നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Sunday 9 June 2013

ക്ഷേത്രം (ആരാധനാലയം)

ക്ഷേത്രം എന്ന പദം കൊണ്ട് ഹിന്ദുക്കളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്. സംസ്കൃത പദമായ ക്ഷേത്ര് നിന്നാണ്‌ ഇത് ഉണ്ടായത്.ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.

"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നും മറ്റൊരു അഭിപ്രായമുണ്ട്.

ഗുപ്തകാലത്താണ്‌ ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. അതിനു മുൻപുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും ആക്രമണങ്ങൾ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി.

തുറന്ന ക്ഷേത്രങ്ങൾ:

പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണ്‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു.ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള / മാൻ ,ലിംഗം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ എന്ന് ഇവയെ വിളിക്കാം.ഇന്ന് ഇന്ത്യയിൽ ആകെ നാല് തുറന്ന അമ്പലങ്ങൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. റാണിപൂർ, ഹീരാപ്പൂർ, ഖജുരാഹോ, ജബൽപ്പൂരിനടുത്തുള്ള ഭേരാഘട്ട് എന്നീ സ്ഥലങ്ങളിലാണവ. ഇതിൽ ഹീരാപ്പൂറിലേത് 64 യോഗിനികളുടെ അമ്പലം 1953-ലാണ് കണ്ടെത്തിയത്.

പുരാതനകാലം മുതൽക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.

ആൽ‍മരം,കദംബം, ഇലഞ്ഞി,പീപ്പലം, പാല,ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ഈ മരങ്ങളിൽ യക്ഷൻ താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമൺട്റം) ആൽ മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ വിശദമാക്കുന്നുണ്ട്.

ബുദ്ധ മതത്തിന്റെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൌദ്ധം സാംഖ്യംതുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. ബുദ്ധനു ശേഷം ആൽമരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാർ പ്രതീകമായി ആരാധിച്ചിരുന്നത്. ബോധി വൃക്ഷത്തെ അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

ക്ഷേത്രത്തിന്റെ ഭാഗങ്ങൾ :-

ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ്‌ ഗർഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ്‌ ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്‌

ശരീരസങ്കല്പം :-

ക്ഷേത്രത്തിലെ വിഗ്രഹം പൂജ ചെയ്യുന്നു. ഒരു ദ്രാവിഡ ആചാരം
ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.
ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.



No comments:

Post a Comment