നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 23 October 2012

മഹാഗണപതിയെ ഉപാസിക്കുമ്പോള്‍


അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയതുകൊണ്ടു മാത്രം ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്നു കരുതരുത്. പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. ഈ ദേവതാപ്രസാദം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്കരിക്കുന്നത്. പുരോഗതിയുടെ നാള്‍വഴിയിലേക്ക് ഒരു ഉപാസകന്‍ സഞ്ചരിക്കണമെങ്കില്‍ അന്തഃകരണത്തില്‍ തടസ്സമുണ്ടാകരുത്. അന്തഃകരണ ശുദ്ധിക്ക് ഏറ്റവും തടസ്സമായി വരുന്നത് ആസുരചിന്തകളും അശുഭവൃത്തികളുമാണ്.
ആര്‍ക്കു വേണമെങ്കിലും ഉപാസന ആരംഭിക്കാം. എന്നാല്‍ ഇഷ്ടദേവതാപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായ ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ ഒരടി നാം മുമ്പോട്ടു പോവില്ല. ഇങ്ങനെ അന്തഃകരണ ശുദ്ധിക്കു വേണ്ടിയാണ് മഹാഗണപതിയെ ഉപാസിക്കുന്നത്. തന്റെ ഇന്ദ്രിയങ്ങളെ വേണ്ടരീതിയില്‍ നിയന്ത്രിച്ച് മനസ്സും ചിത്തവും ബുദ്ധിയും ഞാന്‍ എന്ന സത്തയും പരിഷ്‌കരിക്കുന്ന വിദ്യ യജുര്‍വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്. യജുര്‍വേദത്തില്‍ ഗണപതി ദേവതയായ ഒരു മന്ത്രമുണ്ട്.

പ്രതൂര്‌വേന്നഹ്യവക്രാമന്നശസ്തീ
രുദ്രസ്യ ഗാണപത്യം മയോഭൂരേഹി
ഉര്‌വന്തരിക്ഷം വീഹി സ്വസ്തിഗവ്യൂതിരഭയാനി
കൃണ്വന്‍ പൂഷ്ണാ സയുജാ സഹ
(യജുര്‍വേദം 11. 19)
മനസ്സ്, ബുദ്ധി, ചിത്തം, ഞാനെന്ന ബോധം എന്നിവയില്‍ ദിവ്യഗുണങ്ങളുണര്‍ത്തുന്ന തപസ്സിന്റെ വഴിയാണ് മന്ത്രത്തിലെ പ്രതിപാദ്യം. അശുഭങ്ങളായ സമസ്ത ദോഷങ്ങളെയും മഹാഗണപതി ഭഗവാന്‍ ചവുട്ടിയരയ്ക്കട്ടെ. ഭഗവാന്‍ എല്ലാ ആസുരവൃത്തികളെയും സദാ ഹിംസിച്ചു കളയട്ടെ. ആസുരികവും അശുഭങ്ങളുമായ സമസ്ത കര്‍മങ്ങളെയും പാടെ വിപാടനം ചെയ്ത് ഭഗവാന്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ. അതോടെ അഭയവരദായിയായ മഹാഗണപതി ഉപാസകനില്‍ മംഗള ഭാവനകളെ ഉണര്‍ത്തും. 'അഭയാനികൃണ്വന്‍' എന്നാണ് യജുര്‍വേദം പറയുന്നത്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും അഞ്ചു പ്രാണനുകളും 11 രുദ്രന്മാരും 12 ആദിത്യന്മാരും അടങ്ങുന്ന സകലതും ഗണപതി ഉപാസകനില്‍ പരിപൂര്‍ണ ശക്തിയോടെ വിരാജിക്കാന്‍ ആരംഭിക്കും. പ്രിയന്മാരില്‍ ഏറ്റവും പ്രിയപ്പെട്ടവനായി ഉപാസകന്‍ പരിണമിക്കുമെന്ന് മറ്റൊരു യജുര്‍വേദമന്ത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗണാനാം ത്വാ ഗണപതിങ് ഹവാമഹേ
പ്രിയാണാം ത്വാ പ്രിയപതിങ് ഹവാമഹേ
നിധീനാം ത്വാ നിധിപതിങ് ഹവാമഹേ
വസോ മമ. ആഹമജാനി ഗര്ഭധമാ
ത്വമജാസി ഗര്ഭധമ്.
(യജുര്‍വേദം 23.19)
നിധികളുടെ പതിയായ നിധിപതിയായി ഉപാസകനെ മഹാഗണപതി മാറ്റിയെടുക്കുന്നു. സകല അറിവുകളെയും തന്റെ ഗര്‍ഭത്തില്‍ ചുമക്കുന്നവനാണ് മഹാഗണപതി. ആ ഗണപതിയെ ഉപാസിക്കുന്നവനും അറിവുകളുടെ മഹാമസ്തകമുള്ളവനായിത്തീരും. ഇതാണ് ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എ പ്രസ്താവത്തിന്റെ നേരായ ഭാവവും. അങ്ങനെ നവരാത്രിയിലൂടെയും വിജയദശമിയിലൂടെയും അന്തഃകരണത്തെ ശുദ്ധമാക്കി മഹാഗണപതിയെ സ്വഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിയണം.


ആചാര്യ എം.ആര്‍. രാജേഷ്‌


ആയുധപൂജയുടെ രഹസ്യലോകം


നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.

ഏതുജോലിയും തപസ്സായി കാണുന്നവരാണ് പ്രാചീന ഋഷിമാര്‍. എഴുത്തും വായനയും നൃത്തവും സംഗീതവുമെല്ലാം സാധനയാണ്. താന്‍ ഏര്‍പ്പെടുന്ന കര്‍മലോകത്തെ ജഗദീശ്വരനിലേക്ക് അനുപ്രവേശിക്കാനുള്ള സാധനാമാര്‍ഗമായി അവര്‍ കണ്ടു. ഏത് കര്‍മമേഖലയില്‍പ്പെട്ടവനും തപസ്സുചെയ്യാം. തന്റെ കര്‍മമണ്ഡലത്തിലൂടെതന്നെ മോക്ഷം പ്രാപിക്കുകയും ചെയ്യാം. മുക്തിനേടാന്‍ കര്‍മം വെടിയേണ്ട ആവശ്യമേയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞപോലെ കര്‍മംചെയ്യാതെ ഒരുനിമിഷംപോലും ആര്‍ക്കും നില്‍ക്കാനാവില്ല. അതിനാല്‍ കര്‍മത്തില്‍ മുഴുകിത്തന്നെ പരമഗതി പ്രാപിക്കുന്നതിനുള്ള വഴി തേടണം.

കര്‍മമേഖലയും അവിടത്തെ ദിവ്യഭാവങ്ങളും സ്വശരീരാന്തര്‍ഗതങ്ങളായ ദേവതകളും അവയ്ക്കിടയിലുള്ള ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ചേര്‍ന്നുള്ള അദൃശ്യമായ പാരസ്പര്യമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഋഷിമാര്‍ കണ്ടെത്തി. നര്‍ത്തകിക്ക് നാദവുമായുള്ള പരസ്പരബന്ധം പൂര്‍ണമാകുന്നത് ചിലങ്കയിലൂടെയാണ്. എഴുത്തുകാരന്റെ പാരസ്പര്യം പൂര്‍ണമാകുന്നത് തൂലികയിലൂടെയും പുസ്തകത്തിലൂടെയുമാണ്. മന്ത്രസാധകന്റെ പാരസ്പര്യം മന്ത്രവും മരംവെട്ടുകാരന്റേത് മഴുവുമാണ്.

വിജയകരമായ കര്‍മസിദ്ധിക്ക് തന്റെ ആയുധങ്ങളും ഉപകരണങ്ങളും തമ്മില്‍ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തി. ഈ വിശേഷമായ പാരസ്പര്യം ആര്‍ക്കുണ്ടോ അവര്‍ കര്‍മ കുശലന്മാരായിരിക്കും. കവികളും ക്രാന്തദര്‍ശികളും കര്‍മശ്രേഷ്ഠരുമെല്ലാം ഈ സാമരസ്യം അറിഞ്ഞവരാണ്. ഇതിനെ ദേവതാപ്രസാദമെന്ന് അവര്‍ വിളിച്ചു. ഉടമയുടെ അനുവാദമില്ലാതെ ഉപകരണങ്ങളിലൊന്നും തൊടുകപോലും ചെയ്യരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ സാമരസ്യമാണ്. കാളിദാസന്‍പോലും തൂലിക കൈമാറരുതെന്ന് ഓര്‍മിപ്പിച്ചത് കാണുക.

ഈദൃശമായ ദേവതാപ്രസാദത്തെ അനുഭൂതിതലത്തില്‍ സാക്ഷാത്കരിക്കലാണ് നവരാത്രിയിലെ ആയുധപൂജ. പണിയായുധങ്ങളും ഉപകരണങ്ങളുമെല്ലാം പരമേശ്വരിക്കായി സമര്‍പ്പിച്ച് അവയുടെ ദിവ്യത തന്റെ കര്‍മമണ്ഡലത്തെ ദീപ്തമാക്കുമെന്ന അടിയുറച്ച അനുഭൂതിയാണ് ആയുധപൂജയിലൂടെ നാം നേടുന്നത്.

ഈ പൂജാസമര്‍പ്പണത്തിലൂടെ ശരീരാന്തര്‍ഗതങ്ങളായ ദിവ്യകലാവിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവതമ്മിലുള്ള അതിസൂക്ഷ്മമായ ദേവതാ പ്രസാദവും ഉറവയെടുക്കുമെന്നറിയുക. സൂക്ഷാതിസൂക്ഷ്മമായ ദേവതാപ്രസാദത്തെ അവര്‍ സരസ്വതി എന്നുവിളിച്ചു. വരദയായ, സര്‍വാഭീഷ്ടങ്ങളെയും സാധിപ്പിച്ചിട്ടുതരുന്ന സരസ്വതിയെ വിദ്യാരംഭത്തില്‍ സ്മരിക്കുകയാണ് ഭക്തന്‍. ആ സരസ്വതി സര്‍വസിദ്ധികളും കര്‍മമണ്ഡലത്തില്‍ നമുക്കായി പ്രദാനംചെയ്യും.


ആചാര്യ എം.ആര്‍. രാജേഷ്‌

നവരാത്രി ചിന്തകള്‍


നവരാത്രി ആഘോഷം കേവലം ഒരു ആചരണം മാത്രമല്ല. ഒരു കാലയളവില്‍ ആധിഭൗതികമായ രാഷ്ട്രോപാസനയും ആധിദൈവികമായ പ്രപഞ്ചോപാസനയും ആധ്യാത്മികമായ അക്ഷരോപാസനയും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടാടിയിരുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ആയുധങ്ങളെല്ലാം പരാശക്തിക്കു മുന്‍പില്‍ സമര്‍പ്പിച്ച് രാഷ്ട്രശക്തി പോഷിപ്പിക്കുക എന്ന സങ്കല്പത്തിലൂടെ കടന്നുപോയി. ദസറ പോലുള്ള ആഘോഷങ്ങള്‍ക്ക് നവരാത്രിയിലുണ്ടായ സ്വാധീനം അതാണ്. പ്രപഞ്ചോപാസകര്‍ പ്രപഞ്ചത്തിലെ കര്‍മലോകത്ത് തങ്ങളുടെ അറിവാകുന്ന ബോധമണ്ഡലം ഉണര്‍ത്തുന്നതിനും കലാരൂപങ്ങളുടെ സാക്ഷാത്കാരത്തിനും നവരാത്രികാലം വിനിയോഗിച്ചു. ആധ്യാത്മികോന്നതി കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരും നവരാത്രിയില്‍ മന്ത്രോപാസനയില്‍ മുഴുകി.

നവരാത്രിയിലൂടെ രാഷ്ട്രവും സമൂഹവും വ്യക്തിയുമെല്ലാം സവിശേഷമായ ശക്തി കൈവരിക്കാന്‍ പരിശ്രമിച്ചുപോരുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ജഗദീശ്വരിയായ വാഗ്‌ദേവി സ്വയം ഉപാസകന് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. ഏറേ ശ്രദ്ധേയമായ ഈ ശാക്തേയ ഉപദേശം പ്രാചീനകാലത്തെ മന്ത്രസാധനയുടെ തെളിവായി നമുക്ക് കാണാം. ഈ ദേവീസൂക്തം നവരാത്രികാലത്ത് ഉപാസിച്ചു പോരാറുമുണ്ട്. അതീവ രഹസ്യമായ ഈ സൂക്തത്തിലെ ആദ്യമന്ത്രം ഇങ്ങനെയാണ്.

ഓം അഹം രുദ്രേഭിര്‌വസുഭിശ്ചരാമ്യഹമാദി-
തൈ്യരുത വിശ്വദേവൈഃ.
അഹം മിത്രാവരുണോഭാ ബിഭര്മ്യഹ
മിന്ദ്രാഗ്‌നീ അഹമശ്വിനോഭാ.
(ഋഗ്വേദം 10.125.1)

ദേവി പറയുകയാണ്: ''ഞാന്‍, ഉപാസകനായ നിന്റെ ശക്തിയാണ്. നിന്റെ പ്രാണനോടൊപ്പം ശരീരത്തിലെ ധാതുക്കളായ വസുക്കളോടൊപ്പം, ആദാനശക്തികളോടൊപ്പം, സമസ്ത ഇന്ദ്രിയങ്ങളോടൊപ്പം ഞാന്‍ ചലിച്ചുകൊണ്ടിരിക്കുന്നു''. നമ്മുടെ ശരീരത്തിലെ ഈപറഞ്ഞവയുടെയെല്ലാം ആധാരശക്തിയായി നിലകൊള്ളുന്നത് ഈ ദേവി തന്നെയാണ്. ഈ ശരീരത്തിലെ ദേവതാസങ്കല്പത്തെക്കുറിച്ചാണ് ലളിതാസഹസ്രനാമത്തില്‍ ഡാകിനി, ഹാകിനി, ലാകിനി എന്നൊക്കെ വിളിക്കുന്നത്. നമ്മുടെ ശരീരത്തിലെ ആഗേ്‌നയവും സോമവുമായ ശക്തികളെയെല്ലാം ദേവി ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഈ വേദമന്ത്രത്തില്‍ ഭഗവതി തന്നെ സ്വയം പറയുന്നു. ശരീരത്തില്‍ ഇന്ദ്രശക്തിയുണ്ട്. ജീവന്‍ വിദ്യുത്തിനെയും ശരീരത്തിന്റെ ഉഷ്ണത്തിനെയും 'കായ'മാക്കിയിരിക്കുന്നു. ഭഗവതി പറയുകയാണ്- ''ഞാന്‍ തന്നെയാണ് ഉപാസകന്റെ അശ്വനികളായ പ്രാണനേയും അപാനനെയും സഞ്ചാലനം ചെയ്യിപ്പിക്കുന്ന ശക്തി'' എന്ന്.

രാഷ്ട്രത്തില്‍ ഇതേ ഭഗവതി തന്നെയാണ് രാഷ്ട്ര ശക്തിയായി വീരന്മാരോടും ധനികരോടും വിദ്വാന്മാരോടും സകല ജ്ഞാനികളോടും ഒപ്പം നിവസിക്കുന്നതെന്ന് ഓര്‍മപ്പെടുത്തുകയാണ് നവരാത്രി ആഘോഷം. സുഹൃത്തുക്കളെയും ശ്രേഷ്ഠരെയും ശൂരവീരന്മാരെയും അശ്വനീകുമാരന്മാരായ വൈദ്യന്മാരെയും ഈ രാഷ്ട്രത്തില്‍ ഏകഭാവത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ശക്തിയും ഞാന്‍ തന്നെയാണെന്ന് ദേവി ഈ മന്ത്രത്തില്‍ ആധിഭൗതികമായി പറഞ്ഞുതരുന്നു. നവരാത്രികാലത്ത് ഈ ദേവിയെ രാഷ്ട്രശക്തിയായി ഉപാസിച്ചുപോരുന്നതിന്റെ പൊരുളും മറ്റൊന്നല്ല.


കടപ്പാട്  : ആചാര്യ എം.ആര്‍. രാജേഷ്‌
Saturday, 6 October 2012

പാല് കാച്ചും വാസ്തു ബലിയും!


ഗ്രഹപ്രവേശത്തിന്റെ ആദ്യ ചടങ്ങാണ് പാലുകാച്ച്. വെള്ള നിറത്തിലുള്ള പാല്‍ സത്വഗുണസ്വരൂപിയും ശുദ്ധ വിദ്യയുമാകുന്ന പ്രപഞ്ച തത്ത്വമാണ്. പാലില്‍ തൈരും, വെണ്ണയും, നെയ്യും അടങ്ങിയിരിക്കുന്നതുപോലെ പ്രപഞ്ചത്തിലും ഈശ്വര ചൈതന്യം അടങ്ങിയിരിക്കുന്നു. പാല് തിളപ്പിച്ച് തണുപ്പിക്കുകയും പുളിക്കുകയും ചെയ്യുമ്പോള്‍ തൈരാകുന്നു. അത് കടഞ്ഞ് വെണ്ണ ഉണ്ടാക്കുന്നു..വെണ്ണ ഉരുക്കിയാല്‍ നെയ്യാകുന്നു. ഇപ്രകാരം ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല് കാച്ചുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.


ഹൈന്ദവ ജീവിത രീതിയില്‍ നാല് ആശ്രമങ്ങള്‍ ഉണ്ട്. ഒന്ന് - ബ്രഹ്മചര്യം, രണ്ട് - ഗാര്‍ഹസ്ഥ്യം, മൂന്ന് - വാനപ്രസ്ഥം, നാല് - സന്യാസം. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെ. ജനിച്ചതിനു ശേഷം വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് വരെ ബ്രഹ്മചര്യാവസ്ഥ. കല്യാണം കഴിക്കുന്നതോടുകൂടി ഗാര്‍ഹസ്ഥ്യം സ്വീകരിക്കുന്നു. അതിനുശേഷം തീര്‍ത്ഥയാത്രയില്‍ കൂടി ആത്മാനുഭൂതി കൈവരിക്കുന്നു. ഇത് വാനപ്രസ്ഥം. സന്യാസിയാകട്ടെ, ബ്രഹ്മചര്യാവസ്ഥയില്‍ നിന്നും തുടര്‍ന്ന് ഭവനത്തെ ഉപേക്ഷിച്ച് ദൈവീക ജ്ഞാനത്തില്‍ ലയിക്കുന്നു. അതിനായി ഒരു സന്യാസി സ്വന്തം ജന്മഗ്രഹത്തില്‍ വരെ വന്ന് ഭിക്ഷ സ്വീകരിക്കണമെന്ന് വിധിയുണ്ട്. അപ്പോഴും ഭവനം സന്യാസാശ്രമവുമായും ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.

പാല് ഈ നാല് ആശ്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മചാരിയായിരിക്കുമ്പോള്‍ ഹോമാദികര്‍മ്മങ്ങള്‍ക്ക് നെയ്യ് ആവശ്യമുണ്ട്. ഗാര്‍ഹസ്ഥത്തില്‍ ഗ്രഹസ്ഥന് പാല്‍ നിത്യോപയോഗ വസ്തുവാണ്.തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നതിനെ വാനപ്രസ്ഥാനത്തോട് ഉപമിക്കാം.സന്യാസമാകട്ടെ സര്‍വ്വലോകത്തെയും ക്ഷീരസാഗരമായി കണ്ട് അതില്‍ തന്‍റെ ആത്മാവിനെ സാഗരശായിയായ വിഷ്ണുവായി കാണുന്ന അദ്വൈതാവസ്തയുമാണ്. അപ്പോള്‍ പാല് കാച്ചല്‍ എന്ന ചടങ്ങ് ഈ നാല് ആശ്രമങ്ങളുടെ തത്വങ്ങള്‍ ഉള്‍ക്കൊണ്ടതും അത് അനുഷ്ടിക്കേണ്ടതും പരിപാലിക്കേണ്ടതുമാണന്ന ബോധം ഉളവാക്കുകയും ചെയ്യാന്‍ വേണ്ടിയാണ് എന്ന് സാരം.
പാല് ചൂടാക്കുന്നതിനു അഗ്നി ആവശ്യമാണ്. പാല് തിളച്ച് മറിഞ്ഞ് വീണ്ടും അഗ്നിയില്‍ തന്നെ പതിക്കുന്നു. അങ്ങനെ ഏതു അഗ്നിയാണോ പാലില്‍ നിന്ന് നെയ്യിനെ വേര്‍തിരിക്കുന്നത്, ആ നെയ്യ് വീണ്ടും അഗ്നിയായി തന്നെ മാറുന്നു. എന്നുവച്ചാല്‍ ജീവാത്മാവ് പരമാത്മാവില്‍ ചേര്‍ന്ന് ഒന്നായി തീരുന്നു എന്നര്‍ത്ഥം.
പാല്‍ ചൂടാക്കല്‍, പുളിപ്പിക്കല്‍, കടയല്‍, ഉരുക്കല്‍ എന്നീ പ്രക്രിയകള്‍ കൊണ്ട് മനസ്സിലാക്കുന്നത് നമ്മുടെ ജീവിതത്തിലെ ധര്‍മം, കര്‍മ്മം, യോഗം, ജ്ഞാനം എന്നീ ജീവിത രീതികളെയാണ്.

വാസ്തുബലി ഒരുതരം പൂജയാണ്. വാസ്തു ശാസ്ത്രമനുസരിച്ച് ഒരു ഗ്രഹം വാസ്തു പുരുഷന്‍റെ ശരീരമായിട്ടാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്‌. ഇവിടെ ആത്മീയത്തെക്കാള്‍ ഏറെ ദേവതാപ്രീതിയാണ് ലക്ഷ്യം. നവഗ്രഹങ്ങള്‍, വാസ്തുപുരുഷന്‍, അഷ്ടദിക്പാലകര്‍, അഷ്ടമാത്രുക്കള്‍, കുലദേവത, ഋഷീശ്വരന്മാര്‍ ഇവരെ ആരാധിക്കുകയും, ജോതിഷം, തച്ച്, തന്ത്രം , വാസ്തു ധര്‍മം തുടങ്ങി ശാസ്ത്രങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതോടുകൂടി ശാന്തിയും, സമാധാനവും, സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കാനിട വരികയും ചെയ്യുന്നതാണ്..

ക്ഷേത്രങ്ങളിലെ വസ്ത്ര നിയമം.


പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍ വസ്ത്രം ധരിക്കരുത് എന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്ര നിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. പണ്ട് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം.
ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് (മേല്‍വസ്ത്രം) ക്ഷേത്രത്തിലെ മതിലായിട്ടാണ് സങ്കല്പം. അപ്പോള്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യ തേജസ്സ്‌ തന്റെ ശരീരം എറ്റുവാങ്ങണമെങ്കില്‍ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും പരമാത്മാവും ഒന്നിച്ചു യോജിക്കുന്ന അവസ്ഥയാണ് ഇതില്‍ നിന്നും പ്രകടമാകുന്നത്. "അഹം ബ്രഹ്മാസ്മി"! ഞാന്‍ തന്നെ ഈശ്വരനുമാകുന്നു

എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കും. അത് മാത്രമല്ല, ഭ
ക്തന്‍ ഈശ്വരന്റെ ദാസനാണല്ലോ. അതുകൊണ്ട് മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതെ സമയം അരയ്ക്കുതാഴെ വസ്ത്രം നഗ്നതയെ മറയ്ക്കുകയും വേണം. നഗ്നം എന്നാല്‍ തുറന്നത് എന്നര്‍ത്ഥം. തുറന്നതെന്തും സത്യമെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സത്യം (സൃഷ്ടി) ഇപ്പോഴും ഈ പ്രപഞ്ചത്തില്‍ മറഞ്ഞാണ്‌ ഇരിക്കുന്നത്. അപ്രകാരം നാം പുരുഷനോ സ്ത്രീയോ എന്ന് വേര്‍തിരിക്കുന്ന ഇന്ദ്രിയം തന്നെയാകുന്നു ശരീരത്തിന്റെ യാഥാര്‍ത്ഥ്യവും . അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ട് ചെയ്യുന്ന സൃഷ്ടിക്രിയയും പ്രപഞ്ച സൃഷ്ടിപോലെ ഗൂഡഃമാകുകയാല്‍ ആ ഭാഗം മറയേണ്ടതുതന്നെ. .

പ്രഭാതത്തില്‍ (ബ്രാഹ്മ മുഹൂര്‍ത്തം ) ഈറനോടെയുള്ള ക്ഷേത്ര ദര്‍ശനം സൌഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോള്‍ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തില്‍ കുടിയേറാന്‍ കൂടുതല്‍ സഹായിക്കും.....

Wednesday, 3 October 2012

കൈ കൂപ്പുന്നത് എന്തിന്?


തന്നെക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈ കൂപ്പുന്നത് . കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്ത് പിടിച്ച് ‘നമസ്തേ’ എന്ന്‍ അഭിവാദ്യം ചെയ്യുന്നു . നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെ എന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്റെ എന്നും ‘ന’ എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ നമസ്തേ എന്നാല്‍ "എന്റേതല്ല , സര്‍വ്വതും ഈശ്വര സമമായ അങ്ങയുടെത്" എന്നാണ് . ഇവിടെ ‘ഞാന്‍’, ‘എന്റേത്’ എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന്‍ വ്യക്തം .

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന, വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരാം തിരിക്കാം . ഒന്ന് ഊര്‍ദ്ധ്വം , രണ്ട് മദ്ധ്യം , മൂന്ന് ബാഹ്യം .കൈപ്പത്തികളും അഞ്ചു വിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളില്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വ നമസ്തേ .ഇതു സാധാരണ ഗുരു സന്ദര്‍ശനത്തില്‍, സ്രാദ്ധത്തില്‍ , ബലികര്‍മ്മങ്ങളില്‍ , യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണഗതിയും പൂര്‍ണ്ണ വിധേയ ഭാവവും ആണ് ഇതോടൊപ്പം ‘നമോ നമ’ ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മധ്യ നമസ്തേ എന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്ത് നെഞ്ചോട്‌ തൊട്ടു വെക്കണം . ഇതു ഈശ്വര ദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗി ദര്‍ശനം
എന്നിവയ്ക്ക് ഉപയോഗിക്കുന്നു . ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യ ബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ് . ‘നമാമി’ ശബ്ധമാണ് ഇവിടെ ഉപയോഗിക്കേണ്ടത് .

ബാഹ്യ നമസ്തേ എന്നാല്‍ കൈപ്പത്തിയും അഞ്ചു വിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോടു ചേര്‍ത്ത് വെക്കണം .(ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്പ്പിച്ചിട്ടുള്ളത് .അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചു ചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്). ഇത് ദേവ പൂജ, സ്വയം പൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് .വലതു കൈയ്യിന്റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതു കൈയ്യിന്റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട് ,പിംഗള നാഡി രജോ ഗുണത്തിന്റെയും ഇഡാ നാഡി തമോ ഗുണത്തിന്റെയും പ്രതീകമാണ് .കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .അങ്ങനെ ഞ്ജാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാന്‍ എന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും....

ചന്ദനം

വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു....

ദാന-ദക്ഷിണാദികള്‍ കൊടുക്കുന്നതെന്തിന് ?


ദക്ഷിണ എന്ന ശബ്ദം 'ദക്ഷിണം ' എന്ന പദത്തില്‍ നിന്നുമാണ് . ദക്ഷിണം എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം . ദക്ഷിണ ഭാഗം സത്കര്‍മ്മങ്ങളുടെ (ദേവന്മാരുടെ) ആസ്ഥാനമാണ്‌.. അപ്പോള്‍ ദക്ഷിണ എന്നത് സത്കര്‍മ്മങ്ങള്‍ സംബൂര്‍ണമാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു . ഏത് കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ആ ആളില്‍ത്തന്നെ അതിന്റെ പുണ്യശക്തി കുടികൊള്ളുന്നു . ദക്ഷിണ കൊടുത്ത് കര്‍മ്മപുണ്യം പൂജകന്റെ പക്കല്‍ നിന്നും തങ്ങളിലോട്ട് മാറ്റം ചെയ്യപ്പെടുന്നു . അങ്ങിനെയാണ് പൂജാകര്‍മ്മങ്ങളുടെ പൂര്‍ണഫലം നമുക്ക് ലഭിക്കുന്നത്.

ദോഷ നിവാരണിക്കും സുകൃതത്തിനും വേണ്ടിയാണല്ലോ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പ്രതിഫല ഇച്ഛയാണ് ഇവിടെ പ്രകടിപ്പിക്കുന്നത് . ഇത് പാപമാണ്. അതുപോലെ പൂജിച്ച ആളിന് ദാനം നല്‍കുന്നതും പാപമാണ്. ദാനത്തിന്റെ പാപം മാറ്റാന്‍ ധനത്തിന്റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം.ഈ ദക്ഷിണ കൊടുക്കുന്നതിലുണ്ടായ പാപം മാറാന്‍ സര്‍വ്വ പാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം . അങ്ങനെയാണ് ദാന-ദക്ഷിണ-സമര്‍പ്പണാദി ചടങ്ങുകള്‍ മുഖ്യമായത് .

വെറ്റില അടയ്ക്കാ മുതലായവയോടുകൂടി വേണം ദക്ഷിണ നല്‍കാന്‍ .വെറ്റില സത്വ ഗുണത്തിന്റെയും, അടയ്ക്കാ രജോ ഗുണത്തിന്റെയും പ്രതീകമാണ്.വെറ്റിലയുടെ അഗ്രം ദക്ഷിണ കൊടുക്കുന്ന ആളിന്റെ നേരെ വെച്ച് ദക്ഷിണ നല്‍കണം. എന്നാല്‍ ദേവ കാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം എന്നീ കാര്യങ്ങള്‍ക്ക് ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലയുടെ അഗ്രം കൊടുക്കേണ്ട ആളിന്റെ നേരെ ആയിരിക്കണം . ഇത് നമ്മില്‍ നിന്നും കര്‍മ്മ സമര്‍പ്പണം അവിടേക്ക് ചെല്ലുന്നു എന്ന്‍ സൂചന.

ദാനം എന്നാല്‍ ത്യാഗം എന്നും, ദക്ഷിണ എന്നാല്‍ ധനാര്‍പ്പണം എന്നും, സമര്‍പ്പണം എന്നാല്‍ പ്രതിഫലേച്ഛ കൂടാതെ സര്‍വ്വവും ഈശ്വരന് സമര്‍പ്പിക്കുന്നത് എന്നും വ്യക്തം. ദാനം ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതാണ് . ദക്ഷിണയാകട്ടെ ദേവനും, ഗുരുവിനും,ദൈവീകകാര്യങ്ങള്‍ക്കും, ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ അര്‍ഹതയുള്ളൂ . സമര്‍പ്പണം ഈശ്വരനോട് മാത്രം പാടുള്ളതാണ്

Monday, 1 October 2012

ഗംഗാമാഹാത്മ്യം ..... സ്വാമി പരമേശ്വരാനന്ദ


ആദിഭൗതികം, ആദ്ധ്യാത്മികം, ആദിദൈവികം – എന്നീ ത്രീവിധ വീക്ഷണത്തോടുകൂടിയാണ് ഹിന്ദുക്കളുടെ ജലതീര്‍ത്ഥ സങ്കല്പവും. ഭാരതപുണ്യഭൂമിയില്‍ ഒഴുകി കിഴക്കേക്കടവില്‍ ചെന്നുപതിക്കുന്ന പുഴകളെ നദികളെന്നും മറ്റു ദിക്കുകളിലേക്കൊഴുകന്നവയെ നദങ്ങളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ഭാരതത്തിലുടനീളം തീര്‍ത്ഥസ്‌നാനങ്ങളായ തടാകങ്ങളും കുണ്ഡങ്ങളും ഉണ്ട്. സര്‍വ്വപ്രധാനതീര്‍ത്ഥം ഗംഗയാണെന്നത് ശ്രുതി യുക്ത്യാനുഭവ സിദ്ധമാകുന്നു. ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.
പ്രത്യക്ഷത്തില്‍, സമുദ്രനിരപ്പില്‍നിന്ന് പന്തീരായിരം അടി ഉയരത്തില്‍ ഹിമശിഖരങ്ങളില്‍ നിന്നുല്‍ഭവിച്ച് 2500കിലോമീറ്റര്‍ ഒഴുകി ഗംഗാസാഗരത്തില്‍ പതിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും അനേകം അനേകം തീര്‍ത്ഥഘട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഭൗതിക ദൃഷ്ട്യാ ഗംഗാ ജല സമ്പര്‍ക്കത്താല്‍ ചുറ്റുപ്രദേശങ്ങളെല്ലാം സസ്യശ്യാമളവും ഫലഭൂയിഷ്ടവുമാണ്. വീതരാഗയോഗികളായ ഈശ്വരോന്മുഖരായി ജീവിത സാധന നയിക്കുന്ന പുണ്യാത്മക്കള്‍ക്കെല്ലാം മുഖ്യാശ്രയമാണ് ഗംഗ. ചുരുക്കിപ്പറഞ്ഞാല്‍ ഗംഗ, ഗായത്രി, ഗീത, ഗോവ്, ഗുരു ഈ പഞ്ചരാഗങ്ങളും ഗംഗയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു. ആദി ഭൗതിക ആദ്ധ്യാത്മിക ആവശ്യങ്ങളുടെ ഉറവിടമാണ് ഗംഗയെന്ന് താല്‍പര്യം. വീതരാഗയോഗികളെയും ഋഷിമുനിമാരെയും സംബന്ധിച്ചിടത്തോളം ആദി ദൈവിക പ്രചോദന സ്രോതവുമാണ്. ഹരിദ്വാരം മുതല്‍ വടക്കോട്ട് ഹിമാലയത്തില്‍ പോഷകനദികള്‍ സന്ധിക്കുന്ന സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഗംഗോത്രി, ഗോമുഖംവരെ ഗംഗോല്‍ഭവ സംങ്കല്‍പങ്ങള്‍ ദൃശ്യമാണ്. ഗോമുഖത്തിനപ്പുറം എവിടെനിന്നു ഗംഗ ഉല്‍ഭവിക്കുന്നു എന്ന് തീര്‍ത്തുപറയുവാന്‍ ഇതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗംഗയുടെ യഥാര്‍ത്ഥ ഉല്‍ഭവോസ്ഥാനം ഇന്നും അദൃശ്യംതന്നെ. അതിനാല്‍ ഗംഗ സമുദ്രത്തില്‍ ചേരുന്ന ഗംഗാസാഗരംതൊട്ട് ഗംഗാദ്വാരമെന്നറിയപ്പെടുന്ന ഋഷികേശംവരെ ഗംഗയുടെ ആദിഭൗതിക സ്വരൂപവും, അവിടെനിന്നു ഗോമുഖംവരെ ആദ്ധ്യാത്മികസ്വരൂപവും, ഗോമുഖത്തിനപ്പുറം ആദി ദൈവികസ്വരൂപവും ദര്‍ശിക്കാം. ഗംഗയെ ദേവിയായി ആവാഹിച്ച് ഉപാസിക്കുമ്പോള്‍ അഭയവും അമരത്വവും നല്‍കുന്ന തൃക്കൈകളില്‍ അമൃതകുംഭവവും താമരപുഷ്പവും ധരിച്ചുകൊണ്ട് മകരമത്സ്യവാഹനാരൂഢയായി വിരാജിക്കുന്നു. ഭക്തജനങ്ങള്‍ക്ക് അഭീഷ്ടപ്രദയായ ദേവി ശ്വേതവര്‍ണ്ണ സ്വരൂപിണിയാണ്. സ്വര്‍ഗംഗ, ആകാശഗംഗ, ഹൈമവതി, ജാഹ്നവി, ഭാഗീരഥി, പാതാളഗംഗ ഇത്യാദി നാമശതങ്ങളാല്‍ പ്രതീകീര്‍ത്തിക്കപ്പെടുന്ന ഗംഗ ശൈവ – വൈഷ്ണവ സ്വരൂപിണിയാണ്. ആദി ദൈവികസത്തയുടെ സ്വരൂപമാണല്ലോ ആദിഭൗതിക ജഗത്. ശ്രീ വിഷ്ണുഭഗവാന്റെ പാദകമലങ്ങളില്‍ നിന്നുത്ഭവിച്ച് ശ്രീശുകഭഗവാന്റെ ജടാമകുടത്തില്‍വന്നു തങ്ങുന്ന ഗംഗയെ ഭഗീരഥന്റെ കഠിനതപസ്സുകൊണ്ട് ഭൂമണ്ഡലത്തിലേക്ക് പ്രവഹിക്കുന്നതായിട്ടാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. ഹിമവാന്റെ ഉച്ചി ഹിമാവൃതമായിരിക്കുന്ന ശ്രീനാരായണ പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്ത് ചരണഭാഗത്ത് നിന്നുത്ഭവിക്കുന്ന അളകനന്ദ ബദരീനാഥംവഴിക്ക് ഒഴുകുന്നതുപോലെ ദൃശ്യമല്ലെങ്കില്‍ നാരായണപര്‍വ്വതത്തിന്റെ ചരണഭാഗത്തുകൂടി അന്തര്‍ധാരയായി പ്രവഹിക്കുന്ന ഗംഗ മാനവസുമേരു എന്നറിയപ്പെടുന്ന സ്വര്‍ണപര്‍വ്വതത്തിലൂടെ ശിവലിംഗീ കൊടുമുടിയില്‍ വന്നുചേരുന്നു. ഈ പര്‍വ്വതശിഖിരം ഗോമുഖത്തിന്റെ തെക്കുഭാഗത്താണ്. അവിടെനിന്നും തെക്കോട്ട് ഗോമുഖത്തിലൂടെ ശക്തിയായി പ്രവഹിക്കുന്ന രൂപത്തിലാണ് നമുക്ക് ആദ്യം ദൃഷ്ടിഗോചരമാകുന്ന ഗംഗോത്ഭവം. ഗംഗോത്തരിയില്‍നിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റര്‍ ദൂരമുള്ളയാത്ര അതികഠിനമാണ്. ഏതുസമയവും പാറപോലെയുള്ള മഞ്ഞിന്‍കട്ടകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കും. എന്നാല്‍ അനുഭവപ്പെടുന്ന പ്രകൃതിദൃശ്യങ്ങള്‍ അതീവ മനോഹരവും നിര്‍വൃതിദായകവുമാണ്. ഭൂമുഖത്തില്‍നിന്നു തിരിയുന്ന ഗംഗയില്‍ പത്തുകിലോമീറ്റര്‍ ദൂരംവരുമ്പോള്‍ ദേവനദി വന്നുലയിക്കുന്നു. വീണ്ടും പത്തുകിലോമീറ്റര്‍വരണം ഗംഗോത്തരിയിലേക്ക്. സാധാരണ നിലയില്‍ സാഹസികരായ യാത്രക്കാര്‍പോലും ഈ ഗംഗോത്തരിവരെപോയി ഗംഗോത്സവം ദര്‍ശിച്ച് കൃതാര്‍ത്ഥരാകുന്നു. ദേവതാരു വൃക്ഷങ്ങളാലാവൃതമായ ഗംഗോത്തരിയില്‍ ശ്രീശങ്കരപാദരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീഗംഗാക്ഷേത്രമുണ്ട്. കൂടാതെ യമുന, സരസ്വതി, ഭഗീരഥന്‍, ശ്രീശങ്കരഭഗവത്പാദര്‍ എന്നീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭൈരവനാദമന്ദീര്‍ എന്ന ഒരു പ്രത്യേകക്ഷേത്രവും തീര്‍ത്ഥാടകര്‍ക്കു തങ്ങാനുളള ധര്‍മ്മശാലയുമുണ്ട്. ഗംഗോത്തരിയില്‍ സൂര്യകുണ്ഡം, വിഷ്ണുകുണ്ഡം, ബ്രഹ്മകുണ്ഡം തുടങ്ങിയ തീര്‍ത്ഥങ്ങളും ഭാഗീരഥന്‍ തപസ്സുചെയ്തിരുന്ന ഭാഗീരഥശിലയുമുണ്ട്. ഗംഗോത്തരിയില്‍ മഞ്ഞുകട്ടികൊണ്ടുമൂടുന്ന കാലങ്ങളില്‍ മൂന്നുകിലോമീറ്റര്‍ താഴെ മാര്‍ണ്ഡേയ മഹര്‍ഷി തപസ്സുചെയ്തിരുന്ന സ്ഥലത്തേക്ക് ദേവമൂര്‍ത്തികളെ ആവാഹിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. ഇവിടെനിന്നും കുറച്ചകലെയായി കേദാരഗംഗ എന്ന നദി ഗംഗയോടു ചേരുന്നു. ഇതിനടുത്തുതന്നെ ഗംഗ ശിവലിംഗത്തിലേക്ക് ധാരയായി ഒഴുകുന്ന ഗൗരികുണ്ഡം. പിന്നെഇങ്ങോട്ട് അളകനന്ദ, മന്ദാകിനി, വരുണ്‍, അസി, യമുന, സരസ്വതി, ബ്രഹ്മപുത്ര തുടങ്ങിയ അനേകം പോഷകനദികള്‍ ഗംഗയില്‍ ലയിക്കുന്നുണ്ട്. ഗംഗാതീര്‍ത്ഥത്തിലെ അനേകം പുണ്യതീര്‍ത്ഥ സങ്കേതങ്ങളില്‍ ഉത്തരകാശി ഋഷികേശം ഹരിദ്വാരം, പ്രയാഗ, വാരാണാസി, നവദ്വീപം, ഗംഗാസാഗരം മുതലായവ പ്രസിദ്ധങ്ങളാണല്ലോ. പ്രാദേശികവും അന്താരാഷ്ട്രീയവുമായ പലപല പ്രധാനപുഴകളുള്ളതില്‍ പുണ്യനദികളും ഉള്‍പ്പെടും. എന്നാല്‍ പലകാരണങ്ങളാല്‍ ഗംഗ പുണ്യനദികളുടെയെല്ലാം മാതാവാകുന്നു. വേദഋഷികളുടെ തപോഭൂമിയാണ് ഗംഗാതീരത്തിന്റെ പൂര്‍വ്വാര്‍ഥം മുഴുവന്‍. വേദങ്ങളിലും, ഇതിഹാസപുരാണങ്ങളിലെല്ലാം ഗംഗാമാഹാത്മ്യം വെളിവാക്കിയിട്ടുണ്ട്. യജ്ഞപുരുഷനും ത്രിവിക്രമസ്വരൂപനും ആയ സാക്ഷാല്‍ യഞ്ജപുരുഷനും ത്രിവിക്രമ സ്വരൂപനുമായ സാക്ഷാല്‍ വിഷ്ണുഭഗവാന്റെ ത്രിലോകത്തെയും അതിക്രമിച്ച വാമപാദാംഗുഷ്ഠത്തില്‍ നിന്നുല്‍ഭവിച്ച് ഭഗവത് പാദപങ്കജത്തെ പ്രക്ഷാളനം ചെയ്തുകൊണ്ട് ഗംഗാഭഗവതി ജഗത്പാപ നിവാരണാര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍നിന്നും ഹിമാലയബ്രഹ്മസദനത്തില്‍ അപഹരിച്ചു. അവിടെനിന്നും ദേവി, സീതാ, അളകനന്ദ, ചക്ഷു, ഭദ്ര ഇത്യാദിനാമങ്ങളില്‍ നാനാദിക്കുകളിലേക്കും പ്രവഹിച്ചു. എന്ന് മഹാഭാരതത്തില്‍ പറയുന്നു. ഗംഗ എന്നപേരോടുകൂടി ദ്രവരൂപത്തില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത് സാക്ഷാല്‍ പരബ്രഹ്മംതന്നെ. മഹാപാതകികളെപ്പോലും സമുദ്ധരിക്കാന്‍വേണ്ടി കൃപാനിധിയായ പരമാത്മാവ് തന്നെ പുണ്യതമമായ പാഥോരൂപത്തില്‍ പൃഥ്യിയില്‍ അവതരിച്ചിരിക്കുന്നു. ഗംഗ എന്നത് സമുദ്രജലംപോലെയോ തടാകജലംപോലെയോ ഉള്ള വെറും ജലമല്ല. അവള്‍ സര്‍വാന്തര്യാമിയായി സര്‍വ്വാധിഷ്ഠാനമായ സാക്ഷാല്‍ പരബ്രഹ്മവസ്തുതന്നെ. എന്നാല്‍ ഭാഗീരഥി വെറുംവെള്ളമല്ലെന്നും സര്‍വ്വത്ര പരിപൂര്‍ണ്ണമായ പരമാത്മാവസ്തുതന്നെ എന്നുള്ളതിന് എന്തൊരു പ്രമാണമാണുള്ളതെന്ന് വല്ലവരും പ്രശ്‌നംചെയ്യുന്നപക്ഷം ശ്രദ്ധ എന്നുമാത്രമാണ് ഒരു ഭാഗീരഥിവ്യക്തന്‍ അതിനുത്തരംപറയുക. ആദ്ധ്യാത്മിക കാര്യങ്ങളില്‍ ബുദ്ധിശക്തിയിലധികം ശ്രദ്ധയാകുന്നു പ്രാധാന്യമെന്നുള്ളത് സര്‍വ്വമതങ്ങളും സര്‍വാചാര്യന്മാരും സമുദ്‌ഘോഷിക്കുന്ന ഒരു തത്വമാകുന്നു.

വിദ്യാരംഭവും ഗുരുപരമ്പര മഹത്വവും


ഓം ഗുരുബ്രഹ്മ ഗുരു വിഷ്ണുര്‍ ഗുരുദേവോ മഹേശ്വര
ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ :"

ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഗുരു പരമ്പരക്കുള്ള സ്ഥാനം ദൈവതുല്യമോ അതിലുപരിയോ ആകുന്നു. "മാതാ പിതാ ഗുരു ദൈവം" എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്‍, ഭൂമിയില്‍ ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും , മാതാ പിതാക്കള്‍ വിദ്യാരംഭ ത്തിലൂടെ കുട്ടിയെ ഏല്‍പ്പിക്കുന്ന ഗുരുക്കന്മാര്‍ മൂന്നാമതും, ഗുരുവിലൂടെ ദൈവ സങ്കല്‍പ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില്‍ ദൈവം നാലാമതും കടന്നു വരുന്നു. മാതാപിതാക്കളെ പ്രദക്ഷിണം ചെയ്യുക വഴി സകല ലോകങ്ങളെയും ചുറ്റിവന്നു അഥവാ സര്‍വ്വ ലോകങ്ങലേക്കാളും മഹത്വമാണ് മാതാപിതാക്കള്‍ക്കുള്ളത് എന്ന് നമ്മെ പഠിപ്പിക്കുന്ന ഗണേശഭഗവാന്‍റെ കഥയും, എന്റെ മുന്നില്‍ ഗുരുവും ദൈവവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ ആദ്യം ഞാന്‍ ഗുരുവിനെ പ്രണമിക്കും എന്ന് പറഞ്ഞു തന്ന മഹത് വചനങ്ങളും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും മഹിമ നമുക്ക് മനസ്സിലാക്കി തരുന്നു. ഇവിടെ ദൈവം എന്നത് ആത്മജ്ഞാനവും പരമമായ അറിവും, ബോധവും ആകുന്നു.

ഹിന്ദു ധര്‍മ്മമനുസരിച്ച് വിദ്യാരംഭ ദിവസം വിശിഷ്ടമാകുന്നത് മാതാവും പിതാവും ഗുരുവും ദൈവവും ഒന്ന് ചേരുന്ന പവിത്രമായ മുഹൂര്‍ത്തമായതുകൊണ്ട് തന്നെ. ഒരു കുട്ടിയുടെ ഭൌതികവും ആത്മീയവും ആയ വളര്‍ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള്‍ കുട്ടിയിലേക്ക് ആദ്യമായി വന്നു ചേരുന്നതോ തുടക്കം കുറിക്കുന്നതോ ആയ മുഹൂര്‍ത്തമായതിനാല്‍ വിദ്യാരംഭം പരമപ്രധാന്യമര്‍ഹിക്കുന്നു. ഗുരുവിന്‍റെ പ്രാധാന്യവും ഗുരുത്വത്തിന്‍റെ മഹത്വവും കുട്ടിയിലേക്ക് പകര്‍ന്നു കൊടുക്കുന്ന വിദ്യാരംഭ ദിവസം ഹിന്ദു പുരാണങ്ങള്‍ പ്രകാരം ഏറ്റവും വിശിഷ്യമായ ദിവസമാകുന്നു.

മഹിഷാസുര മര്‍ദ്ദിനിയായ ദേവി സര്‍വ്വലോകഹിതാര്‍ത്ഥം അസുരനെ നിഗ്രഹിക്കുകയും വിജയദശമി നാളില്‍ സകലഭക്തര്‍ക്കും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു . ദേവന്മാരാല്‍ അസാധ്യമായ മഹിഷാസുരനിഗ്രഹത്തിലൂടെ അശാന്തിയില്‍ നിന്നും ശാന്തിയിലേക്കും , തമസ്സില്‍ നിന്നും പ്രകാശത്തിലേക്കും, അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്കും ഭക്തരെ നയിച്ച പരാശക്തിയായ ജഗന്മാതാവ് സകല വിദ്യാ വിലാസിനിയായി സരസ്വതി ദേവിയായി പദ്മ ദളങ്ങളില്‍ അനുഗ്രഹം നല്‍കി വിരാജിക്കുന്നു.സകല വിഘ്നങ്ങളും അകറ്റുവാന്‍ ഗണപതി ഭഗവാനേയും, വാണീശ്വരിയേയും, ഐശ്വര്യ ദായിനിയായ ലക്ഷ്മി ദേവിയും മനസ്സില്‍ ധ്യാനിച്ച്‌ ഗുരു സമക്ഷത്തില്‍ കുട്ടികള്‍ വിദ്യാരംഭം കുറിക്കുമ്പോള്‍, ഗുരുശിഷ്യ ബന്ധത്തിന്‍റെ ഉദാത്ത സങ്കല്‍പ്പമായ ഗുരുദക്ഷിണയിലൂടെ അറിവിന്‍റെ തുടക്കം കുറിക്കുന്ന ശിഷ്യന്‍റെ ജീവിത യാത്രയില്‍ താങ്ങും തണലുമായി ഗുരുവിന്‍റെ ഉപദേശങ്ങള്‍ എന്നും വഴികാട്ടുന്നു.

സംസ്കൃതഭാഷയില്‍ അന്ധകാരമെന്ന അര്‍ഥം വരുന്ന 'ഗു' എന്ന പദവും, അകറ്റുന്ന എന്ന അര്‍ഥം വരുന്ന 'രു' എന്ന പദവും കൂടിച്ചേരുമ്പോള്‍ ഗുരു എന്നതു മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്‍റെ വെളിച്ചം പകരുന്ന അഥവാ പരമ മായ സത്യം മനസ്സിലാക്കി തരുന്ന സാക്ഷാല്‍ ദൈവം തന്നെയാകുന്നു. "ഗുരു ബ്രഹ്മ ഗുരുര്‍ വിഷ്ണു " എന്ന് തുടങ്ങുന്ന ശ്ലോകം ഗുരു സാക്ഷാല്‍ പരബ്രഹ്മം തന്നെയാണെന്ന് ഉദ്ധരിക്കുന്നു. ഗുരുവിലൂടെ അല്ലാതെ, ഗുരുവിന്‍റെ അനുഗ്രഹത്തിലൂടെ അല്ലാതെ ഭഗവാന്‍റെ കൃപ നമ്മളിലേക്ക് എത്തുന്നത്‌ അസാധ്യം തന്നെ.

ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന്‍ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ഈ മഹത്തായ സംസ്കാരം കാലാകാലങ്ങളില്‍ ജീവിച്ചിരുന്ന ഗുരുപരമ്പരകളിലൂടെ ശിഷ്യരിലേക്കും, മറ്റുള്ളവരിലേക്കും കൈമാറി വന്നവതന്നെയാണ്. വസിഷ്ടാശ്രമവും, സാന്ദീപിനി ആശ്രമവും രാമനും കൃഷ്ണനും ആത്മോപദേശമേകിയെങ്കില്‍ സ്വാമി വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീ നാരായണ ഗുരുവും, മാതാ അമൃതാനന്ദമയി ദേവിയും മറ്റു ഗുരുക്കന്മാരും ഇന്നും നമ്മളിലേക്ക് ആ അറിവിന്‍റെ ഗംഗാ പ്രവാഹം എത്തിച്ചുതരുന്നു.

ഈ സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്കാരവും അറിവും തികച്ചും ഈശ്വരീയമാണ്. അതുകൊണ്ട് തന്നെ വിദ്യാരംഭത്തിന്‍റെ പ്രാധാന്യവും ഗുരുപരമ്പര മഹത്വവും കാലാധിവര്‍ത്തിയായി ഈ മണ്ണില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. പ്രണാമം .

ലേഖകന്‍ : രഞ്ജിത്ത് ഭദ്രന്‍

ദക്ഷിണ


പുണ്യകർമങ്ങൾക്കു മുമ്പോ ശേഷമോ കാർമികത്വം വഹിക്കുന്ന വ്യക്തിക്കു നല്കുന്ന ഔപചാരിക പ്രതിഫലമാണ് ദക്ഷിണ. വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾ, ബ്രാഹ്മണരുടെ ഷോഡശക്രിയകൾ തുടങ്ങിയവയ്ക്കാണ് സാധാരണയായി ദക്ഷിണ നല്കപ്പെടുന്നത്.

വെറ്റില, പാക്ക്, പണം എന്നിവയാണ് ദക്ഷിണയ്ക്ക് പതിവ്. ഇവ വെള്ളം, ചന്ദനം, പൂവ് എന്നിവയോടൊപ്പം വലതുകൈയിൽ എടുത്ത് 'ഓം തത്സത്' എന്ന മന്ത്രം ചൊല്ലിയാണ് നല്കേണ്ടത്. ശ്രാദ്ധം പോലെയുള്ള ചടങ്ങുകളിൽ വസ്ത്രം, നാളികേരം തുടങ്ങിയവയും ദക്ഷിണയായി നല്കാറുണ്ട്.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാഭ്യാസം പൂർത്തിയായതിനുശേഷം ഗുരുദക്ഷിണ നല്കുന്ന പതിവ് നിലനിന്നിരുന്നു. പണം, ഭൂമി, ധാന്യം, വസ്ത്രം, ഗോക്കൾ തുടങ്ങി ഗുരു എന്ത് ഇച്ഛിക്കുന്നുവോ അത് ശിഷ്യൻ എത്തിച്ചുകൊടുക്കണമെന്ന് ഭവിഷ്യത് പുരാണത്തിൽ പറയുന്നു. ഗുരുക്കന്മാർ ആവശ്യപ്പെട്ട ദക്ഷിണ നല്കുന്നതിനായി ശിഷ്യന്മാർ അനുഭവിച്ച ക്ലേശങ്ങളെയും അനുഷ്ഠിച്ച ത്യാഗങ്ങളെയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ നിരവധിയുണ്ട്.

വിഷ്ണുപുരാണത്തിലും ദേവീഭാഗവതത്തിലും 'ദക്ഷിണ' എന്നു പേരുള്ള ദേവിയെക്കുറിച്ച് പരാമർശമുണ്ട്. രുചിപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയിൽ ജനിച്ച പുത്രിയാണ് ദക്ഷിണ. ദക്ഷിണാദേവിയും ഭർത്താവായ യജ്ഞപുരുഷനും പുത്രനായ ഫലദനുമാണ് കർമഫലങ്ങൾ വിതരണം ചെയ്യുന്നത് എന്നാണ് വിശ്വാസം. യജ്ഞാവസാനം നടത്തുന്ന ദാനത്തിനും ദക്ഷിണ എന്നു പേരുണ്ട്. നായികമാരിൽ ഒരു വിഭാഗവും ദക്ഷിണ എന്ന് വ്യവഹരിക്കപ്പെടുന്നു. ദക്ഷിണദിക്ക് എന്നു വിശേഷിപ്പിക്കുമ്പോൾ തെക്ക് എന്ന അർഥവും ദക്ഷിണയ്ക്കുണ്ട്.