നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday, 30 July 2012

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയുംശനി ദോഷം അഥവാ ശനിബാധ പലരെയും ഒരു പോലെ കുഴയ്ക്കുന്ന ഒന്നാണ്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ജ്യോതിഷപ്രകാരം സൂര്യനാണ് പ്രാണന്‍. സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സൂര്യന്‍റെ മകനായ ശനിയാണ്. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ശനി 30 കൊല്ലം കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ 22 1/2 വര്‍ഷം ഗുണവും 7 1/2 വര്‍ഷം ദോഷവും ചെയ്യുന്നു. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കര്‍മ്മങ്ങള്‍, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രധാന ശനിദോഷങ്ങള്‍ ഇവയൊക്കെയാണ്‌,

ഏഴരശ്ശനി:

ഓരോരുത്തരുടേയും കൂറിലും കൂറിന്റെ പന്ത്രണ്ട്, രണ്ട് ഭാവങ്ങളിലുമായ് ശനി സഞ്ചരിക്കുന്ന ഏഴര ക്കൊല്ലമാണ് ഏഴരശ്ശനി അഥവാ ഏഴരാണ്ടശ്ശനി എന്നറിയപ്പെടുന്നത്. ശനി പന്ത്രണ്ടിലും രണ്ടിലും നില്ക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുക ജന്മത്തില്‍ (കൂറില്‍) സഞ്ചരിക്കുന്ന രണ്ടരക്കൊല്ലമാണ്. അന്യദേശവാസം, പ്രവൃത്തികളില്‍ ഉദാസീനത, മേലധികാരികളുടെ അതൃപ്തി, സ്ഥാനചലനം, തൊഴില്‍ നഷ്ടം, രോഗം, അപകടങ്ങള്‍, അലച്ചില്‍, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, നിരാശ, കേസുകള്‍, പോലീസ് നടപടി, ഭയം, തടസ്സങ്ങള്‍ തുടങ്ങി അനുകൂലമല്ലാത്ത ഒട്ടനവധി അനുഭവങ്ങള്‍ ഏഴരശ്ശനിക്കാലത്തു വന്നു ചേരാം. അതേസമയം ജീവിതഗതിയെത്തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവങ്ങളും ഇക്കാലത്തുണ്ടാകും.

ജന്മശ്ശനി:

ഏഴരശ്ശനിയുടെ ഏറ്റവും ദുരിതം പിടിച്ച കാലം ജന്മശ്ശനിയുടെ സമയമാണ്. വേണ്ടപ്പെട്ടവരുടെ വേര്‍പാട്, രോഗദുരിതങ്ങള്‍, അകാരണ ഭയം, ഏകാന്തവാസം, അലച്ചില്‍, വിഷപീഡ, ആത്മഹത്യാപ്രവണത തുടങ്ങി അനേകപ്രകാരത്തിലുള്ള പ്രതികൂലാനുഭവങ്ങള്‍ നേരിടേണ്ടിവരും. കരുത്തുറ്റ യുവത്വത്തിന് ഇവയെ കുറെയൊക്കെ അതിജീവിക്കാനാകും. പ്രായമായവരെ സംബന്ധിച്ചിടത്തോളം ഇക്കാലം വളരെ മോശമാണ്.

കണ്ടകശ്ശനി:

കൂറിന്റെ കേന്ദ്ര (4-7-10) ഭാവങ്ങളില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നറിയപ്പെടുന്നത്. ‘കണ്ടകന്‍ കൊണ്ടേ പോകൂ’ എന്നൊരു ചൊല്ല് പ്രചാരത്തിലുണ്ട്. പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ വന്നുചേരും. രോഗം, ധനനഷ്ടം, ശസ്ത്രക്രിയ, മാനഹാനി മുതലായവ പ്രതീക്ഷിക്കാം.

നാലില്‍ ശനി:

 നാലില്‍ ശനി നില്ക്കുമ്പോള്‍ കുടുംബപരമായ ബുദ്ധിമുട്ടുകളാണ് പ്രധാനം. കുടുംബകലഹം, ബന്ധുജന വിരോധം, അന്യദേശവാസം, ഗൃഹനിര്‍മ്മാണം, അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങള്‍, മാതാപിതാക്കള്‍ക്ക് ദുരിതം, ധനനഷ്ടം തുടങ്ങിയവ ഇക്കാലത്തുണ്ടാകും. കൂടാതെ വസ്തുവകകള്‍ക്ക് നാശം, ഉപകരണങ്ങള്‍ക്കു കേടുപാടു സംഭവിക്കല്‍, വാഹനദുരിതം, വീടു വില്ക്കല്‍, കുടുംബക്ഷേത്രത്തിന് അധഃപതനം മുതലായവയും സംഭവിക്കാം.
ഏഴില്‍ ശനി: ഏഴില്‍ ശനി നില്ക്കുമ്പോള്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനും മറ്റു ബന്ധങ്ങള്‍ക്കും ഉലച്ചില്‍ തട്ടാം. ഭാര്യക്കോ ഭര്‍ത്താവിനോ രോഗം, ശസ്ത്രക്രിയ, അപവാദം കേള്‍ക്കല്‍, വിദേശയാത്ര, ധനനാശം മുതലായവ ഇക്കാലത്തുണ്ടാകാനാണ് സാദ്ധ്യത.
പത്തില്‍ ശനി: പത്തില്‍ ശനി നില്ക്കുമ്പോള്‍ തൊഴില്‍ രംഗത്തുള്ള കുഴപ്പങ്ങളായിരിക്കും കൂടുതല്‍ വിഷമിപ്പിക്കുക. തൊഴില്‍ നഷ്ടം, ദൂരദേശവാസം, ധനനഷ്ടം, കര്‍മ്മതടസ്സം തുടങ്ങിയ ദുരനുഭവങ്ങളും ഉണ്ടാകും.

അഷ്ടമശ്ശനി:

എട്ടില്‍ ശനി സഞ്ചരിക്കുന്ന കാലവും വളരെ കഷ്ടതകള്‍ നിറഞ്ഞതാണ്. സാമ്പത്തിക ബാദ്ധ്യതകള്‍, ബന്ധുജനവിരോധം, ഇടപെടുന്ന കാര്യങ്ങളിലൊക്കെ പരാജയം, പുത്രദുഃഖം എന്നിങ്ങനെ ഏതെല്ലാം തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകാമോ അതൊക്കെ പ്രതീക്ഷിക്കണം. അഷ്ടമം ആയുര്‍സ്ഥാനമാണെന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.
മകരം, കുംഭം, തുലാം ലഗ്നക്കാരെയും കൂറുകാരെയും ശനിദോഷങ്ങള്‍ വല്ലതെ വിഷമിപ്പിക്കില്ലെങ്കിലും ദോഷാനുഭവങ്ങളില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാറില്ല. സൂര്യന്റെ യോഗമോ വീക്ഷണമോ ഉള്ള ശനിയും ഏറെ കഷ്ടപ്പെടുത്തില്ല.

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും

ശനിയുടെ ദേവനായ ധര്‍മ ശാസ്താവിനെ മനസറിഞ്ഞ് ധ്യാനിക്കുക മാത്രമാണ് ദോഷ പരിഹാരത്തിനുള്ള ഏക പോംവഴി. ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസ വ്രതാനുഷ്ഠാനങ്ങളോടെ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക, ധ്യാനമന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവ നല്ലതാണ്‌. നീരാജനം വഴിപാട്‌ ശാസ്താവിന്‌ പ്രിയമാണ്‌. അതായത്‌ ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ ഈ വഴിപാട്‌. എള്ളെണ്ണയുടെയും എള്ളിന്റേയും കാരകനാണ്‌ ശനിഭഗവാന്‍.

ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവം, തുലാം, മിഥുനം ലഗ്നങ്ങളില്‍ ജനിച്ചവരും ശാസ്താഭജനം ചെയ്യുന്നത്‌ ഭാഗ്യപുഷ്ടിക്കും ദുരിതശാന്തിക്കും ഉത്തമം.

ശനി ദോഷം അഥവാ ശനിബാധ ശനി ഏഴാം സ്ഥാനവുമായി ദൃഷ്ടി യോഗത്താണെങ്കില്‍ വിവാഹത്തിനു കാലതാമസം നേരിടാം. ഇതിന്‌ ശാസ്താക്ഷേത്രങ്ങളില്‍ പതിനെട്ട്‌, ഇരുപത്തിയൊന്ന്‌, നാല്‍പത്തിയൊന്ന്‌ ശനിയാഴ്ചകള്‍ മുടങ്ങാതെ ദോഷകാഠിന്യമനുസരിച്ച്‌ മനംനൊന്തു പ്രാര്‍ത്ഥിച്ച്‌ ദര്‍ശനം നടത്തണം. സമാപന ശനിയാഴ്ച ശാസ്താപൂജയും സ്വയംവര പൂജയും ചെയ്യുക. അങ്ങനെയുള്ളവര്‍ വിവാഹശേഷവും ഭാര്യാ-ഭര്‍ത്തൃസമേതം ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതുത്തമമാണ്‌.

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേതുഭ്യം നമോനമഃ
ഭൂതനാഥമഹം വന്ദേസര്‍വ്വലോകഹിതേ രതം
കൃപാനിധേ സദാസ്മാകം ഗ്രഹപീഡാം സമാഹര


No comments:

Post a Comment