നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 23 October 2012

ആയുധപൂജയുടെ രഹസ്യലോകം


നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.

ഏതുജോലിയും തപസ്സായി കാണുന്നവരാണ് പ്രാചീന ഋഷിമാര്‍. എഴുത്തും വായനയും നൃത്തവും സംഗീതവുമെല്ലാം സാധനയാണ്. താന്‍ ഏര്‍പ്പെടുന്ന കര്‍മലോകത്തെ ജഗദീശ്വരനിലേക്ക് അനുപ്രവേശിക്കാനുള്ള സാധനാമാര്‍ഗമായി അവര്‍ കണ്ടു. ഏത് കര്‍മമേഖലയില്‍പ്പെട്ടവനും തപസ്സുചെയ്യാം. തന്റെ കര്‍മമണ്ഡലത്തിലൂടെതന്നെ മോക്ഷം പ്രാപിക്കുകയും ചെയ്യാം. മുക്തിനേടാന്‍ കര്‍മം വെടിയേണ്ട ആവശ്യമേയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞപോലെ കര്‍മംചെയ്യാതെ ഒരുനിമിഷംപോലും ആര്‍ക്കും നില്‍ക്കാനാവില്ല. അതിനാല്‍ കര്‍മത്തില്‍ മുഴുകിത്തന്നെ പരമഗതി പ്രാപിക്കുന്നതിനുള്ള വഴി തേടണം.

കര്‍മമേഖലയും അവിടത്തെ ദിവ്യഭാവങ്ങളും സ്വശരീരാന്തര്‍ഗതങ്ങളായ ദേവതകളും അവയ്ക്കിടയിലുള്ള ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ചേര്‍ന്നുള്ള അദൃശ്യമായ പാരസ്പര്യമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഋഷിമാര്‍ കണ്ടെത്തി. നര്‍ത്തകിക്ക് നാദവുമായുള്ള പരസ്പരബന്ധം പൂര്‍ണമാകുന്നത് ചിലങ്കയിലൂടെയാണ്. എഴുത്തുകാരന്റെ പാരസ്പര്യം പൂര്‍ണമാകുന്നത് തൂലികയിലൂടെയും പുസ്തകത്തിലൂടെയുമാണ്. മന്ത്രസാധകന്റെ പാരസ്പര്യം മന്ത്രവും മരംവെട്ടുകാരന്റേത് മഴുവുമാണ്.

വിജയകരമായ കര്‍മസിദ്ധിക്ക് തന്റെ ആയുധങ്ങളും ഉപകരണങ്ങളും തമ്മില്‍ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തി. ഈ വിശേഷമായ പാരസ്പര്യം ആര്‍ക്കുണ്ടോ അവര്‍ കര്‍മ കുശലന്മാരായിരിക്കും. കവികളും ക്രാന്തദര്‍ശികളും കര്‍മശ്രേഷ്ഠരുമെല്ലാം ഈ സാമരസ്യം അറിഞ്ഞവരാണ്. ഇതിനെ ദേവതാപ്രസാദമെന്ന് അവര്‍ വിളിച്ചു. ഉടമയുടെ അനുവാദമില്ലാതെ ഉപകരണങ്ങളിലൊന്നും തൊടുകപോലും ചെയ്യരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ സാമരസ്യമാണ്. കാളിദാസന്‍പോലും തൂലിക കൈമാറരുതെന്ന് ഓര്‍മിപ്പിച്ചത് കാണുക.

ഈദൃശമായ ദേവതാപ്രസാദത്തെ അനുഭൂതിതലത്തില്‍ സാക്ഷാത്കരിക്കലാണ് നവരാത്രിയിലെ ആയുധപൂജ. പണിയായുധങ്ങളും ഉപകരണങ്ങളുമെല്ലാം പരമേശ്വരിക്കായി സമര്‍പ്പിച്ച് അവയുടെ ദിവ്യത തന്റെ കര്‍മമണ്ഡലത്തെ ദീപ്തമാക്കുമെന്ന അടിയുറച്ച അനുഭൂതിയാണ് ആയുധപൂജയിലൂടെ നാം നേടുന്നത്.

ഈ പൂജാസമര്‍പ്പണത്തിലൂടെ ശരീരാന്തര്‍ഗതങ്ങളായ ദിവ്യകലാവിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവതമ്മിലുള്ള അതിസൂക്ഷ്മമായ ദേവതാ പ്രസാദവും ഉറവയെടുക്കുമെന്നറിയുക. സൂക്ഷാതിസൂക്ഷ്മമായ ദേവതാപ്രസാദത്തെ അവര്‍ സരസ്വതി എന്നുവിളിച്ചു. വരദയായ, സര്‍വാഭീഷ്ടങ്ങളെയും സാധിപ്പിച്ചിട്ടുതരുന്ന സരസ്വതിയെ വിദ്യാരംഭത്തില്‍ സ്മരിക്കുകയാണ് ഭക്തന്‍. ആ സരസ്വതി സര്‍വസിദ്ധികളും കര്‍മമണ്ഡലത്തില്‍ നമുക്കായി പ്രദാനംചെയ്യും.


ആചാര്യ എം.ആര്‍. രാജേഷ്‌

No comments:

Post a Comment