നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday, 30 July 2012

കിടപ്പുമുറി എവിടെ വേണം?


ഇതാണോ മാസ്റ്റര്‍ ബെഡ്‌റൂം? പുതിയ വീടു കാണാനെത്തുന്നവരുടെ പ്രധാന ചോദ്യങ്ങളിലൊന്ന് ഇതായിരിക്കും. കിടക്കാനുള്ള മുറി എന്ന സങ്കല്പത്തില്‍ നിന്ന് സുഖദാമ്പത്യത്തിന്റെയും സ്വകാര്യതയുടെയും പര്യായമായി ബെഡ്‌റൂം മാറിക്കഴിഞ്ഞു. 'ബൃഹത് സംഹിത'യില്‍ ഈ മുറിയെ 'രതികക്ഷ' എന്ന പേരിലാണ് വിവരിച്ചിരിക്കുന്നത്. ഒരു ആയുസ്സിന്റെ ഏറ്റവും സന്തോഷകരവും അര്‍ത്ഥപൂര്‍ണ്ണവുമായ ദിനങ്ങള്‍ ചെലവിടേണ്ട സ്ഥലം. കുടുംബത്തിന്റെ സന്തോഷം നിയന്ത്രിക്കുന്നത് ഈ മുറിയാണ്. ദമ്പതികള്‍ തമ്മിലുള്ള ഐക്യവും സന്തോഷവുമാണല്ലോ കുടുംബത്തിന്റെ കെട്ടുറപ്പ്.

വസ്തുവിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് അഥവാ കന്നിമൂലയിലായിരിക്കണം പ്രധാന ശയനമുറി അഥവാ മാസ്റ്റര്‍ ബെഡ്‌റൂം. ഇതിനെ 'സംഗമമൂല' എന്നും പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കും ദമ്പതികള്‍ക്കും മാത്രമേ ഈ കിടപ്പുമുറി ഉപയോഗിക്കാന്‍ പാടുള്ളൂ. മുകളിലത്തെ നിലയിലാണെങ്കിലും കന്നിമൂലയിലെ മുറിതന്നെ ഉചിതം.

ഒരു കാരണവശാലും മാസ്റ്റര്‍ ബെഡ്‌റൂം വടക്കുകിഴക്കു ഭാഗത്തായിരിക്കരുത്. ഈശ്വരാരാധനയ്ക്കുള്ള സ്ഥലം ശയനമുറിയാക്കിയാലുണ്ടാകുന്ന വിപരീത തരംഗം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. കന്നിമൂലയിലെ മുറിയുടെ തറ അല്പം ഉയര്‍ത്തിക്കെട്ടുന്നത് നല്ലതാണ്. മുറി ദീര്‍ഘചതുരത്തിലായിരിക്കണം. കിടപ്പുമുറി 'ഘ' ആകൃതിയില്‍ പണിയരുത്. ഭിത്തിയില്‍ നിന്ന് കുറച്ചു സ്ഥലം ഒഴിവാക്കിവേണം കട്ടിലിടാന്‍. തെക്കുപടിഞ്ഞാറു ഭാഗത്തായിരിക്കണം കട്ടിലിന്റെ സ്ഥാനം. തല കിഴക്കോട്ടു വച്ച് ഉറങ്ങണം. ഭൂമിയുടെ സഞ്ചാരഗതി പടിഞ്ഞാറുനിന്ന് കിഴക്കോട്ടായതുകൊണ്ടാണിത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എതിര്‍ദിശയില്‍ നോക്കിയിരുന്നു യാത്ര ചെയ്യുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നില്ലേ. അതേ തിയറിയാണ് ഇവിടെയും. കിഴക്കോട്ടു വയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ അനുകൂലമായത് തെക്കോട്ടാണ്. ഭൂമിക്കു ചുറ്റും ഒരു കാന്തിക വലയമുണ്ട്. തല വടക്കുഭാഗത്തു വച്ചാല്‍ വികര്‍ഷണമായിരിക്കും ഫലം. അപ്പോള്‍ കാന്തികവലയം പൂര്‍ണ്ണമാകില്ല. അത് രക്തസഞ്ചാരം തടസ്സപ്പെടുത്തും. മനസ്സിനും ശരീരത്തിനും അസ്വസ്ഥതയുണ്ടാക്കും.

മാസ്റ്റര്‍ ബെഡ്‌റൂം ദമ്പതികള്‍ക്കുവേണ്ടിയാണ്. കുട്ടികളെ കഴിയുന്നതും അവിടെ കിടത്തരുത്. വീട്ടിലെ പ്രധാന മുറിയിലേക്കു കടന്നു വരുമ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ കാണരുത്. ഇങ്ങനെ കണ്ടാല്‍ ദമ്പതികള്‍ തമ്മിലുള്ള ഐക്യം തകരുമെന്നാണ് പ്രമാണം.
കിടപ്പുമുറിയുടെ വാതില്‍ എവിടെയായിരിക്കും? ഓരോ മുറിക്കും ഉച്ചവും നീചത്വവും ഉണ്ട്. ഉച്ചസ്ഥാനത്തു കൂടിയായിരിക്കണം കിടപ്പുമുറിയില്‍ കയറേണ്ടത്. പക്ഷേ, കിടപ്പുമുറിയില്‍ ബാത്ത്‌റൂമുണ്ടെങ്കില്‍ അതിന്റെ വാതില്‍ നീചത്തിലായിരിക്കണം. മുറിയുടേതിനേക്കാള്‍ താഴ്ന്നതായിരിക്കണം ബാത്ത്‌റൂമിലെ തറ.

കിടപ്പുമുറിയില്‍ അലമാര വയ്ക്കുന്നുണ്ടെങ്കില്‍, തെക്കുഭാഗത്തെ ഭിത്തിയില്‍ പടിഞ്ഞാറുവശത്തേക്ക് നീക്കിവയ്ക്കണം. അലമാരയുടെ വാതില്‍ തുറക്കേണ്ടത് വടക്കോട്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വടക്കുനിന്നാണ് കുബേരന്‍ (പണത്തിന്റെ രാജാവ്) പ്രവേശിക്കുന്നതെന്നാണ് വിശ്വാസം. കിടപ്പുമുറിയില്‍ ഡ്രസ്സിംഗ് ടേബിള്‍ പാടില്ല. നിര്‍ബന്ധമാണെങ്കില്‍ വടക്കോ കിഴക്കോ ഭാഗത്തായിരിക്കണം. കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കരുതെന്നാണ്. അഥവാ വയ്ക്കുന്നെങ്കില്‍ കിടക്കയിലിരുന്നാല്‍ കാണാത്ത വിധത്തില്‍ വയ്ക്കുക. മൂന്നാമതൊരു കണ്ണിന്റെ സാന്നിദ്ധ്യമാണ് കണ്ണാടി. ജാരബന്ധം, തീരുമാനങ്ങളെടുക്കുന്നതില്‍ കുടുംബനാഥന് സംഭവിക്കുന്ന പിഴവ് തുടങ്ങിയവയാണ് കണ്ണാടിമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍.

No comments:

Post a Comment