നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday 30 July 2012

വീട് എവിടെ വയ്ക്കും?


കുറച്ചു വസ്തു വാങ്ങി ഒരു വീടുവയ്ക്കണം. എവിടെ വാങ്ങും? വില മാത്രം നോക്കിയിട്ട് കാര്യമില്ല. പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. വസ്തുവിനെ സംബന്ധിച്ച് ദിക്കുകള്‍ തമ്മില്‍ യോജിക്കുന്ന കോണുകള്‍ക്ക് ഓരോ പേരുണ്ട്. വടക്കുകിഴക്കേ കോണിന് ഈശാനകോണ്‍ എന്നും തെക്കുകിഴക്കേ കോണിന് അഗ്നികോണ്‍ എന്നും വടക്കുപടിഞ്ഞാറേ കോണിനു വായുകോണ്‍ എന്നും പറയുന്നു. തെക്കുപടിഞ്ഞാറെ നിരുതികോണിന് വാസ്തുശാസ്ത്രപ്രകാരം വളരെ പ്രാധാന്യമുണ്ട്. ഈ കോണാണ് കന്നിമൂല എന്ന് അറിയപ്പെടുന്നത്.
കിഴക്ക് താഴ്ന്നും പടിഞ്ഞാറ് പൊങ്ങിയുമുള്ള ഭൂമി അഭിവൃദ്ധി നല്‍കും. വടക്ക് താഴ്ന്നും തെക്ക് പൊങ്ങിയതുമായ വസ്തുവും നല്ലതാണ്. അത് പെരുമയും ഐശ്വര്യവും ഉണ്ടാക്കും. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ താഴ്ന്നും കിഴക്ക്, വടക്ക് ഭാഗങ്ങള്‍ പൊങ്ങിയും കിടക്കുന്ന വസ്തു നല്ലതല്ല. കൈവശമുള്ള വസ്തു അത്തരമൊന്നാണെങ്കില്‍ എന്തുചെയ്യും?

എങ്ങനെ ചരിവുള്ള വസ്തുവായാലും വീടുവെയ്ക്കാം. ആദ്യം വസ്തുവിനെ ബാലന്‍സ് ചെയ്യിക്കണമെന്നു മാത്രം. വസ്തുവില്‍ വടക്കുകിഴക്ക് തലയും, തെക്കുപടിഞ്ഞാറ് കാലുകളും, തെക്കുകിഴക്കും വടക്കുപടിഞ്ഞാറും കൈകളും വച്ചാണ് വാസ്തുപുരുഷന്‍ ശയിക്കുന്നത്. വസ്തുവിന്റെ രൂപഭേദങ്ങള്‍ ഈ കിടപ്പിന് ഭംഗം വരുത്തും. ഉദാഹരണത്തിന് ഒരു വസ്തുവിന്റെ തെക്കുകിഴക്ക് മൂല അകത്തേക്കു ചരിഞ്ഞാണ് കിടക്കുന്നതെങ്കില്‍ വാസ്തുപുരുഷന്റെ കൈവച്ചിരിക്കുന്ന ഭാഗത്ത് കോട്ടം വരും.

കിഴക്കും പടിഞ്ഞാറും നീളം കൂടിയും വടക്കും തെക്കും നീളം കുറഞ്ഞും ദീര്‍ഘചതുരത്തിലുള്ള വസ്തുവാണ് വീടുവയ്ക്കാന്‍ ഏറ്റവും അഭികാമ്യം. സമചതുരവും തരക്കേടില്ല. പലപ്പോഴും ഇത്തരത്തിലുള്ള വസ്തു ലഭിക്കണമെന്നില്ല. ലഭ്യമാകുന്ന വസ്തുവിനെ ശാസ്ത്രവിധിപ്രകാരം തയ്യാറാക്കി എടുക്കുക എന്നതാണ് പരിഹാരം.

വസ്തുവില്‍ 90 ഡിഗ്രിയില്‍ കുറഞ്ഞുവരുന്ന കോണ്‍ ഏതാണോ അതിനെ 90 ഡിഗ്രിയാക്കി മാറ്റുക. (കോണില്‍ ബാക്കിവരുന്ന സ്ഥലം ഒഴിച്ചിടാം) ഇതിനു വേണ്ടി മതില്‍കെട്ടിത്തിരിച്ച് വലിയൊരു ചെലവ് ആദ്യമേ തന്നെ ചെയ്യണമെന്നില്ല. അതിര്‍ത്തി തിരിച്ച് അടിസ്ഥാനം കെട്ടിയാല്‍ മതി. ഏത് ആകൃതിയിലുള്ള വസ്തുവിനെയും ഇതുപോലെ ചതുരമോ ദീര്‍ഘചതുരമോ ആക്കി വേര്‍തിരിക്കാവുന്നതാണ്. ഇതില്‍ വടക്കുകിഴക്കു നീണ്ടിരിക്കുന്ന വസ്തു കെട്ടിത്തിരിക്കേണ്ടതില്ല. വാസ്തുപുരുഷന്റെ മുഖമിരിക്കുന്ന സ്ഥലമായതിനാല്‍ അവിടെ കൂടുതല്‍ സ്ഥലമുള്ളത് അത്യുത്തമമാണ്.

രണ്ടു സെന്റു മാത്രമുള്ള വസ്തുവില്‍ എങ്ങനെയാണ് വാസ്തുശാസ്ത്രവിധിപ്രകാരം വീടുവയ്ക്കാനാവുക? സംശയം സ്വാഭാവികം. വസ്തു ഒരു സെന്റാണെങ്കില്‍പ്പോലും, അതില്‍ നിര്‍മ്മിക്കുന്നത് ഒരു മുറിയാണെങ്കില്‍പ്പോലും വാസ്തുപുരുഷസാന്നിദ്ധ്യമുണ്ടാവും.


No comments:

Post a Comment