നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 14 August 2012

ശ്രീനാരായണന്റെ ദർശനം


അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാൽ, ഒരു സാധാരണവായനക്കാരന്റെ ഉള്ളിൽ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീർത്ത് അതു മനസ്സിലാക്കിയ ഒരാൾ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാൾ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-'ഈ ഇതിഹാസത്തിലെ കഥാനായകൻ ആരാണ്' എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആൾ ചോദിച്ച മുഖ്യമായ ചോദ്യം 'രാമൻ ആരാണ്' എന്നതാണല്ലോ?

ശ്രീനാരായണഗുരുദേവൻ ഒരു മഹത്തായ ഇതിഹാസത്തിലെ കഥാനായകനായിരുന്നു. ആദർശസംസ്ഥാപനംചെയ്തുകൊണ്ട് സമൂഹോത്ഥാപനം നിർവഹിച്ച ശ്രീനാരായണന്റെ അപദാനഗരിഷ്ഠമായ ജീവിതത്തെ ഒരിതിഹാസത്തോട് ഉപമിക്കുന്നത് എത്രയും യുക്തമാണ്. അപ്പോൾ, ശ്രീനാരായണൻ ആരായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും പൊന്തിവരുന്നു. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണ്. അല്ല വെറുമൊരു അധികാരലോഭിയായ രാജാവാണ് എന്നിങ്ങനെ പലപല ഉത്തരങ്ങൾ കേൾക്കുന്നതുപോലെ ശ്രീനാരായണനെ സംബന്ധിച്ചും പലതരം ഉത്തരങ്ങൾക്കു പഞ്ഞമില്ല. ശ്രീനാരായണൻ തികഞ്ഞ അദൈ്വതിയും മഹാനായ സംന്യാസിയും ആർഷപാരന്പര്യത്തിന്റെ അഭിനവപ്രകാശകനും ഒക്കെയാണെന്ന് ഒരു വിഭാഗം പറയുന്പോൾ, വേറെ കൂട്ടർ അദ്ദേഹത്തെ ഒരു സമൂഹപരിഷ്‌കർത്താവും അനാചാരവിധ്വംസകനും ഒക്കെയായി കാണുന്നു. ഈ അഭിപ്രായവൈവിധ്യത്തിന്റെ നടുവിൽ ആ ഐതിഹാസികമായ ചോദ്യം എത്ര പ്രസക്തമല്ല-ശ്രീനാരായണൻ ആരായിരുന്നു?
ഗുരുദേവൻ അദൈ്വതിയോ സംന്യാസിയോ അല്ലെന്നോ, മറിച്ച്, സമൂഹപരിഷ്‌കർത്താവോ അനാചാരപ്രധ്വംസകനോ, അല്ലെന്നോ ആർക്കും വാദിച്ചു നില്ക്കാൻ സാധിക്കുകയില്ല എന്നെനിക്കു തോന്നുന്നു. അദ്ദേഹം അദൈ്വതിയാണെന്നുള്ളതുകൊണ്ട് അദൈ്വതിമാത്രമാണെന്നും സമൂഹപരിഷ്‌കർത്താവാണെന്നതുകൊണ്ട് സമൂഹപരിഷ്‌കർത്താവ് മാത്രമാണെന്നും അദൈ്വതിയല്ലെന്നും വാദിക്കാൻ പറ്റുമോ? അദൈ്വതി സമൂഹപരിഷ്‌കരണത്തിനു പറ്റാത്ത ആളാണെന്നും, സമൂഹപരിഷ്‌കർത്താവ് അദൈ്വതം മനസ്സിലാക്കാനാവാത്ത ആളാണെന്നും ആരും നിരോധിച്ചിട്ടില്ല. നിരോധിക്കാനൊക്കുകയുമില്ല. ഇങ്ങനെയുള്ള വാദങ്ങളെ ആത്യന്തികവാദങ്ങളെന്ന നിലയ്‍ക്കു തള്ളിക്കളയേണ്ടിവരും. അദൈ്വതിയുടെയും സമൂഹപരിഷ്‌കർത്താവിന്റെയും സങ്കലിതമായ ഒരു സങ്കീർണവ്യക്തിത്വമായിരുന്നു സ്വാമിയുടേത്. പഴയ കാലത്തെ സംന്യാസിമാരെപ്പോലെ സമൂഹജീവിതത്തിൽനിന്ന് അകന്നുകൊണ്ട് സദാ ധ്യാനലോകത്തിൽ കഴിഞ്ഞുകൂടിയ ഒരാളായിരുന്നില്ല നാരായണഗുരു. ഇക്കാലത്തെ രാഷ്ട്രീയപ്രവർത്തകർക്കൊപ്പം ജനങ്ങൾക്കുവേണ്ടി എന്തൊക്കെയോ ചെയ്‌യാനായി ബഹളംകൂട്ടുന്ന ഒരു സമൂഹസേവകനുമായിരുന്നില്ല അദ്ദേഹം. ഇന്നാട്ടിൽ പണ്ടും ഇന്നും പെരുത്തിരിക്കുന്ന ഭിക്ഷാംദേഹികളായ സംന്യാസിമാരിൽനിന്നും രാഷ്ട്രീയപ്രവർത്തകരിൽനിന്നും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ശ്രീനാരായണൻ. ഈ നിലപാടിൽനിന്ന് നോക്കിയാലല്ലാതെ അദ്ദേഹത്തിന്റെ മഹിമ കണ്ടെത്തുക പ്രയാസമായിരിക്കും. ഗുരു എന്ന ശീർഷകത്തിൽ പ്രശസ്തമായ കുമാരനാശാന്റെ ആ 'വനമാലാപദ്യത്തിൽ നാരായണഗുരുവിന്റെ ഈ നിസ്തുലമായ വ്യത്യാസത്തെപ്പറ്റി സരസമായി പ്രതിപാദിച്ചിരിക്കുന്നതു കാണാം. അതിലെ പ്രചാരമാർന്ന ഒരു നാലുവരി ഇതാണല്ലോ:

അന്യർക്കു ഗുണംചെയ്‌വതി
നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മ
തപസ്സും ബലിചെയ്‌വൂ!
സംന്യാസികളില്ലിങ്ങനെ-
യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവ-
രും ശ്രീഗുരുമൂർത്തേ!

'ശ്രീരാമൻ, ശ്രീരാമൻതന്നെ' എന്നു പറഞ്ഞതുപോലെ, 'ശ്രീനാരായണൻ ശ്രീനാരായണൻതന്നെ' എന്നാണ് ഇതിൽ വർണിച്ചിരിക്കുന്ന നിരുപമത്വത്തിന് അർഥം. അദ്ദേഹത്തിന്റെ വാഗ്‌രൂപേണയുള്ള സന്ദേശങ്ങളെയും കർമരൂപേണയുള്ള ജീവിതത്തെയും നിഷ്‌കൃഷ്ടമായി പഠിച്ചാലല്ലാതെ ഈ നിസ്തുലത എന്താണെന്ന് അറിയാൻ സാധ്യമല്ല. സ്വന്തം ജീവിതത്തിൽ ആചരണത്തെയും പ്രചാരണത്തെയും -വാക്കിനെയും പ്രവൃത്തിയെയും - ഭേദമെന്നിയെ സുന്ദരമായി സമ്മേളിപ്പിച്ച ഒരു അസാമാന്യപുരുഷനായിരുന്നു സ്വാമികൾ. ആശാന്റെ പദ്യത്തിൽ വ്യതിരേകരീതിയിൽ വിവരിച്ചതരം വ്യക്തികളുടെ വാക്കിനെ പിന്തുടർന്നാൽ അവരുടെ കർമത്തെയോ, കർമത്തെ പിന്തുടർന്നാൽ അവരുടെ വാക്കിനെയോ കണ്ടെത്തുക പ്രയാസമാണ്. വാഗർഥങ്ങളെ സമന്വയിപ്പിച്ച ഒരു കാവ്യംപോലെ ഗുരുദേവന്റെ ജീവിതത്തിൽ വാക്കർമങ്ങൾ രസാത്മകമായി സമ്മേളിച്ചു.

അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്ന വാക്ക് അദൈ്വതവേദാന്തത്തിന്റേതായിരുന്നു - ശങ്കരാചാര്യരിലൂടെ വിശ്വവിജയം നേടിയ വേദാന്തം. പരമമായ ഏകത്വത്തിന്റെ വിളംബരവും നാനാത്വത്തിന്റെ നിഷേധവുമാണ് അതിന്റെ സന്ദേശം. ജീവിതം മിഥ്യയാണെന്നതിന് അർഥം, മിഥ്യയായ നാനാത്വം നിറഞ്ഞതാകയാൽ ജീവിതം മിഥ്യയാണെന്നുമാത്രമത്രേ. അനുഭൂതിയുടെ അനവദ്യമുഹൂർത്തത്തിൽ നാനാത്വങ്ങളെയെല്ലാം വിരമിപ്പിക്കുന്ന അഖണ്ഡസുഖാംഭോധിയിൽ ആത്മാവ് നിമഗ്നമായിത്തീരുന്നതിനെപ്പറ്റി ശ്രീശങ്കരൻ വിവേകചൂഡാമണിയിലും മറ്റും പല തവണ പാടിയിട്ടുണ്ട്. ഇത്തരം സുദുർലഭമുഹൂർത്തങ്ങളിൽമാത്രം മനുഷ്യർ ഏകത്വം അനുഭവിച്ചിരുന്നതിനാൽ മതിയോ? വ്യവഹാരജീവിതത്തിൽ വ്യാപരിക്കുന്പോൾ ഏകത്വം അനുഷ്ഠിക്കപ്പെടേണ്ടതില്ലേ? സാധാരണജീവിതത്തിലുള്ള വൈവിധ്യങ്ങളെയും നാനാത്മകതയെയും കണ്ടില്ലെന്നു നടിച്ച് അനുഭൂതിശരണനായി കഴിയുന്നത് അദൈ്വതത്തോടു നിരക്കുമോ? പട്ടിയെയും ചണ്ഡാലനെയും ഒരുപോലെ കാണുന്നവനാണ് 'ആത്മജ്ഞാനി' എന്ന് ഗീത ഘോഷിച്ചിട്ടുണ്ടെങ്കിലും, സാമാന്യജീവിതത്തിൽ ഈ തത്ത്വം പരിപാലിക്കാൻ കഴിഞ്ഞ സംന്യാസികൾ ഇന്ത്യയിൽ വളരെ കുറവായിരുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് അവർ എല്ലാം മായയാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദൈ്വതവേദാന്തത്തെത്തന്നെ കളങ്കപങ്കിലമാക്കിക്കളഞ്ഞു.

ഇത്തരത്തിലുള്ള ജീവിതനിഷേധമല്ല യഥാർഥമായ അദൈ്വതമെന്നും പരമാനുഭൂതിക്കു ചോടെ ജീവിക്കുന്ന സന്ദർഭങ്ങളിൽ എവിടെയെല്ലാം അനൈക്യത്തിന്റെ നിഴൽ പരന്നിട്ടുണ്ടോ അവിടെയെല്ലാം ഐക്യബോധത്തിന്റെ വെളിച്ചം പരത്തേണ്ടതാണെന്നും ശ്രീനാരായണൻ വാദിച്ചു. മായാവാദത്തിന്റെ മറവിൽ അനീതികളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിനോടു ഗുരുദേവൻ യോജിച്ചില്ല. വ്യാവഹാരികജീവിതത്തിലും അദൈ്വതബോധത്തെ ആവുന്നത്ര ഉൾക്കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇവിടെയാണ്, ഇത്രത്തോളവുമാണ്, ശ്രീനാരായണൻ ജീവിതത്തെ അംഗീകരിച്ചത്. ഭാരതീയതത്ത്വചിന്ത ജീവിതനിഷേധാത്മകമാണ് എന്നു വാദിച്ച ഷൈ്വറ്റ്‌സ് റെപ്പോലുള്ള ചിന്തകന്മാർക്കുപോലും ഈ നാരായണമതത്തോട് കലശൽ കൂട്ടുവാൻ കഴിയുന്നില്ലെന്നു വ്യക്തമാണ്.
ശ്രീനാരായണൻ സമൂഹപരിഷ്‌കരണത്തിനിറങ്ങിയത് കേരളത്തിലെ ജാതിഭേദത്തിന്റെ കെടുതി കണ്ടറിഞ്ഞിട്ടാണ്. അദ്ദേഹം അദൈ്വതം തേടിപ്പോയത് ജാതിഭേദത്തെ നിർമൂല്യം നശിപ്പിക്കുവാൻ പര്യാപ്തമായ ഒരു തത്ത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. ജാതിവ്യത്യാസം തുടങ്ങിയ ഭേദകല്പനകൾ മനുഷ്യജീവിതത്തെ അപൂർണമാക്കുന്നു. ജീവിതത്തിന്റെ പൂർണതയ്‍ക്കുവേണ്ടി ഉഴറിയപ്പോഴാണ് ശ്രീനാരായണൻ ജാതിഭേദത്തിന്റെ അരാതിയും അദൈ്വതത്തിന്റെ ബന്ധുവും ആയി മാറിയത്. അപൂർണവും അതുകൊണ്ട് അസുന്ദരവുമായ ഒരു ജീവിതത്തെയാണ് അദ്ദേഹം നിഷേധിച്ചത്, മറ്റൊന്നിനെയുമല്ല. നാരായണഗുരു ജനിച്ചതും ജീവിച്ചതും ലോകത്തിലെങ്ങുമുള്ള ജാതിഭേദകൃതമായ അനൈക്യത്തെ ഉച്ചാടനംചെയ്‌യാനായിരുന്നു. ഒരു സവിശേഷലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ജീവിതം ആകമാനം സമർപ്പിക്കുന്ന ഏകാന്തവ്രതരെ അവതാരങ്ങൾ എന്ന് വിശേഷിപ്പിക്കാമെങ്കിൽ, ആധുനികകേരളത്തിൽ ശ്രീനാരായണാവതാരത്തിന്റെ ഉദ്ദേശ്യം ജാതിഭേദവിപാടനമായിരുന്നു. 'ഒരു ജാതി' എന്നാണ് അദ്ദേഹം കാതലായി പാടിയത്. 'ഒരു മതം, ഒരു ദൈവം മനുഷ്യന്; ഒരു യോനി ഒരാകാരം, ഒരു ഭേദവുമില്ലിതിൽ' എന്നദ്ദേഹം തുടർന്നു പാടിയത് ഈ സന്ദേശത്തിന്റെ വ്യാഖ്യാനം മാത്രമായിട്ടാണ്. മതങ്ങളും ദൈവങ്ങളും വേഷഭൂഷാദികളും എല്ലാം മനുഷ്യരെ തമ്മിലകറ്റുന്നതായി അദ്ദേഹം കണ്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. ദർശനമാലയിൽ നിറഞ്ഞുനില്ക്കുന്ന സന്ദേശസൗരഭ്യം ഇതത്രേ. ഇതൊക്കെ മായാകൃതമെന്നു പറഞ്ഞ് കണ്ണടയ്‍ക്കലല്ല അദൈ്വതിയുടെ ധ്യാനവും ധർമവും തപസ്സും. വളരെ വ്യത്യസ്തനായ ഒരു സംന്യാസിയെ ഇത് വരച്ചുകാട്ടുന്നു. ആശാൻ മുൻപദ്യത്തിൽ വരഞ്ഞ ചിത്രം അതാണ്.

ശ്രീനാരായണൻ വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതി കണ്ടിട്ട് വേദാന്തം പഠിച്ചതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വേദാന്തം പഠിച്ചതിനുശേഷമാണ് ജാതിവ്യത്യാസങ്ങളെ നോക്കിയതെങ്കിൽ ഇതെല്ലാം മായാവിലാസങ്ങളാണെന്ന് ധരിച്ചുവശായി അദ്ദേഹം നിഷ്‌ക്രിയനായിത്തീർന്നുപോയേനേ! വേദാന്തശിക്ഷണത്തിൽ സ്വാമികളുടെ ആദ്യത്തെ ആചാര്യൻ അദ്ദേഹത്തിനു ചുറ്റും ഉരസിമറിഞ്ഞിരുന്ന പാപപാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നന്പൂതിരി നായരെയും, നന്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേർന്ന് പുലയനെയും അകറ്റുകയും അമർത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്‌സാവഹത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകത്തിന്റെ അന്വേഷകനാക്കി മാറ്റി. അമേരിക്കയിലെ ആദിനിവാസികളോട് സ്‌പെയിനിലെ ഘാതകന്മാർ കാണിച്ച കിരാതപ്രായമായ ദുഷ്ടതകളോട് കിടനില്ക്കുന്ന മഹാപാതകങ്ങൾ ജാതിയുടെ പേരിൽ കേരളത്തിൽ നടന്നിരുന്നുവെന്ന് ആ കാലത്തെക്കുറിച്ച് കുമാരനാശാൻ ഒരിടത്ത് എഴുതിവെച്ചിട്ടുണ്ട്. ആർദ്രമൃദുലങ്ങളും സംവേദക്ഷമങ്ങളുമായ ചില ഹൃദയങ്ങളെ ആഴത്തിൽ മുറിപ്പെടുത്താൻ അത്തരം കാലഘട്ടങ്ങൾക്കു കഴിയും. നാരായണഗുരുവിന്റെ ഹൃദയം ഇങ്ങനെ വ്രണിതമായപ്പോൾ ജാതിയുടെ കുരിശ് ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീർഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹത്തിന് അദൈ്വതം കണ്ടുകിട്ടുന്നത്. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചുനടന്ന അദൈ്വതവേദാന്തത്തിന്റെ തത്ത്വങ്ങൾ തന്റെ ജാതിവിനാശനപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാൻ കരുത്തുറ്റവയാണെന്ന് ആചാര്യൻ മനസ്സിലാക്കി.

ഇതത്രേ നാരായണഗുരുവിന്റെ അദൈ്വതവാദത്തിന്റെ അടിയിലുള്ള ജീവിതബന്ധം. സാധാരണജീവിതത്തിലെ ദൈ്വതദോഷങ്ങളെ മിഥ്യയെന്നും മായയെന്നും അവിദ്യയെന്നും മറ്റും അപലപിച്ച് അവയെ പരിഹരിച്ചതായി കണക്കാക്കാമെന്ന് സ്വാമികൾ കരുതാതിരുന്നത് ഈ ജീവിതത്തോട് അദ്ദേഹം പുലർത്തിയ സത്യസന്ധത ഒന്നുകൊണ്ടുമാത്രമാണ്. അദൈ്വതത്തിൽ വിശ്വസിക്കുകയും അദൈ്വതം അനുഭവിക്കുകയും ചെയ്‌യുന്ന ഒരു വ്യക്തി വ്യാവഹാരികമണ്ഡലത്തിലുള്ള ദൈ്വതപ്രകടനങ്ങളുടെ ദുഷ്ടഫലങ്ങളും നിരാകരണത്തിനു ശ്രമിക്കണം എന്ന നിർബന്ധമാണ് ശ്രീനാരായണനെ വിശിഷ്ടനും വ്യത്യസ്തനുമായ ഒരു അദൈ്വതാചാര്യനാക്കിത്തീർത്തത്. സമൂഹത്തിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന അദൈ്വതിയെ സമൂഹസേവകനാക്കുന്ന ഒരു നവീകൃതചിന്ത സ്വാമിയിൽ നാം കാണുന്നു. കേരളത്തിനു വെളിയിൽ ഇതേകാലത്തുതന്നെ സ്വാമി വിവേകാനന്ദനെപ്പോലുള്ള അപൂർവസംന്യാസിമാർ ഈ ലോകസേവനസരണി വെട്ടിത്തെളിയിച്ചുതുടങ്ങിയിരുന്നു.

തന്റെ ആത്മാവ് പ്രാപിച്ചതോ ദർശിച്ചതോ ആയ ആന്തരൈക്യസത്യത്തിന്റെ നിദാനമായ ഏക ചൈതന്യവിശ്വാസം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആർദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം എന്നെനിക്കു തോന്നുന്നു. ആസ്തിക്യവിശ്വാസത്താൽ വിസ്ഫുരിതമായ അദൈ്വതബോധം, അതിന് ആശ്രയമായ ജീവിതാദരം, അതിൽ അധിഷ്ഠിതമായ മനുഷ്യസ്‌നേഹം, അതുകൊണ്ട് പ്രചോദിതമായ സമൂഹസേവനം-ഇതാണ് ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുടെ നാലതിരുകൾ.

ജീവിതവ്യാപിയായിരിക്കേണ്ട അദൈ്വതാനുഭൂതിയെ ഏകദേശമാക്കിക്കളഞ്ഞ സംന്യാസികളിൽനിന്നുള്ള വ്യക്തമായ പുരോഗതി ശ്രീനാരായണനിൽ തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് അദ്ദേഹം ഗുഹയിൽനിന്ന് വെളിയിലേക്കു കടന്ന് പതിതജനസമൂഹങ്ങളുടെ അഭ്യുദ്ധരണത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ചത്. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിർത്തതും പൂർണാദൈ്വതത്തിന്റെ പ്രകാശത്തിൽ നിന്നു കൊണ്ടുതന്നെ. അദൈ്വതസിദ്ധാന്തത്തിന്റെ ആചരണത്തിൽ ഇന്നാട്ടിൽ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച് യോഗസംന്യാസത്തിന് അന്തസ്സും ആദരവും വർധിപ്പിക്കുവാൻ ഈ പൂർണാദൈ്വതാനുഷ്ഠാനംകൊണ്ട് സ്വാമികൾക്കു സാധിച്ചു.

മതദർശനങ്ങളിലെ ഏറ്റവും ഉത്‌കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ് ഏകമതവാദം. വളരെ പഴക്കമുണ്ട് അതിന്. 'സമാനമസ്തു വോമനഃ' എന്നു വൈദികർഷികൾ പാടിയപ്പോൾ 'സമാനാനി സന്തു വോ മതാനി' എന്നുതന്നെയാണ് അവർ ഉദ്ദേശിച്ചത്. 'സത്യത്തെ എവിടെയും കണ്ടാലും അതിനെ ക്രിസ്തുമതമായിക്കണ്ടാലും' എന്ന എറാസ്മസ്സിന്റെ അഭിപ്രായം ഇവിടെ ഓർക്കാം. സ്വന്തം മതത്തെ മറ്റുള്ളവർ ആക്ഷേപിക്കുന്നത് ശരിയല്ലാത്തതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആക്ഷേപിക്കുവാൻ പാടില്ലെന്ന് ഖുർ-ആൻ പ്രഖ്യാപിക്കുന്നു.

ഇത്തരത്തിൽ മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട് വന്പിച്ച മതപ്പോരുകൾ നടക്കുകയുണ്ടായി. ഇന്ത്യയിലെ ശൈവവൈഷ്ണവകലഹങ്ങളും ഹൈന്ദവ-മാഹമ്മദയുദ്ധങ്ങളും യൂറോപ്പിലെ ക്രൈസ്തവ-മാഹമ്മദസമരങ്ങളും കാത്തൊലിക്ക്-പ്രൊട്ടസ്റ്റന്റ് സംഘർഷങ്ങളും ഓർത്താൽ മതിയല്ലോ. രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിനു വിദ്രോഹകരമായിത്തീർന്നു മതകലാപങ്ങൾ. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽത്തന്നെ മതസൗഹാർദത്തിനുള്ള സംഘടിതയത്‌നങ്ങൾ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദസ്വാമികളുടെ സാന്നിധ്യംകൊണ്ട് പ്രഖ്യാതമായ ചിക്കാഗോവിലെ 'പാർലമെന്റ് ഓഫ് റിലിജിയൻസ്' (1893) ഇത്തരമൊരു ഉദ്യമമായിരുന്നു. 1914-ൽ മതസമാധാനത്തിനുവേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ൽ മതപഠനത്തിന് ഒരു സമിതി രൂപവത്‌കൃതമായി. 1936-ൽ 'വേൾഡ് കോൺഗ്രസ് ഓഫ് ഫെയിത്ത്‌സ്' രൂപംകൊണ്ടു.

ശ്രീനാരായണന്റെ സർവമതസഹോദര പ്രസ്ഥാനം ഇവയിൽ മിക്കതിനും മുൻപാണ് ഉദയംപൂണ്ടത്. വിവേകാനന്ദന്റെയും ആനിബസന്റിന്റെയും (തിയോസഫിക്കൽ സൊസൈറ്റി) മതസൗഹാർദപരിശ്രമങ്ങൾക്ക് എത്രയോ മുൻപാണല്ലോ (1888-ൽ) സ്വാമികൾ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനമായി സങ്കല്പിച്ചത്. നാരായണഗുരുവിന്റെ വചനങ്ങളോ കർമങ്ങളോ മതൈക്യബോധം സംബന്ധിച്ച പരകീയമായ ഒരു കടപ്പാടു തെളിയിക്കുന്നില്ല. സ്വാമിയുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ സ്വാന്തഃപ്രഫുല്ലിതവും നിസർഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിർത്ത സ്വാമികളിലൂടെ വർത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോൾ മതഭേദത്തെ എതിർത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകാദർശം വിരിയുന്പോൾ സ്വാമികൾ പ്രസരിപ്പിച്ച ഈ പ്രകാശം അതിനു പ്രചോദനമിയറ്റിയിരുന്നുവെന്നു ചിന്താശാലികൾ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളർന്നു. ഈ സന്ദേശം വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്‌നങ്ങളിലും പടർന്നുകയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദൈ്വതബോധംതന്നെയായിരുന്നു. ആത്മോപദേശശതകത്തിലെ മതൈക്യചിന്തയെ മുൻനിർത്തിക്കൊണ്ട് ഇത് സമർഥിക്കാൻ കഴിയും. ഈ 'ശതക'ത്തിലെ മധ്യഭാഗമാണല്ലോ 'മതമീമാംസ' എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്. സൂക്ഷ്മമായി പറയുകയാണെങ്കിൽ 44, 45, 46, 47, 48, 49 പദ്യങ്ങളടങ്ങിയ ഷട്കം 'പല മതസാരവുമേകം' എന്നാരംഭിക്കുന്ന പദ്യം ഈ ഷട്കത്തിലെ പ്രഥമപദ്യമാണ്. മതമീമാംസാഷ്ടകത്തെ 'ഏകമതോപനിഷത്ത്' എന്നു വിളിച്ചാലും തെറ്റില്ല. ഈ മതസമൈക്യദർശനത്തിന്റെ അടിത്തറ കറതീർന്ന അദൈ്വതദർശനമാണ്. 'ശതക'ത്തിലെ 24-ാം പദ്യം ഇതു വ്യക്തമാക്കാതിരിക്കില്ല:
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവരവരാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ആത്മസത്യത്തിന്റെ ഐക്യമാണ് എല്ലാ കർമങ്ങൾക്കും അടിസ്ഥാനമായിരിക്കുന്നത്. ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക. ഇതത്രേ എല്ലാ മതങ്ങളിലും അന്തർഭൂതമായ ഏകമതസാരം. ഇതിനെ കൺമുൻപിൽ കണ്ടുകൊണ്ടാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് അരുളിച്ചെയ്തത്. അന്യരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുക എന്ന ആദർശത്തിന്റെ സാക്ഷാത്‌കാരത്തിൽ ആത്മസുഖം ദർശിക്കലാണു യഥാർഥമതബോധം. ശങ്കരാചാര്യരും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ഇത്തരം ദയാവാരിധികളായിരുന്നുവെന്ന് അനുകന്പാദശകത്തിൽ സ്വാമി വർണിക്കുന്നു:
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകന്പയാണ്ടവൻ!
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധർമമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്‌നമോ?

അനുകന്പയുടെയും പരസേവനത്തിന്റെയും സന്ദേശമായ ഈ മതസാരമാണ് ശ്രീനാരായണധർമം എന്നു പറയപ്പെടുന്നത്.
സഹോദരൻ അയ്‌യപ്പനുമായുണ്ടായ സംഭാഷണത്തിൽനിന്നാണല്ലോ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു മറ്റൊരു പ്രസിദ്ധമായ തത്ത്വം ഉരുത്തിരിഞ്ഞുവന്നത്. ഇതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു മതം അനാവശ്യമാണെന്നാണ് ഈ വാക്യത്തിന് അർഥമെന്നുവരെ പറയാൻ ചിലർ ധൈര്യപ്പെട്ടിട്ടുണ്ട്. സ്വാമി മതനിഷേധിയായിരുന്നില്ല, മതഭേദനിഷേധിയായിരുന്നു. ഏകമതം ഭിന്നമതങ്ങളുടെ പരമസാരമായ സാമാന്യഘടകമാണ്. അതെന്താണെന്ന് ആത്മോപദേശശതകത്തിൽ വിശ്വമംഗളത്തിനായി സ്വാമി പാടിപ്പരത്തിക്കഴിഞ്ഞതാണ്. സി.വി. കുഞ്ഞുരാമനുമായുള്ള ദീർഘമായ സംഭാഷണത്തിൽ ഈവക കാര്യങ്ങൾ ശങ്കാലേശംപോലും ഉണ്ടാകാത്ത മട്ടിൽ സ്വാമികൾ വിശദീകരിച്ചിട്ടുണ്ട്. അന്നു പറഞ്ഞ ചില വാക്യങ്ങൾ ഇന്ന് അനുസ്മരിക്കുന്നതു കൊള്ളാം: 'എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. സൂക്ഷ്മാന്വേഷണത്തിനു സഹായിക്കുന്ന മാർഗദർശികളാണു മതങ്ങൾ. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്‍ക്കു തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഇല്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെടുത്തിക്കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'
സ്വന്തം ജീവിതത്തിൽ വളരെ ചെറുപ്പംതൊട്ടുതന്നെ മതസ്​പർധ തീണ്ടാത്ത മട്ടിൽ പ്രവർത്തിക്കാൻ സ്വാമികൾക്കു കഴിഞ്ഞു. അവധൂതനായി പരിവ്രജനംചെയ്തിരുന്ന കാലത്ത് ഏതു വീട്ടിൽനിന്നും സ്വാമി ഭിക്ഷ കൈക്കൊണ്ടു. പിന്നീട് അദ്ദേഹം സംന്യാസിവര്യനായപ്പോൾ എല്ലാ മതങ്ങളിലുംപെട്ടവർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അരുവിപ്പുറത്തും ശിവഗിരിയിലും ഈ മതൈക്യം സ്വാമി പ്രാവർത്തികമാക്കിത്തീർത്തു. ഈ പരിശ്രമങ്ങളുടെ കിരീടംചാർത്തലായിരുന്നു 1099 (1924-ൽ) ശിവരാത്രിക്കാലത്ത് ആലുവാ മണപ്പുറത്തുവെച്ചു കൂടിയ സർവമതസമ്മേളനം. ചിക്കാഗോവിലെ സർവമതസമ്മേളനത്തിന്റെ മാറ്റൊലി അകലെനിന്നു കേട്ട കേരളം സ്വന്തം ഹൃദയാങ്കണത്തിൽവെച്ച് ശ്രീനാരായണൻ മതസമന്വയസന്ദേശം പ്രതിധ്വനിപ്പിച്ചതു കേട്ടു പുളകമിയന്നു. മതവിരോധത്തിന്റെ കാളിമയിൽ കുറേക്കാലം കഴിഞ്ഞുകൂടിയ ഭാരതം, തന്റെ ചിരന്തന തത്ത്വമഹിമകൾ അയവിറക്കിക്കൊണ്ടിരിക്കുന്പോൾ, നാളത്തെ ഭാരതത്തിന്റെ ജീവിതാദർശമായിരിക്കേണ്ട മതസ്‌നേഹതത്ത്വത്തെ വിളംബരംചെയ്‌യാൻ മുതിർന്നുവന്ന നാരായണഗുരുവിനെ അനുഗ്രഹാശിസ്സുകളോടെ വാഴ്ത്തിയിരിക്കണം.

ശ്രീനാരായണന്റെ ഏകലോകദർശനത്തിന്റെ പൊരുളും അദൈ്വതംതന്നെ. ആളായ ആളെല്ലാം ലോകം ഏകമാണെന്നു കണ്ടുമനസ്സിലാക്കാനും മറ്റും നാടുവിട്ടോടുന്ന കാലമാണിത്. നാട്ടിലിരുന്നാൽ ലോകം ഒന്നാണെന്നു മനസ്സിലാക്കാൻ പറ്റുമോ? ഇവർ യാത്ര കഴിഞ്ഞു സ്വന്തം നാട്ടിലും വീട്ടിലും തിരിച്ചെത്തുന്പോഴേക്കും ഇവരുടെ ലോകം സ്വന്തം നാടും വീടുമായി ചുരുങ്ങിപ്പോകുന്നു. എന്നാൽ, സഹ്യാദ്രിക്കും അറബിക്കടലിനും അപ്പുറം ഏറെയൊന്നും സഞ്ചരിക്കുകയോ സഞ്ചരിക്കാൻ ബദ്ധപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വെറും നാടൻസംന്യാസി ഒന്നര നൂറ്റാണ്ടിനുമുൻപ് ഈ കേരളത്തിൽ നിന്ന് ഈ തത്ത്വം ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഊടുവഴികളിലൂടെയും വയൽവരന്പുകളിലൂടെയും കാലു കുഴയുവോളം നടന്നുനടന്ന് ഒടുവിൽ വിശ്വഹൃദയത്തിന്റെ രാജബിന്ദു പ്രാപിച്ച അത്ഭുതപുരുഷനാണ് അദ്ദേഹം. കരയും കടലും ആകാശവും താണ്ടി, വിഭിന്ന ജനസഞ്ചയങ്ങളുടെ ആദരപ്രകടനങ്ങൾ ഏറ്റുവാങ്ങി, വിശ്വബോധത്തിന്റെ വേലിയേറ്റത്തിൽപ്പെട്ടു നട്ടംതിരിഞ്ഞ്, നാട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് അയൽദേശക്കാരുമായി കലഹിച്ച് അണുഭേദനശക്തിയിലൂടെ വിശ്വഭേദനത്തിനുപോലും മടിക്കാത്തവണ്ണം സമരനായകന്മാരായി മാറുന്ന പാശ്ചാത്യ രാഷ്ട്രനേതാക്കളിൽനിന്നു വ്യത്യസ്തമാണ് നാരായണഗുരുവിന്റെ പ്രവർത്തനപരിപാടി. അദ്ദേഹം പിന്തുടർന്ന പാരന്പര്യം പടിഞ്ഞാറ് ഇന്നും വേണ്ടത്ര മനസ്സിലാക്കാൻ മിനക്കെട്ടിട്ടില്ലാത്ത ആത്മസംസ്‌കാരത്തിന്റേതാണ്. ഹതവിധിയെന്നു പറയട്ടെ, ഈ ആത്മസംസ്‌കാരം ഇന്നു പാശ്ചാത്യരെന്നതുപോലെ ഏതു കിഴക്കിനും അജ്ഞാതമായി കഴിയുന്നു.

'മനുഷ്യന് ഒന്നും അന്യമല്ല' എന്ന വാദത്തിന്റെ പരകോടിയിലെത്തുന്ന അനുഭൂതിയാണ് അദൈ്വതബോധം. ലോകത്തിലെ ഏറ്റവും ദൂരം കൂടിയ യാത്ര ആ ബോധത്തിലേക്കുള്ള യാത്രയാണ്. ആ യാത്ര നടത്താൻ ഒരു മില്ലിമീറ്റർ പോലും സഞ്ചരിക്കേണ്ടതില്ലെന്ന വൈരുധ്യത്തിൽ ഉറച്ചുനില്ക്കുന്നു ഭാരതത്തിലെ ഋഷികളുടെ സഞ്ചാരവിദ്യ. ഉപനിഷത്തുകൾ അതിനെ 'ദേവയാനം' എന്നു വിളിച്ചു. സത്യമാണ് അതിന്റെ വഴി. അടഞ്ഞുപോയ ഈ മാർഗം തുറന്നുകാട്ടാൻ മുതിർന്നു ശ്രീനാരായണൻ. ബാഹ്യജീവിതത്തോടുപോലും കൂടുതൽ അടുക്കുന്നതിനുവേണ്ടി അവർ ബാഹ്യജീവിതത്തിൽനിന്ന് അകന്നുകഴിഞ്ഞു. ഇതും വൈരുധ്യംതന്നെ! അവനവനെ മനസ്സിലാക്കാത്തവൻ ലോകത്തെ മനസ്സിലാക്കുവാൻ അർഹനല്ലെന്ന്, ആ പാരന്പര്യത്തിന്റെ പാവനത മുഴുവൻ ഉൾക്കൊള്ളാൻ ഗുരുദേവനു കഴിഞ്ഞു.

നാല്പതു കൊല്ലംമുൻപു പടിഞ്ഞാറ് അഭിനയിക്കപ്പെട്ട ഒരു ഏകലോകനാടകത്തിന്റെ തമാശ ഇപ്പോൾ ഓർമവരുന്നു. അതിൽ പ്രത്യക്ഷപ്പെട്ട് അഭിനയിച്ച നടൻ, അമേരിക്കയിൽ പ്രസിഡന്റ് പദത്തിനുവേണ്ടി മത്സരിച്ചു തോറ്റ്, ഒടുവിൽ ഏകലോകം കാണാമല്ലോ എന്നു കരുതി 1942 ആഗസ്ത് 26-ാം തീയതി ന്യൂയോർക്കിൽനിന്ന് ഒരു ബോംബർ വിമാനത്തിൽ കയറി മുപ്പതിനായിരത്തിലധികം നാഴിക സഞ്ചരിച്ച്, നാല്പത്തൊന്പതു നാൾകൊണ്ടു ലോകം ദർശിച്ചു തിരിച്ചുവന്ന് ഏകലോകം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ധാരാളം പണം സന്പാദിച്ചു പിന്നീട് നിര്യാതനായ വെൻഡൽ വില്കി ആയിരുന്നു. ഇന്ന് ആ വില്കി എവിടെ?

ശ്രീനാരായണന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രശാന്തമായ പ്രബോധനം ഇത്തരത്തിൽ നൈമിഷികമായ ഒരു മസ്തിഷ്‌കചാപല്യത്തിന്റെ വീർപ്പടങ്ങലായിരുന്നില്ല. ഹിമാലയംപോലെ ഉയർന്നും ഹിന്ദുസമുദ്രംപോലെ പരന്നും കിടക്കുന്നുവെന്നു പറഞ്ഞാൽപ്പോലും മതിയാകാത്ത ഒരു സത്യാനുഭവത്തിന്, ഭാരതത്തിൽ ഇടയ്‍ക്കിടെ ഉണ്ടാകാറുള്ള അനുസ്​പന്ദനങ്ങളിൽ ഒന്നായിരുന്നു അത്. വിമാനത്തിൽ കയറിപ്പോകാതെയും പുസ്തകങ്ങൾ വായിച്ചു പ്രബന്ധങ്ങൾ രചിക്കാതെയും അത് പ്രാപിക്കാൻ സാധിക്കുമെന്ന് ശ്രീനാരായണഗുരു തെളിയിച്ചുകാട്ടുകയുണ്ടായി.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മീയാനുഭവം നേടാൻ എത്രയോ എളുപ്പമാണെന്നാണ് ഇങ്ങനെ തെളിയിക്കപ്പെട്ടത്. പക്ഷേ, ക്ലേശങ്ങൾ തീരെ ഇല്ലെന്നും പറഞ്ഞുകൂടാ. വിമാനം കയറേണ്ടതുണ്ട്, ഇവിടെയും. അതു ധ്യാനത്തിന്റെ വിമാനമാണെന്നുമാത്രം. അതിലേറി യാത്ര തുടർന്നുപോകാൻ കഴിയുന്ന ഒരാൾക്കു സ്വദേശം ഭുവനത്രയം ആയിത്തീരുന്നു.
നമ്മുടെ ലോകസേവനപരിപാടികൾക്കെല്ലാം യഥാർഥമായ അധിഷ്ഠാനം, അന്തർജീവിതത്തിന്റെ അഗാധവിശുദ്ധിയിൽനിന്ന് ഉറവെടുക്കുന്ന ഏകതാനുഭൂതിയല്ലാതെ മറ്റൊന്നുമല്ലെന്നാണ്, സംശയാലുക്കളുടെ ഈ പ്രമത്തയുഗത്തിൽ ശ്രീനാരായണൻ വെളിപ്പെടുത്തിയത്. സ്വകീയം മാത്രമായ ഒരു മൺപുറ്റിൽ ഒളിഞ്ഞിരുന്ന് ധ്യാനമെന്ന ആവരണംകൊണ്ടു സ്വയം മൂടിയിരുന്നാൽ ലോകദുഃഖത്തിന്റെ പരിശാന്തിക്കുവേണ്ടി പ്രവർത്തിക്കാനാവില്ലെന്നു മുഗ്ധമതികൾ പ്രവചിച്ചതിനെ ഈ ഗ്രാമീണസംന്യാസി ഒട്ടും ഒച്ചപ്പാടില്ലാതെ തിരുത്തിക്കാണിച്ചു. സമാധി അനുകന്പയുടെ പരമകാഷ്ഠയാണ്. സഹജീവികളെ സ്‌നേഹിക്കുവാനും അവരുടെ ദുഃഖങ്ങളിൽ സഹതപിക്കാനും അവർക്കു സുഖം എത്തിക്കുവാനുള്ള ദയാവിലാസം നടത്തുവാനും സർവോപരി ലോകത്തെ മുഴുവൻ ഒറ്റയായി പ്രേമിക്കുവാനും, നമുക്കുള്ള ഏകാന്തമായ പ്രചോദനം അദൈ്വതബോധം മാത്രമാണെന്നു ഘോഷിക്കുവാൻ ഗുരുദേവൻ എല്ലാവർക്കും നവധൈര്യം നല്കി. ജാതിഭേദവും മതദ്വേഷവും - ഇന്നും

കേരളത്തിന്റെ ശരീരം മുഴുവൻ ചിരങ്ങുപോലെ ബാധിച്ചിരിക്കുന്ന രണ്ടു ദുസ്സഹങ്ങളായ രോഗങ്ങൾ - മാറണമെങ്കിൽ ചികിത്സിക്കുന്ന വൈദ്യന് ഈ ഔഷധം ലഭിച്ചിരിക്കണം. അതില്ലാതെ ഈ രോഗങ്ങൾ ചികിത്സിക്കാൻ ഓടിയെത്തുന്ന കപടവൈദ്യന്മാരുടെ നിശ്വാസവായുവേറ്റു കേരളം എന്ന രോഗി ഇന്ന് ആസന്നമൃത്യുവായിത്തീർന്നിരിക്കയാണ്. ഒരേയൊരു ഔഷധമേ ഉള്ളൂ- സ്‌നേഹമാണ് അത്. സമൂഹസേവകരിലും രാഷ്ട്രീയനേതാക്കളിലും മതപുരോഹിതന്മാരിലും പരമസംന്യാസിമാരിലും അതിന്റെ ഉറവകൾ ഇന്നു വറ്റിവരണ്ടുപോയിരിക്കുന്നു. ഇന്നു നമുക്ക് ഏറ്റവും അടുത്തുള്ള അനശ്വരവിമലമായ സ്‌നേഹസ്മൃതി ഈ ഏകലോകദ്രഷ്ടാവിൽനിന്ന് ഉയർന്നുവരുന്നു. ആ ആചാര്യൻ ദർശനങ്ങൾകൊണ്ടൊരു മാലയുണ്ടാക്കി. ദർശനമാലയിൽനിന്നു മധ്യമണിപോലെ തൂങ്ങിക്കിടക്കുന്ന ആശയം ഇതാണ്-'ഏകമേവാദ്വിതീയം.' ഏകലോകം എന്നത്, കലഹിച്ചു നശിക്കാൻ നിശ്ചയിച്ച മനുഷ്യരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ആ മഹാസത്യത്തിന്റെ മന്ദഹാസമായി ഞാൻ കാണുന്നു.(1964, 83)


(ഇന്ത്യയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment