ്വയുടെ അനിഷ്ടഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിക്കുക, ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. വ്രതദിവസം സന്ധ്യകഴിഞ്ഞ് ഉപ്പു ചേര്‍ന്ന ആഹാരം കഴിക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നീ കണക്കില്‍ തുടര്‍ച്ചയായ ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്‌ത്രോത്രജപം എന്നിവയാണനുഷ്ഠിക്കേണ്ടത്.

4. ബുധനാഴ്ച വ്രതം

ബുധദശാകാലമുള്ളവര്‍ ബുധനാഴ്ച തോറും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധികളും ഉപവാസവും അനുഷ്ഠിക്കുക വ്രതദിവസം പച്ചനിറമുള്ള പൂക്കള്‍കൊണ്ട് ബുധനെ പൂജിക്കുക, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുക എന്നിവയും അനുഷ്ഠിക്കേണ്ടതാണ്.

5. വ്യാഴാഴ്ച വ്രതം

വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപ്പൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിക്കേണ്ടതാണ്. തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍.

6. വെള്ളിയാഴ്ച വ്രതം

ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതമനുഷ്ഠിക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും ദശാകാലപരിഗണനകളില്ലാതെ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ട്. സാമാന്യ വ്രതവിധികളും ഉപവാസവും പാലിക്കുക. ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം ഏന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക, വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജ ചെയ്യുക എന്നിവയാണ് വ്രതദിവസം അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ മംഗല്യസിദ്ധി, ധനാധാന്യസമൃദ്ധി എന്നിവ പ്രദാനം ചെയ്യാന്‍ കഴിയുന്ന വ്രതമാണ് ഇത്.

7. ശനിയാഴ്ച വ്രതം

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവയുടെ ദോഷങ്ങളകറ്റുന്നതിന് ഏറ്റവും ഫലപ്രദമായ വ്രതം. ഈ ദോഷകാലങ്ങളില്‍ മുഴുവനും ശനിയാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതവിധി, ഉപവാസം അതിനു കഴിയാത്തവര്‍ ഒരുക്കലൂണ് എന്നിവ പാലിക്കണം. ശനീശ്വരകീര്‍ത്തങ്ങള്‍, ശാസ്തൃകീര്‍ത്തനങ്ങള്‍ എന്നിവ ജപിക്കുകയും ശാസ്ത്രാക്ഷേത്രദര്‍ശനം നടത്തി നീരാജനം തുടങ്ങിയ വഴി പാടുകള്‍ നടത്തുകയും കറുത്ത വസ്ത്രധാരണം, ശനീശ്വരപൂജ എന്നിവയും നടത്തുന്നത് ഉത്തമമാണ്. ശനിദോഷമുള്ളവര്‍ ശനിയാഴ്ച ദിവസം എണ്ണതേച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

വ്രതങ്ങളും ഗുണങ്ങളും

* ഞായറാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഫലം :
ചര്‍മ്മരോഗനിവാരണം, കാഴ്ചശക്തി, പ്രാണശക്തിലഭ്യത
* തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം
* ചൊവ്വാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
ഋണമോചനം, വിവാഹതടസ്സം മാറല്‍, ജ്ഞാനവര്‍ദ്ധനവ്
* ബുധനാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
വിദ്യക്കും വ്യാപാരത്തിനും ഉത്തമം, തടസ്സങ്ങള്‍ നീങ്ങും
* വ്യാഴാഴ്ച വ്രതമെടുത്താല്‍ ലഭ്യമാകുന്ന ഫലം :
വിവാഹവിഘ്‌നം നീങ്ങും വിദ്യയിലും പരീക്ഷകളിലും സാഫല്യം
* വെള്ളിയാഴ്ച വ്രതമെടുത്താല്‍ ലഭ്യമാകുന്ന ഗുണം :
ആഗ്രഹസാഫല്യം, ദാമ്പത്യഫലം
* ശനിയാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
ശനിദോഷ നിവാരണം, ദുരിതങ്ങള്‍ നീങ്ങും


----------------------------
കളത്തില്‍ അരുണ്‍കുമാര്‍
ജ്യോതിഷ ഗവേഷകന്‍
ഹരിശ്രീ ആസ്‌ടോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍
കണ്ണൂര്‍ - 4
ഫോണ്‍- 7736774642

Sunday, 3 February 2013

നന്ദികേശ്വരന്‍പുരാണ കഥാപാത്രം. ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:
ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി 'ദീര്‍ഘായുസ്സു നല്‍കണം' എന്നഭ്യര്‍ഥിച്ചു. 'ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.
നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.
മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.ശിവക്ഷേത്രത്തിലെ ഓവ്‌ മുറിച്ച്‌ കടക്കരുത്‌


***** ശിവദര്‍ശനത്തിന്‍റെ ചിട്ടകള്‍ *****

മറ്റ്‌ ക്ഷേത്രങ്ങള്‍ പോലെ അല്ല ശിവക്ഷേത്രങ്ങള്‍ എന്ന്‌ എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും അറിയാം. പ്രപഞ്ചകാരകനായ ആദിസ്വരൂപന്‍റെ ആദ്യന്തമില്ലായ്‌മ ധ്വനിപ്പിക്കുന്ന രീതിയിലാണ്‌ ശിവക്ഷേത്ര നിര്‍മ്മാണവും ക്ഷേത്രദര്‍ശന പദ്ധതിയും ആചാര്യന്മാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

പ്രപഞ്ച സ്വരൂപനായ ശിവന്‍റെ അനന്തത ക്ഷേത്രദര്‍ശന രീതിയിലും പ്രതിഫലിക്കുന്നതാണ്‌ പൂര്‍ത്തിയാക്കാത്ത അപ്രദിക്ഷണം കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ കരുതുന്നു.ശിവക്ഷേത്രത്തിലെ ഓവ്‌ മുറിച്ച്‌ കടക്കരുത്‌ എന്നാണ്‌ ആചാര്യ കല്‍പന.ക്ഷേത്രനടയില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന്‌ അവിടെ നിന്ന്‌ താഴികകുടം നോക്കിതൊഴുത്‌ ബലുക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന്‌ താഴികകുടം നോക്കി തൊഴുത്‌ നടയില്‍ വരുകയാണ്‌ ശിവക്ഷേത്രങ്ങളിലെ രീതി.അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട്‌ പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്‌. അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം.ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന്‌ അര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയാണ്‌. അവ ഭക്തിയോടെ സ്വീകരിക്കണം.

നാലമ്പലത്തിന്‌ പുറത്ത്‌ വന്ന്‌ വലിയ ബലിക്കല്ലിന്‌ സമീപം വന്ന്‌ സര്‍വ്വസ്വവും ഭഗവാന്‌ സമര്‍പ്പിക്കുന്നു എന്ന സങ്കല്‍പത്തില്‍ നമസ്കരിക്കെണ്ടതുണ്ട്.പുരുഷന്മാര്‍ക്ക്‌ ദണ്ഡനമസ്കാരമോ സാഷ്ടാംഗനമസ്കാരമോ ആകാം. സ്ത്രീകള്‍ പഞ്ചാംഗനമസ്കാരമാണ്‌ നടത്തേണ്ടത്‌.ജീവിത വിജയത്തിന്‌ അനുഷ്‌ഠിക്കേണ്ട പ്രധാന കര്‍മ്മങ്ങള്‍

പണ്ട്‌ സന്ധ്യാസമയം വീടിന്‌ മുമ്പില്‍ വിളിക്കു തെളിച്ചുവച്ച്‌ നാമം ജപിക്കുക പതിവായിരുന്നു. അതുവഴി എത്ര ദാരിദ്ര്യത്തിലും സന്തോഷം ലഭിക്കുമായിരുന്നു. പല ദോഷാനുഭവങ്ങളും മുന്‍കൂട്ടി ചെറിയ ചെറിയ സൂചനകളില്‍ക്കൂടി ഭഗവാന്‍ കാണിച്ച്‌ കൊടുക്കുമായിരുന്നു. ആപത്തുകള്‍ ഒഴിവാക്കാന്‍ അത്‌ സഹായകമായിരുന്നു. ഇന്ന്‌ അഞ്ചുമണി മുതലോ, അതിലും നേരത്തെയോ തുടങ്ങുന്ന ടി.വി. സീരിയല്‍ കാഴ്‌ചയാണ്‌ മിക്കകുടുംബങ്ങളിലും. വിളക്ക്‌ വച്ചെങ്കിലായി ഇല്ലെങ്കിലായി. ചില വീടുകളില്‍ കുടുംബനാഥന്‍ വിളക്കുവച്ച്‌ നാമം ജപിച്ചാലും കുടുംബനാഥയ്‌ക്ക് അതില്‍ തീരെ താല്‌പര്യമില്ല. തന്നെയുമല്ലാ അവരതില്‍ എതിര്‍പ്പും പറയുന്നു.ഇങ്ങനെയുള്ള കുടുംബങ്ങളില്‍ മേല്‍ക്കുമേല്‍ ഉയര്‍ച്ചയ്‌ക്ക് പകരം, കുടുംബദുരിതം, മാനസികമായ അകല്‍ച്ച, പരസ്‌പരമുള്ള സ്‌പര്‍ദ്ധ എന്നിവയാണ്‌. എത്ര കിട്ടിയാലും തികയാതെവരും. കുടുംബാന്തരീക്ഷം മങ്ങലില്‍, കുട്ടികള്‍ പഠിക്കാന്‍ കൂട്ടാക്കുന്നില്ല, ഭര്‍ത്താവിന്‌ സ്‌നേഹമില്ല, കടം വിട്ടൊഴിയുന്നില്ല എന്നെല്ലാം പരാതിപറയുന്ന ഭാര്യമാര്‍ ഒന്നോര്‍ക്കുന്നത്‌ നന്ന്‌. ഒരു കുടുംബം നിലനിര്‍ത്താനും തകര്‍ക്കാനും ഒരു സ്‌ത്രീക്ക്‌ സാധിക്കും. ഒന്നുകില്‍ 'മഹാലക്ഷ്‌മിയെ' വീട്ടില്‍ കുടിയിരുത്താം. അല്ലെങ്കില്‍ 'ചേട്ടയെ' കുടിയിരുത്താം. ഇതിലേത്‌ വേണമെന്ന്‌ നാം തന്നെ തീരുമാനിക്കുക.

ക്ഷേത്രത്തിനടുത്ത്‌ വീട്‌ നിര്‍മ്മിക്കുമ്പോഴും 'വരത്തുപോക്ക്‌' ഉണ്ടാകുന്ന സ്‌ഥലങ്ങളില്‍ വീടുവയ്‌ക്കുമ്പോഴും ദുരിതങ്ങള്‍ താനെ ഉണ്ടാകും. ഇങ്ങനെയുള്ള വീടുകളില്‍ നാല്‌ക്കാലികള്‍, പട്ടി ഇവയൊന്നും വാഴില്ല. സമ്പത്തുവരുന്നുണ്ട്‌ ഒന്നും നിലനില്‍ക്കുന്നില്ല എന്ന്‌ പറയുന്നവര്‍ വാസ്‌തുദോഷം ഉണ്ടോയെന്ന്‌ നോക്കുക. തെക്കും, പടിഞ്ഞാറും താഴ്‌ന്നുകിടക്കുന്ന ഭൂമിയില്‍ സമ്പത്ത്‌ നില്‍ക്കയില്ല.വീട്‌ അടിച്ച്‌ തുടച്ച്‌ തളിക്കുന്നത്‌ ഒരു പരിധിവരെ പോസിറ്റീവ്‌ ഊര്‍ജ്‌ജം ഉണ്ടാക്കും. അതില്‍തന്നെ ഉപ്പിട്ട വെള്ളത്തില്‍ വീടിനകം മുഴുവന്‍ തുടയ്‌ക്കുന്നത്‌ ഉത്തമം. ചാണകവെളളം വീട്ടിലും പരിസരത്തും മുഴുവന്‍ തളിക്കുന്നത്‌ വളരെ നല്ലതാണ്‌. ദോഷങ്ങളകലും. മറ്റുള്ളവരുടെ പറമ്പില്‍നിന്നും നമ്മുടെ പറമ്പിലേക്ക്‌ ദോഷം കടന്നുകൂടാം. ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ സ്വന്തംസ്‌ഥലം മതില്‍കെട്ടിത്തിരിക്കുന്നത്‌ ഉത്തമം. ചൊവ്വാഴ്‌ചയും വെളളിയാഴ്‌ചയും വീടും പറമ്പും ചാണകം തളിച്ച്‌ വ്രതമെടുക്കുന്നതും മത്സ്യമാംസാദികള്‍ കഴിക്കാതെയിരിക്കുന്നതും ഐശ്വര്യമുണ്ടാകാന്‍ ഉപകരിക്കും. ദുരിതങ്ങളില്‍ക്കിടന്ന്‌ നട്ടംതിരിയുന്നവര്‍ പ്രദോഷം തൊഴല്‍ ശീലമാക്കുന്നത്‌ വളരെ നല്ലഫലം നല്‍കും.


സന്ധ്യാസമയം വിളക്കുവച്ച്‌ നാമം ജപിക്കുക. കുടുംബത്തിലുള്ള എല്ലാവരും ഒത്തൊരുമിച്ച്‌ ഇരുന്ന്‌ പ്രാര്‍ത്ഥിക്കുന്നത്‌ കുടുംബ ഐക്യത്തെ ഉണ്ടാക്കുന്നതാണ്‌. വഴിപാടുകള്‍ നേര്‍ന്നിടാനുള്ളതല്ല; നടത്താനുള്ളതാണ്‌. പലരും വഴിപാടുകള്‍ നേര്‍ന്നുവയ്‌ക്കും. പക്ഷേ, നടത്തില്ല. ഇത്‌ ദുരിതങ്ങള്‍ ഉണ്ടാക്കുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. നേര്‍ന്നിട്ടുണ്ടെങ്കില്‍ എത്രയും വേഗം നടത്തുക.


ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാക്കുന്നതും പിരിയുന്നതും ഇന്നൊരു 'ഫാഷന്‍' ആയിരിക്കുന്നു. ഇവരുടെ മട്ടുകണ്ടാല്‍ പിരിയാന്‍വേണ്ടി മാത്രം വിവാഹം കഴിച്ചതാണെന്ന്‌ തോന്നും. ഇങ്ങനെ ഭയങ്കര വഴക്ക്‌ വിടാതെ നില്‍ക്കുന്നപക്ഷം ഭര്‍ത്താവ്‌ കെട്ടിയ താലി അഴിച്ച്‌ മാറ്റിയശേഷം ക്ഷേത്രത്തില്‍ ദേവിയുടെ കഴുത്തിലെ താലി വാങ്ങിച്ച്‌ കെട്ടുക. വഴക്കു മാറും. ജാതകപ്രശ്‌നത്താലുള്ള വഴക്കാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകന്നുകഴിയാം. ഒരാള്‍ ദൂരെ ദിക്കില്‍ ജോലിക്കുപോകാം. ഭാര്യ സ്വന്തം വീട്ടില്‍ (എവിടെയാണോ ജീവിക്കുന്നത്‌ അവിടെ) തന്നെ താമസിക്കാം. പരസ്‌പരം കാണാം. ഫോണില്‍ സംസാരിക്കാം. ചെലവിന്‌ കൊടുക്കാം. രണ്ടുമൂന്നു ദിവസം ഒന്നിച്ച്‌ കഴിയാം. സ്‌ഥിരമായി ഒന്നിച്ചു കഴിയാതിരുന്നാല്‍ മാത്രം മതി. ഇത്‌ ചൊവ്വാദോഷക്കാര്‍ക്ക്‌ ഏറെ ഫലപ്രദമായകാര്യമാണ്‌.ചൊവ്വാദോഷം ഉള്ളവര്‍ക്ക്‌ 35 വയസ്സിനുമേല്‍ ചൊവ്വാദോഷം നോക്കേണ്ടതില്ല എന്നാണ്‌ പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നത്‌ ക്ഷേത്രത്തില്‍ ഉത്സവസമയത്ത്‌ 'പറയിടു'ന്നതും കുടുംബ ഐശ്വര്യം ഉണ്ടാക്കും. പിതൃക്കള്‍ക്ക്‌ വേണ്ട കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതും കുടുംബദുരിതമാണ്‌. സര്‍പ്പദോഷം കുടുംബദുരിതം വിട്ടുമാറാത്ത അവസ്‌ഥയാണ്‌. അമ്മവഴിയുളള ക്ഷേത്രദര്‍ശനം (ധര്‍മ്മദേവത) നടത്തി അവിടെ വേണ്ടത്ര വഴിപാടുകള്‍ നടത്തുന്നത്‌ ഉത്തമം. സര്‍പ്പക്കാട്‌ വെട്ടി നശിപ്പിച്ചിട്ടുള്ളതിന്‌ കണക്കില്ല. അല്ലെങ്കില്‍ സര്‍പ്പക്കാടിരുന്ന സ്‌ഥലംവിറ്റു പോയിട്ടുണ്ടാവും. ഇത്‌ വലിയ ദുരിതം നല്‍കും. പരിഹാരം ചെയ്‌ത് ക്ഷമപറയേണ്ടതാണ്‌. മരിച്ച പിതൃക്കള്‍ക്കുവേണ്ടി കര്‍മ്മം ചെയ്യണം. ദുര്‍മരണം സംഭവിച്ചാലും കര്‍മ്മം ചെയ്യേണ്ടതാണ്‌.പിതൃക്കള്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മ്മത്തില്‍ അന്നദാനം പ്രധാനമാണ്‌. ചിലര്‍ പറയുന്നത്‌ കേള്‍ക്കാം; ഞങ്ങള്‍ പിതൃവിനെ ക്ഷേത്രത്തില്‍ കുടിയിരുത്തി, ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന്‌. ഇത്‌ തെറ്റിദ്ധാരണയാണ്‌. ഒരു വ്യക്‌തി മരിച്ചാല്‍, വര്‍ഷാവര്‍ഷം ബലിയിടുന്നതും അല്‌പം അന്നം പത്തുപേര്‍ക്ക്‌ കൊടുക്കന്നതും ആ കുടുംബത്തിന്‌ ഐശ്വര്യമേ ഉണ്ടാക്കൂ. ഇതിന്‌ ഒരു കാരണവശാലും മുടക്കം വരുത്താന്‍ പാടില്ല.ബലിയിടാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രത്തില്‍ കൂട്ട നമസ്‌ക്കാരത്തിന്‌ കൊടുത്ത്‌ പ്രസാദം വാങ്ങി കാക്കയ്‌ക്കും മത്സ്യങ്ങള്‍ക്കും കൊടുക്കാം. ഒരച്‌ഛനും അമ്മയ്‌ക്കും അഞ്ചു മക്കള്‍ ഉണ്ടെങ്കില്‍ അച്‌ഛന്റേയും അമ്മയുടെയും മരണശേഷം ആ അഞ്ചുമക്കളും ഒരുപോലെ ബലിയിടേണ്ടതാണ്‌. ഒരാളും അതില്‍നിന്ന്‌ മാറിനില്‍ക്കാന്‍ പാടുള്ളതല്ല.ഐശ്വര്യവും സമ്പത്തും ഒരു മകനോ, മകള്‍ക്കോ മാത്രം പോരല്ലോ. അത്‌ എല്ലാ മക്കള്‍ക്കും വേണമെന്നുതന്നെയല്ല; മറ്റേയാളിന്‌ കിട്ടിയതിനേക്കാള്‍ കൂടുതല്‍ തനിക്കുവേണമെന്ന ചിന്തയുമുണ്ട്‌. എന്നാലോ- അത്രയേറെ കഷ്‌ടപ്പെട്ട്‌ മക്കളെ വേണ്ടതെല്ലാം കൊടുത്ത്‌ വളര്‍ത്തിയ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ അവര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ചെയ്‌തുകൊടുക്കേണ്ടതാണ്‌. (മരിച്ചശേഷം ചെയ്‌താല്‍ പോരെന്നര്‍ത്ഥം) മരിച്ചശേഷവും വേണ്ട കര്‍മ്മങ്ങള്‍ മുടങ്ങാതെ ചെയ്‌താല്‍ പിതൃക്കളുടെ അനുഗ്രഹംകൊണ്ട്‌ ഉയര്‍ച്ചയുണ്ടാകും. ഇതിന്‌ അനേകം ഉദാഹരണങ്ങളും പറയാനുണ്ട്‌. അതില്‍ എടുത്തുപറയാവുന്ന ഒരു ഉദാഹരണം: 'ശ്രീ ശങ്കരാചാര്യ'രുടേതാണ്‌. ആചാര്യദേവന്‍ വളരെ ചെറുപ്പത്തിലേ ഭക്‌തിമാര്‍ഗം സ്വീകരിച്ച വ്യക്‌തിയാണ്‌. ധര്‍മ്മം, ദാനം, ഭക്‌തി തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വളരെ ഉയര്‍ന്ന ചിന്താഗതിക്കാരനായിരുന്നു. വിചാരിക്കുന്ന സമയം ദൈവം അദ്ദേഹത്തിന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാല്‍ സന്യാസം സ്വീകരിച്ച അദ്ദേഹം സ്വന്തം അമ്മയെ ശുശ്രൂഷിച്ചില്ല. ആ ഒരു കുറവേ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നുള്ളൂ. അതിന്‌ അദ്ദേഹം അനുഭവിച്ച മാനസിക വിഷമം കുറച്ചൊന്നുമായിരുന്നില്ല.

മക്കളെ ജീവനുതുല്യം സ്‌നേഹിക്കുകയും എല്ലാ മക്കളേയും വേര്‍തിരിവ്‌ ഇല്ലാതെ കാണുകയും ചെയ്യുന്ന ഒരമ്മയുടെ മനസ്സ്‌ വിഷമിച്ചാല്‍ തന്നെ ആ വിഷമം ശാപമായി മക്കളില്‍വന്ന്‌ വീഴും. ഇതും ജീവിതവിജയത്തിന്‌ തടസ്സമാകും. എല്ലാക്കാര്യങ്ങളിലും ശ്രദ്ധയോടെ ജീവിക്കുന്നപക്ഷം കുടുംബസൗഖ്യവും ഐശ്വര്യവും താനേ വന്നുചേരുകതന്നെ ചെയ്യും. എല്ലാവര്‍ക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

ഓം താരാദേവൈ്യ നമഃ


ശ്രീ ഗായത്രി ആസ്‌ട്രോളജര്‍

രമാഭായ്‌