നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 23 October 2012

മഹാഗണപതിയെ ഉപാസിക്കുമ്പോള്‍


അറിവ് മന്ത്രോപദേശത്തിലൂടെ ആചാര്യന്‍ നല്‍കിയതുകൊണ്ടു മാത്രം ദിവ്യലോകങ്ങള്‍ സാക്ഷാത്കരിക്കാമെന്നു കരുതരുത്. പ്രപഞ്ചത്തിലെ ദിവ്യമായ ശക്തികളെ സ്വശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ദേവതകളുടെ അനുഗ്രഹം വേണമെന്ന് പ്രാചീനര്‍ വിശ്വസിച്ചിരുന്നു. ഈ ദേവതാപ്രസാദം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്കരിക്കുന്നത്. പുരോഗതിയുടെ നാള്‍വഴിയിലേക്ക് ഒരു ഉപാസകന്‍ സഞ്ചരിക്കണമെങ്കില്‍ അന്തഃകരണത്തില്‍ തടസ്സമുണ്ടാകരുത്. അന്തഃകരണ ശുദ്ധിക്ക് ഏറ്റവും തടസ്സമായി വരുന്നത് ആസുരചിന്തകളും അശുഭവൃത്തികളുമാണ്.
ആര്‍ക്കു വേണമെങ്കിലും ഉപാസന ആരംഭിക്കാം. എന്നാല്‍ ഇഷ്ടദേവതാപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായ ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ ഒരടി നാം മുമ്പോട്ടു പോവില്ല. ഇങ്ങനെ അന്തഃകരണ ശുദ്ധിക്കു വേണ്ടിയാണ് മഹാഗണപതിയെ ഉപാസിക്കുന്നത്. തന്റെ ഇന്ദ്രിയങ്ങളെ വേണ്ടരീതിയില്‍ നിയന്ത്രിച്ച് മനസ്സും ചിത്തവും ബുദ്ധിയും ഞാന്‍ എന്ന സത്തയും പരിഷ്‌കരിക്കുന്ന വിദ്യ യജുര്‍വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്. യജുര്‍വേദത്തില്‍ ഗണപതി ദേവതയായ ഒരു മന്ത്രമുണ്ട്.

പ്രതൂര്‌വേന്നഹ്യവക്രാമന്നശസ്തീ
രുദ്രസ്യ ഗാണപത്യം മയോഭൂരേഹി
ഉര്‌വന്തരിക്ഷം വീഹി സ്വസ്തിഗവ്യൂതിരഭയാനി
കൃണ്വന്‍ പൂഷ്ണാ സയുജാ സഹ
(യജുര്‍വേദം 11. 19)
മനസ്സ്, ബുദ്ധി, ചിത്തം, ഞാനെന്ന ബോധം എന്നിവയില്‍ ദിവ്യഗുണങ്ങളുണര്‍ത്തുന്ന തപസ്സിന്റെ വഴിയാണ് മന്ത്രത്തിലെ പ്രതിപാദ്യം. അശുഭങ്ങളായ സമസ്ത ദോഷങ്ങളെയും മഹാഗണപതി ഭഗവാന്‍ ചവുട്ടിയരയ്ക്കട്ടെ. ഭഗവാന്‍ എല്ലാ ആസുരവൃത്തികളെയും സദാ ഹിംസിച്ചു കളയട്ടെ. ആസുരികവും അശുഭങ്ങളുമായ സമസ്ത കര്‍മങ്ങളെയും പാടെ വിപാടനം ചെയ്ത് ഭഗവാന്‍ നമ്മെ മുന്നോട്ടു നയിക്കട്ടെ. അതോടെ അഭയവരദായിയായ മഹാഗണപതി ഉപാസകനില്‍ മംഗള ഭാവനകളെ ഉണര്‍ത്തും. 'അഭയാനികൃണ്വന്‍' എന്നാണ് യജുര്‍വേദം പറയുന്നത്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും അഞ്ചു പ്രാണനുകളും 11 രുദ്രന്മാരും 12 ആദിത്യന്മാരും അടങ്ങുന്ന സകലതും ഗണപതി ഉപാസകനില്‍ പരിപൂര്‍ണ ശക്തിയോടെ വിരാജിക്കാന്‍ ആരംഭിക്കും. പ്രിയന്മാരില്‍ ഏറ്റവും പ്രിയപ്പെട്ടവനായി ഉപാസകന്‍ പരിണമിക്കുമെന്ന് മറ്റൊരു യജുര്‍വേദമന്ത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗണാനാം ത്വാ ഗണപതിങ് ഹവാമഹേ
പ്രിയാണാം ത്വാ പ്രിയപതിങ് ഹവാമഹേ
നിധീനാം ത്വാ നിധിപതിങ് ഹവാമഹേ
വസോ മമ. ആഹമജാനി ഗര്ഭധമാ
ത്വമജാസി ഗര്ഭധമ്.
(യജുര്‍വേദം 23.19)
നിധികളുടെ പതിയായ നിധിപതിയായി ഉപാസകനെ മഹാഗണപതി മാറ്റിയെടുക്കുന്നു. സകല അറിവുകളെയും തന്റെ ഗര്‍ഭത്തില്‍ ചുമക്കുന്നവനാണ് മഹാഗണപതി. ആ ഗണപതിയെ ഉപാസിക്കുന്നവനും അറിവുകളുടെ മഹാമസ്തകമുള്ളവനായിത്തീരും. ഇതാണ് ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എ പ്രസ്താവത്തിന്റെ നേരായ ഭാവവും. അങ്ങനെ നവരാത്രിയിലൂടെയും വിജയദശമിയിലൂടെയും അന്തഃകരണത്തെ ശുദ്ധമാക്കി മഹാഗണപതിയെ സ്വഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിയണം.


ആചാര്യ എം.ആര്‍. രാജേഷ്‌


No comments:

Post a Comment