നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 14 August 2012

അയ്‌യപ്പസ്വാമിമാർ കറുപ്പുടുക്കുന്നതെന്തിന്?


കറുപ്പ് ഉടുക്കുന്നത് എന്തിന് എന്ന് പര്യാലോചിക്കാം? എല്ലാ അയ്‌യപ്പൻമാരും ഒന്നുകിൽ കറുപ്പ് അല്ലെങ്കിൽ നീലനിറത്തോടുകൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മൾ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മൾ പലതും അനുഷ്ഠിക്കുന്പോൾ എന്തിനാണ് ഇത് ചെയ്‌യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാൻ ഇന്നതുകൊണ്ട് ഇന്നത് ചെയ്‌യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളിൽ ഏറ്റവും കൂടുതൽ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. 'അഗ്രണിർ ഭവതി ഇതി അഗ്നി' എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ'യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മൾ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നിലവിളക്ക് കത്തിച്ചു പിറന്നാൾ ആഘോഷിക്കുക. അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ പ്രാധാന്യത്തോടു കൂടി പ്രവർത്തിക്കുന്നുവെന്ന് ഋഷിമാർ പറഞ്ഞുെവച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവൻ, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. 'നീല ഗ്രീവാ ആഗ്നേയാ' എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളിൽ. നീലഗ്രീവയിൽ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോൾ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്.
അഗ്നിയുടെ വർണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാർ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോൾ അയ്‌യപ്പഭക്തൻ ശബരിമലയാത്രക്ക് തയ്‌യാറെടുക്കുന്പോൾ അഗ്നിവർണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാൽ താൻ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നർഥം. ഭാരതത്തിൽ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങൾ ഈശ്വരീയതയെ സാക്ഷാത്‌കരിക്കണം എന്നാണ്. കാളിദാസൻ എന്നു പറയുന്ന സാധാരണക്കാരനായ ഒരാൾ 'കാളിദാസൻ' എന്നു പറയുന്ന മഹാനായ ഒരു കവിയായി തീർന്നപ്പോൾ ആ കവിത്വത്തിന്റെ ഉള്ളിൽ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീർന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവർണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താൻ സ്വയം അഗ്നി ആവാൻ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്‌കരിക്കുന്നതിലൂടെ അയ്‌യപ്പൻ തന്റെ വസ്ത്രങ്ങളിൽപ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തിൽ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്‌യപ്പൻ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാർ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളിൽ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തിൽ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സിൽ മാറ്റം വരുത്തും.

നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വർണശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങൾ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്‌യപ്പഭക്തൻ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ആ കറുപ്പു വർണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു. അഗ്നി ഈശ്വരൻ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്‌കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. തന്നെ കാണുന്ന മറ്റുള്ളവരിലും ഈ ആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം. ഇതുകൊണ്ട് നമ്മുടെ ഉള്ളിൽ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തിൽ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളിൽ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്‌കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവത്തോടുകൂടി ചിന്തിച്ചുകഴിഞ്ഞാൽ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയർന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാൻ സാധിക്കും. കാരണം, ഒരു സാധകന്റെ വളർച്ചയിൽ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങൾ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തിൽ മാറ്റം വരുന്നു, വസ്ത്രത്തിൽ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്‌യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കൽ.

No comments:

Post a Comment