നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 23 October 2012

നവരാത്രി ചിന്തകള്‍


നവരാത്രി ആഘോഷം കേവലം ഒരു ആചരണം മാത്രമല്ല. ഒരു കാലയളവില്‍ ആധിഭൗതികമായ രാഷ്ട്രോപാസനയും ആധിദൈവികമായ പ്രപഞ്ചോപാസനയും ആധ്യാത്മികമായ അക്ഷരോപാസനയും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടാടിയിരുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ആയുധങ്ങളെല്ലാം പരാശക്തിക്കു മുന്‍പില്‍ സമര്‍പ്പിച്ച് രാഷ്ട്രശക്തി പോഷിപ്പിക്കുക എന്ന സങ്കല്പത്തിലൂടെ കടന്നുപോയി. ദസറ പോലുള്ള ആഘോഷങ്ങള്‍ക്ക് നവരാത്രിയിലുണ്ടായ സ്വാധീനം അതാണ്. പ്രപഞ്ചോപാസകര്‍ പ്രപഞ്ചത്തിലെ കര്‍മലോകത്ത് തങ്ങളുടെ അറിവാകുന്ന ബോധമണ്ഡലം ഉണര്‍ത്തുന്നതിനും കലാരൂപങ്ങളുടെ സാക്ഷാത്കാരത്തിനും നവരാത്രികാലം വിനിയോഗിച്ചു. ആധ്യാത്മികോന്നതി കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരും നവരാത്രിയില്‍ മന്ത്രോപാസനയില്‍ മുഴുകി.

നവരാത്രിയിലൂടെ രാഷ്ട്രവും സമൂഹവും വ്യക്തിയുമെല്ലാം സവിശേഷമായ ശക്തി കൈവരിക്കാന്‍ പരിശ്രമിച്ചുപോരുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ജഗദീശ്വരിയായ വാഗ്‌ദേവി സ്വയം ഉപാസകന് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. ഏറേ ശ്രദ്ധേയമായ ഈ ശാക്തേയ ഉപദേശം പ്രാചീനകാലത്തെ മന്ത്രസാധനയുടെ തെളിവായി നമുക്ക് കാണാം. ഈ ദേവീസൂക്തം നവരാത്രികാലത്ത് ഉപാസിച്ചു പോരാറുമുണ്ട്. അതീവ രഹസ്യമായ ഈ സൂക്തത്തിലെ ആദ്യമന്ത്രം ഇങ്ങനെയാണ്.

ഓം അഹം രുദ്രേഭിര്‌വസുഭിശ്ചരാമ്യഹമാദി-
തൈ്യരുത വിശ്വദേവൈഃ.
അഹം മിത്രാവരുണോഭാ ബിഭര്മ്യഹ
മിന്ദ്രാഗ്‌നീ അഹമശ്വിനോഭാ.
(ഋഗ്വേദം 10.125.1)

ദേവി പറയുകയാണ്: ''ഞാന്‍, ഉപാസകനായ നിന്റെ ശക്തിയാണ്. നിന്റെ പ്രാണനോടൊപ്പം ശരീരത്തിലെ ധാതുക്കളായ വസുക്കളോടൊപ്പം, ആദാനശക്തികളോടൊപ്പം, സമസ്ത ഇന്ദ്രിയങ്ങളോടൊപ്പം ഞാന്‍ ചലിച്ചുകൊണ്ടിരിക്കുന്നു''. നമ്മുടെ ശരീരത്തിലെ ഈപറഞ്ഞവയുടെയെല്ലാം ആധാരശക്തിയായി നിലകൊള്ളുന്നത് ഈ ദേവി തന്നെയാണ്. ഈ ശരീരത്തിലെ ദേവതാസങ്കല്പത്തെക്കുറിച്ചാണ് ലളിതാസഹസ്രനാമത്തില്‍ ഡാകിനി, ഹാകിനി, ലാകിനി എന്നൊക്കെ വിളിക്കുന്നത്. നമ്മുടെ ശരീരത്തിലെ ആഗേ്‌നയവും സോമവുമായ ശക്തികളെയെല്ലാം ദേവി ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഈ വേദമന്ത്രത്തില്‍ ഭഗവതി തന്നെ സ്വയം പറയുന്നു. ശരീരത്തില്‍ ഇന്ദ്രശക്തിയുണ്ട്. ജീവന്‍ വിദ്യുത്തിനെയും ശരീരത്തിന്റെ ഉഷ്ണത്തിനെയും 'കായ'മാക്കിയിരിക്കുന്നു. ഭഗവതി പറയുകയാണ്- ''ഞാന്‍ തന്നെയാണ് ഉപാസകന്റെ അശ്വനികളായ പ്രാണനേയും അപാനനെയും സഞ്ചാലനം ചെയ്യിപ്പിക്കുന്ന ശക്തി'' എന്ന്.

രാഷ്ട്രത്തില്‍ ഇതേ ഭഗവതി തന്നെയാണ് രാഷ്ട്ര ശക്തിയായി വീരന്മാരോടും ധനികരോടും വിദ്വാന്മാരോടും സകല ജ്ഞാനികളോടും ഒപ്പം നിവസിക്കുന്നതെന്ന് ഓര്‍മപ്പെടുത്തുകയാണ് നവരാത്രി ആഘോഷം. സുഹൃത്തുക്കളെയും ശ്രേഷ്ഠരെയും ശൂരവീരന്മാരെയും അശ്വനീകുമാരന്മാരായ വൈദ്യന്മാരെയും ഈ രാഷ്ട്രത്തില്‍ ഏകഭാവത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ശക്തിയും ഞാന്‍ തന്നെയാണെന്ന് ദേവി ഈ മന്ത്രത്തില്‍ ആധിഭൗതികമായി പറഞ്ഞുതരുന്നു. നവരാത്രികാലത്ത് ഈ ദേവിയെ രാഷ്ട്രശക്തിയായി ഉപാസിച്ചുപോരുന്നതിന്റെ പൊരുളും മറ്റൊന്നല്ല.


കടപ്പാട്  : ആചാര്യ എം.ആര്‍. രാജേഷ്‌




No comments:

Post a Comment