നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 24 July 2012

രാമ ദര്‍ശനം .......ദുഷ്ടജന നിഗ്രഹം, ശിഷ്ടജന പരിപാലനം, ധര്‍മ്മരക്ഷ എന്നിവയ്ക്കായിട്ടാണ്‌ ഭഗവാന്റെ രാമാവതാരം - ഉപാസകന്മാരുടെ രക്ഷയ്ക്കായി ഭഗവാന്‍ ഓരോ അവതാരത്തെ സ്വീകരിക്കുന്നു. "ഉപാസകനാം കാര്യാര്‍ത്ഥം ബ്രഹ്മണോ രൂപ കല്‍പ്പനാ" എന്ന്‌ പ്രമാണം. സത്യലോകത്ത്‌ ചെന്ന നാരദമഹര്‍ഷി ബ്രഹ്മദേവനോട്‌ ഭൂമിയിലെ അവസ്ഥകളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു.


"പ്രാപ്തേ കലിയുഗേ ഘോരെ നരാ പുണ്യ വിവര്‍ജ്ജിതം..."


കലിയുഗാരംഭത്തോടെ മനുഷ്യര്‍ പുണ്യങ്ങള്‍ വര്‍ജ്ജിച്ചുതുടങ്ങി. ഘോരമായ കലിയുഗമാണ്‌ സൂചിപ്പിക്കുന്നത്‌. "ദുരാചാര രതാ", സര്‍വ്വേ: "സര്‍വ്വരും ദുരാചാരങ്ങളില്‍ തല്‍പരായി ഭവിച്ചിരിക്കുന്നു. മാത്രമല്ല, "സത്യവാര്‍ത്താ പരാങ്മുഖാ:" സത്യനിഷേധികളുമായി തീര്‍ന്നു. പിന്നെ സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ മഹര്‍ഷി വിവരിക്കുന്നു.


"പരാപവാദ നിരതാ പരദ്രവ്യാഭിലാഷിണാ പരസ്ത്രീ സക്ത മനസാഃ പരഹിംസാ പരായണ


ഇതാണ്‌ സാമാന്യേന ജനങ്ങളുടെ ഇന്നത്തെ മാനസീകമായ അവസ്ഥ എന്ന്‌ ഋഷി ചൂണ്ടിക്കാട്ടി. എന്നാല്‍ സമൂഹത്തെ നേര്‍വഴിക്ക്‌ നയിക്കേണ്ടവരായിട്ടുള്ള വിപ്രന്മാരുടെ സ്ഥിതി തുലോം കഷ്ടം തന്നെ.


"വിപ്രാ ലോഭഗ്രഹസ്താ വേദ വിക്രിയ ജീവിത ഇതി ചിന്താകുലം ജായതേ മമചിത്തം."


ധനാര്‍ത്തിയാല്‍ വിപ്രന്മാര്‍ വേദത്തെ വിറ്റ്‌ ജീവിക്കുന്നു. ഇത്‌ എന്റെ മനസ്സിന്റെ സ്വസ്ഥതയെ കെടുത്തുന്നു. വേദത്തെ കളങ്കപ്പെടുത്തുന്നു എന്നത്‌ മുനിയുടെ മനസ്സിനെ നോവിപ്പിക്കുന്നു എന്നര്‍ഥം. നാരദമഹര്‍ഷി വളരെ കാര്യമാത്ര പ്രസക്തമായിട്ടാണ്‌ ഭൂമിയിലെ ദുരവസ്ഥയെ ധരിപ്പിച്ചത്‌. രാമാവതാരത്തിന്റെ ആവശ്യകതയിലേക്കാണ്‌ ഋഷി നമ്മെ നയിക്കുന്നത്‌.


ഇതിനെല്ലാം പരിഹാരമായി ബ്രഹ്മദേവന്‍ രാമദര്‍ശനത്തിലേക്ക്‌ നാരദന്റെ മനസ്സിനെ നയിക്കുന്ന പരമേശ്വര സങ്കല്‍പത്തിലേക്ക്‌ അനുവാചകരെ എത്തിക്കുകയാണ്‌ ലക്ഷ്യം. "പുരാ ത്രിപുരാഹന്തരം പാര്‍വ്വതീ ഭക്തവത്സലാ ശ്രീരാമതത്ത്വം ജിജ്ഞാസു പപ്രഛ ഉമ മഹേശ്വര സംവാദമാണ്‌ രാമായണ ദര്‍ശനത്തിനാധാരം എന്ന്‌ സൂചന. തന്റെ പ്രിയ പത്നിക്കായി "ഗൂഢം വ്യാഖ്യാതവാന്‍ സ്വയം
പുരാണോത്തമ മധ്യാത്മ രാമായണം ഇതി"


പുരാണങ്ങളില്‍ ഉത്തമവും ഗഹനവുമായ ആധ്യാത്മ രാമായണ കഥ ദേവിക്കായി ഭഗവാന്‍ പരമേശ്വരന്‍ വ്യാഖ്യാനിച്ചുകെടുത്തു. ആ രാമായണകഥ കേള്‍ക്കുന്നവര്‍ "ജനായാസ്യന്തി സദ്ഗതി." മോക്ഷം പ്രാപിക്കും. രാമായണകഥ പറയുന്നവരോ, കേള്‍ക്കുന്നവരോ "സ ജീവമുക്ത ഉച്ചതേ" ജീവമുക്തന്മാരായി തീരുന്നു. സര്‍വദേവാര്‍ച്ചനാഫലം തന്നെ പ്രാപ്തി. തുളസിത്തറയുടെ സമീപത്തും, അരയാല്‍ വൃക്ഷ വട്ടം, സാളഗ്രാമശിലാ സന്നിധിയിലും രാമഗീത വായിച്ചാല്‍ "സര്‍വ്വേഃ യാന്തി വിഷ്ണോഃ പരംപദംഃ" പരമപദമായി വിഷ്ണുലോകം പ്രാപിക്കും. മുനിശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ വായിക്കുന്നവന്റെ കാര്യം പിന്നെ പറയാനുമില്ല.


"യഃ ശ്രദ്ധയാ പംതി വാ ശൃണ യാത്‌ സമര്‍ഥ്യഃ
പ്രോപ്നോതി വിഷ്ണു പദവീസുരപൂജ്യമാനഃ"
ദേവാപൂജിതമായ വിഷ്ണുപദവി കൈവരിക്കുന്നു.
രാമാവതാര കാരണം വ്യാസമഹര്‍ഷി വിശദമാക്കുന്നത്‌ ശ്രദ്ധിക്കാം.
യഃ പൃഥ്വീഭരവാരണായ ദിപീജൈ: സംപ്രാത്ഥിതശ്ചിന്നമമഃ


രാക്ഷസാദികളുടെ ദ്രോഹത്താല്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ഭൂമിഭാരത്തെ കുറയ്ക്കാനായി മഹാവിഷ്ണുവിനോട്‌ കൈകൂപ്പി പ്രാര്‍ഥിച്ചു. പ്രാര്‍ഥനാഫലമായി "സംജാതഃ പൃഥ്വിതയേ രവികുലേ മായാമാനുഷോവ്യയഃ" മായാബന്ധമുള്ള മനുഷ്യ രൂപത്തില്‍ അവ്യയ സ്വരൂപന്‍ സൂര്യവംശത്തില്‍ ജാതനായി. എന്നിട്ട്‌ സര്‍വ്വരാക്ഷസന്മാരെയും വധിച്ച്‌ ജനങ്ങളെ രക്ഷിച്ച ബ്രഹ്മത്തില്‍ വിലയിക്കുകയും ചെയ്തു. മായ ഭഗവാനെ ആശ്രയിച്ചു നില്‍ക്കുന്ന നിഗൂഢശക്തിയാകുന്നു. സത്വരജതമോ ഗുണസങ്കല്‍പമാണ്‌ മായ. "അനിര്‍വാച്യാ" എന്ന്‌ പറയുന്നു. ഭക്തന്മാര്‍ക്കുമാത്രമേ മായയെ മറികടക്കാനാകൂ. "ദൈവീ ഹ്യോഷാ ഗുണമയിമാമ മായാ" ദൈവീകമായ ശക്തിതന്നേയാണത്‌. മായയെ സേഛയാഭഗവാന്‍ വികസിപ്പിക്കുമ്പോള്‍ അവതാരവും സങ്കോചിക്കുമ്പോള്‍ ബ്രഹ്മവിലയനവും നടക്കുന്നു. ഭഗവാനാകട്ടെ


വിശ്വോത്സവ സ്ഥിതി ലയാധിഷ്ഠ ഹേതുകമേകം മായാശ്രയം വിഗതമായം"


സൃഷ്ടിസ്ഥിതി സംഹാര കാരണവും മായജ്ഞാശ്രയവും മായയെ മറികടന്നവനുമാണ്‌ ഭഗവാന്‍. "അചിന്ത്യമൂര്‍ത്തിയും" ആകുന്നു ഈശ്വരന്‍. അങ്ങനെ ഈശ്വരചൈതന്യം നിറഞ്ഞ സീതാപതിയെ ഞാന്‍ നമസ്കരിക്കുന്നു. രാമചൈതന്യത്തെ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്‌.


"ആനന്ദ സാന്ദ്രം അമലം നിങ്കബോധരൂപം സീതാപതി, വിദിതത്വമഹം നമാചി."


സാന്ദ്രാനന്ദവും പരിശുദ്ധിയും രോഗഭാവരഹിതം സ്വാഭാവികമായ ജ്ഞാന തന്നെ തന്റെ സ്വരൂപം എന്ന്‌ അറിയുന്നവനും ആയ ശ്രീരാമനെ വന്ദിക്കുന്നു. അങ്ങിനെയുള്ള ശ്രീരാമചരിതമായ രാമായണം "സര്‍വ്വപുരാണസമ്മതം" ആകുന്നു. രാമകഥയെക്കുറിച്ച്‌ ദേവി ഇങ്ങനെ പരമേശ്വരനോട്‌ ചോദിച്ചു.


ദേവ! ജഗന്നിവാസ! സര്‍വ്വാത്മദൃക്ക്‌ ത്വം പരമേശ്വരോ 
പൃച്ഛാമി തത്ത്വം പുരുഷോത്തമസ്യ സനാതനം ത്വം ച സഹാത നാസി.


സര്‍വ്വഭൂതങ്ങളിലും ആത്മരൂപേണ പ്രകാശിക്കുന്ന ബ്രഹ്മത്തെ ആത്മസ്വരൂപനായി ദര്‍ശിക്കുന്ന അങ്ങ്‌ പരമേശ്വരനാണല്ലോ. ബ്രഹ്മത്തിന്റെ ഉപാധിരഹിതമായിരിക്കുന്ന പുരുഷോത്തമ തത്വത്തെ സനാതന സ്വരൂപനായ അങ്ങയോട്‌ തന്നെ ചോദിച്ചുകൊള്ളുന്നു. ഭഗവാന്‍ ദേവിയോട്‌ ഇങ്ങനെ പറഞ്ഞുകൊള്ളുവാന്‍ പ്രേരിപ്പിച്ചതായി പറയാം.
കടപാട്  : കാഞ്ഞങ്ങാട്‌ രവീന്ദ്രന്‍ മാസ്റ്റര്‍ 

No comments:

Post a Comment