നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, 13 September 2012

ശ്രീ ഗണേശനാമാഷ്ടകം ... വിശിഷ്ടവും ലഘുതരവുമായ ഒരു മഹാമന്ത്രംആസ്തികരായ ഹിന്ദുക്കള്‍ നിയമേന ഒരു ഇഷ്ടദേവതയെ ഉപാസിക്കുകയും നിത്യവും തദ്ദേവതാകമായ ഒരു മന്ത്രം ജപിച്ചു പരിശീലിക്കുകയും ചെയ്തുവരേണ്ടത് അവശ്യം ആവശ്യമത്രേ. ബഹുകാര്യവ്യഗ്രമായ കുടുംബജീവിതത്തില്‍ പെട്ടുഴലുന്നവര്‍ പ്രത്യേകിച്ചും കുരങ്ങുപോലെ ചപലപ്രകൃതിയായ മനസ്സിനെ തെല്ലെങ്കിലും പിടിച്ചുനിര്‍ത്തി ഏകാഗ്രമാക്കുവാനും, ശാന്തിയും സമാധാനവും കൈവരുത്തുവാനും ഇത്തരം ഉപാസനയും ജപാനുഷ്ഠാനവും ഉപകരിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല. മനശ്ശാന്തിയില്ലെങ്കില്‍ സുഖമെവിടെ? ‘അശാന്തസ്യ കുതഃ സുഖ’ എന്ന ഗീതാവചനം നോക്കുക!

മനോനിഗ്രഹംകൊണ്ടേ ശാന്തി സിദ്ധിക്കയുള്ളൂ. മനോനിഗ്രഹത്തിനോ, അഭ്യാസവും വൈരാഗ്യവുമാണ് രണ്ടുപായങ്ങള്‍. അതില്‍ ഗൃഹസ്ഥനു അഭ്യാസ (പരിശീലനം)മാണ് പ്രയോഗക്ഷമമായിത്തീരുന്നത്.

ഒരു ദിവസം 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചാലും ജീവിതനിര്‍വ്വഹണം ശ്രമസാധ്യമായിത്തീര്‍ന്നിരിക്കുന്ന ഈ കാലയളവില്‍ പരിമിതമായ സമയം മാത്രമേ ധ്യാനാദികള്‍ക്ക് വിനിയോഗിക്കുവാന്‍ സാധാരണക്കാരനു നിവൃത്തിയുള്ളൂ. അതിനുതക്കവണ്ണം മിതവും സാരവുമായ ഒരു മന്ത്രമായിരിക്കണം നിത്യജപത്തിനു തെരഞ്ഞെടുക്കേണ്ടത്. ശ്രീഗണേശനാമാഷ്ടകം ആ വിഷയത്തില്‍ ഏവര്‍ക്കും സ്വീകാര്യമായ ഒരു ദിവ്യമന്ത്രമാണെന്നു നിസ്സംശയംപറയാം. ഏതു കര്‍മ്മത്തിന്റെ സഫലതയ്ക്കും വിഘ്‌നേശ്വരനെ ഇഷ്ടദേവതയായി ആരാധിക്കുന്നതില്‍ ആര്‍ക്കും വൈമുഖ്യം കാണുകയില്ല.
അഷ്ടാദശപുരാണങ്ങളില്‍ അന്യതമമായ ബ്രഹ്മവൈവര്‍ത്തത്തിലാണ് ആ മന്ത്രം ഉപദേശിക്കപ്പെട്ടിരിക്കുന്നത്. പ്രവക്താവാകട്ടെ, സാക്ഷാത്മഹാവിഷ്ണു. മന്ത്രോപദേശത്തിന് അധിഷ്ഠാനഭൂതമായ ഒരു പൂരാണകഥയുണ്ട്.
ഒരിക്കല്‍ പരശുരാമന്‍ തന്റെ വന്ദ്യഗുരുനാഥനായ ശ്രീ പരമേശ്വരനെ ദര്‍ശിച്ചു വന്ദിയ്ക്കുവാന്‍ കൈലാസത്തിലെത്തിച്ചേര്‍ന്നു. വാതുക്കല്‍ മഹാഗണപതി കാവല്‍ നില്‍ക്കുകയാണ്.
‘ഇപ്പോള്‍ അനവസരമാണ്. അകത്തു കടക്കുന്നത് ശരിയല്ല.’
എന്നു ആഗതനെ വിനയപൂര്‍വ്വം ഗണപതി അറിയിച്ചു. പരശുരാമന്‍ ആ വാക്ക് അത്ര കാര്യമാക്കിയില്ല. മുന്നോട്ടേക്കുതന്നെ നടന്നു. ഗണപതി തടഞ്ഞു. നിര്‍ബ്ബന്ധമാണെങ്കില്‍, അകത്തുചെന്ന് അറിയിക്കാം: കല്പനയുണ്ടെങ്കില്‍ കടത്തിവിടാം. എന്നു വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
‘ശ്രീ മഹേശ്വരന്റെ പ്രിയശിഷ്യനാണു ഞാന്‍. എനിക്കു അവസരം നോക്കേണ്ട ആവശ്യമില്ല. ശ്രീ പാര്‍വ്വതിക്കുപോലുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് എന്റെ ഗുരുനാഥനോടുണ്ട്. എന്നു പരശുരാമന്‍ കയര്‍ത്തുപറഞ്ഞു. ഗണപതി അതിലും വഴങ്ങിയില്ല. ‘അതു നിങ്ങള്‍ തമ്മിലുള്ളകാര്യം, എന്തായാലും എന്റെ കര്‍ത്തവ്യം എന്റെ ഗുരുവിന്റെ ആജ്ഞ അകഷരം പ്രതി പാലിക്കുക എന്നുള്ളതാണ്. അതു തെറ്റിക്കുക വയ്യ’. എന്നു തീര്‍ത്തു പറഞ്ഞുകൊണ്ട് വഴി ചെറുത്തു നിലകൊണ്ടു. എന്തിന്? വാഗ്വാദം മുത്തു രണ്ടുപേരും തമ്മില്‍ പോരാട്ടമായി. ഉദ്ധതനായ ഭാര്‍ഗ്ഗവരാമനും ആജ്ഞാപാലവ്യഗ്രനായ ഗണപതിയും തമ്മിലുള്ള ആ സംഘട്ടനം അതിരൂക്ഷമായ ഒരു മഹായുദ്ധത്തില്‍ കലാശിച്ചു. ലോകമാകെ ഇളകിമറിഞ്ഞു. ദേവകള്‍ അമ്പരന്നു, ഒടുവില്‍ വയോവൃദ്ധനും തപോധിധിയുമായ പരശുരാമന്റെ പരശുവിനെ ബഹുമാനിച്ചു മഹാഗണപതി തന്റെ ഒരു കൊമ്പു ആദിവ്യായുധത്തിന് ബലിയായി സമര്‍പ്പിച്ചു. വെളിയില്‍ നടന്ന ഈ കോലാഹലങ്ങളറിഞ്ഞ് തന്റെ പുത്രനു സംഭവിച്ചു മാനഹാനിയില്‍ പുത്രവത്സലയായ മഹാശക്തികോപിഷ്ഠയായിതീര്‍ന്നു പരശുരാമനെ സംഹരിക്കുവാന്‍തന്നെ സന്നദ്ധയായി.

ഈ വിപല്‍ക്കരമായ ദുരന്തത്തെ ഒഴിവാക്കുന്നതിനുവേണ്ടി മഹാവിഷ്ണുപെട്ടെന്ന് ഒരു ബ്രാഹ്മണകുമാരന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷീഭവിച്ചു. അതിഥിയായ ബ്രഹ്മചാരിയെ മഹേശ്വരന്‍ യഥാവിധി സല്‍കരിച്ചു. ഗണപതിയുടെ നേരെ പരശുവുമോങ്ങി നില്‍കുന്ന ജാമദഗ്‌ന്യനോട് ബ്രഹ്മചാരി ശ്രീ പാര്‍വ്വതിയുടേയും മഹാഗണപതിയുടേയും മഹിമയെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. മാത്രമല്ല, പ്രഥമകോപത്തില്‍ പ്രവര്‍ത്തിച്ചുപോയ അകൃത്യത്തില്‍ പശ്ചാത്തപിച്ചു അവരെ പ്രശ്രയപൂര്‍വ്വം ആരാധിച്ചു പ്രസാദിപ്പിക്കാന്‍ ഉപദേശിച്ചു മറയുകയും ചെയ്തു. അക്കൂട്ടത്തില്‍ ബ്രാഹ്മണബാലനായിവന്ന തന്തിരുവടിയെ മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ദേവിയെ സാന്ത്വനിപ്പിക്കുകയുണ്ടായി. ആപ്രകരണത്തില്‍ ഗണപതിപ്രസാദജനകമായ ശ്രീ.ഗണേശനാമാഷ്ടകത്തെ അവിടുന്ന് വെളിപ്പെടുത്തി, ലോകഹിതത്തെ കരുതി.

മഹാമന്ത്രമിതാണ്
1. ഓം ഗണേശായ നമഃ
2. ഓം ഏകദന്തായ നമഃ
3. ഓം ഹേരംബായ നമഃ
4. ഓം വിഘ്‌നായകായ നമഃ
5. ഓം ലംബോദരായ നമഃ
6. ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
7. ഓം ഗജവക്ത്രായ നമഃ
8. ഓം ഗുഹാഗ്രജായ നമഃ

ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യംകൂടി കുറിക്കാം.
ഗണേശമേകദന്തം ഗൃഹരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം
അര്‍ത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് ഓരോ നാമത്തിന്റേയും അര്‍ത്ഥം കൂടി ചുരുക്കത്തില്‍ പ്രതിപാദിക്കാം.

1. ഗണേശായ നമഃ
ജ്ഞാനാര്‍ത്ഥവാചകമോ ഗശ്ചണശ്ച നിര്‍വാണവാചകഃ
തയോരീശം പരം ബ്രഹ്മ ഗണേശം പ്രണമാമൃഹം
‘ഗജ്ഞാനാര്‍ത്ഥത്തേയും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തേയും മോക്ഷത്തേയും നല്‍കാന്‍ കഴിവുള്ളവന്‍.

2. ഏകദന്തായ നമഃ
ഏകശബ്ദഃ പ്രധാനാര്‍ത്ഥോ ദന്തശ്ച ബലവാചകഃ
ബലം പ്രധാനം സര്‍വ്വസ്മാദേകദന്തം നമാമൃഹം,
ഏകമായ പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോടു ബലത്തോടുകൂടിയവന്‍,

3. ഹേരംബായ നമഃ
ദീനാര്‍ത്ഥവാചകോ ഹേശ്ച രംബഃ ചാലകവാചകഃ
പാലകം ദീനലോകാനാം ഹേരംബം പ്രണമാമൃഹം
ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം, ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥമാണ്.

4. വിഘ്‌നനായകായ നമഃ
വിപത്തിവാചകോ വിഘ്‌നോ നായകഃ ഖണ്ഡനാര്‍ത്ഥകഃ
വിപത് ഖണ്ഡനകാരം തം പ്രണമേ വിഘ്‌നനായകം.
വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍ (നശിപ്പിക്കുവാന്‍) ആപത്തുകളെ ധ്വാസിക്കുന്നവന്‍. വിഘ്‌നനായകന്‍.

5. ലംബോദരായ നമഃ
വിഷ്ണുദത്തൈശ്ചനൈവേദൈ്യയ്യസ്യ ലംബം പുരോദരം പിത്രാ ദത്തൈശ്ച വിവിധൈര്‍വന്ദേ ലംബോദരം ച തം.
വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംഭമായ ഉദരത്തോടു (കുടവയറോടു) കൂടിയവന്‍,

6. ശൂര്‍പ്പകര്‍ണ്ണായ നമഃ
ശൂര്‍പ്പാകാരൌ ചയത് കര്‍ണ്ണൗ വിഘ്‌നവാരണകാരകൗ സമ്പദൗ ജ്ഞാനരൂപൗ ച ശൂര്‍പ്പകര്‍ണ്ണം നമാമൃഹം.
ഗണപതിയുടെ ചെവികള്‍ മുറം (ശൂര്‍പ്പം) പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്തു നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

7. ഗജവക്ത്രായ നമഃ
വിഷ്ണുപ്രസാദം മുനിനാ ദത്തം യന്മൂര്‍ദ്ധ്‌നി പുഷ്പകം
തം ഗജേന്ദ്രമുഖം കാന്തം ഗജവക്ത്രം നമാമൃഹം
ഐരാവതത്തില്‍ കയറിസഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ദ്രനു ദുര്‍വാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍ അതു ഐരാവതത്തിന്റെ മസ്തകത്തില്‍ നിക്ഷേപിച്ചു. പാരിജാതസഹചാരിണിയായ ലക്ഷ്മിദേവി ഐരാവതിശിരസ്സില്‍ അതോടൊപ്പം വാസമുറപ്പിച്ചു. ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയം ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതമുണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യവൈഭത്തിന്റെ സൂചകമാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടിരിക്കുന്നത്.

8. ഗുഹാഗ്രജായ നമഃ
ഗുഹസ്യാഗ്രേ ച ജാതോ യമാവിര്‍ഭൂതോ ഹരാലയേ
വന്ദേ ഗുഹാഗ്രജം ദേവം സര്‍വദേവാഗ്രപൂജിതം.
സുബ്രഹ്മണ്യന്റെ ജ്യോഷ്ഠനായതുകൊണ്ട് ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.
ഈ മന്ത്രത്തിന്റെ ഫലശ്രുതിയും മഹാവിഷ്ണു ദേവിയെ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട്.

‘പുത്രാഭിധാനം ദേവേഷു പശ്യ വത്സേ! വരാനനേ!
ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം
പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ!
തൃണുഷ്വാവഹിതം മാതഃ! സര്‍വിഘ്‌നഹരം പരം.”

സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഈ മന്ത്രം പതിവായി ജപിക്കുന്നതില്‍ ഭക്തജനങ്ങള്‍ താല്പര്യം പ്രദര്‍ശിപ്പിക്കേണ്ടതാണ്. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യുവാന്‍ ശ്രദ്ധിക്കണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവന്നുകൂടുമെന്നു പൂര്‍ണ്ണമായി വിശ്വസിക്കുക.

No comments:

Post a Comment